‘ഗൾഫ് മാധ്യമം’ ലുലു ദം ദം ബിരിയാണി ഗ്രാൻഡ് ഫിനാലെ; നിറഞ്ഞൊഴുകിയ ആഘോഷം
text_fieldsഗൾഫ്മാധ്യമവും മീഫ്രണ്ടും സംയുക്തമായി സംഘടിപ്പിച്ച ബഹ്റൈനിലെ ഏറ്റവും വലിയ ബിരിയാണി പാചക മത്സരമായ ‘ ലുലു ദം ദം ബിരിയാണി കോണ്ടസ്റ്റ്’ ഗ്രാൻഡ് ഫിനാലെയിൽ വിജയിച്ച ഫാത്തിമ ഫഹ്മിദ, ജസീറ നജീബ്, സിജി ബിനു എന്നിവർക്ക് മെമന്റോ കൈമാറിയപ്പോൾ. റിസാൻ ബുള്ള്യൻ കൺട്രി മാനേജർ സിയാദ്, ഗൾഫ് മാധ്യമം ബഹ്‌റൈൻ റസിഡന്റ് മാനേജർ ജലീൽ അബ്ദുള്ള, രക്ഷാധികാരി എം.എം സുബൈർ, അൽമറാഇ ജനറൽ സെയിൽസ് മാനേജർ ജോമോൻ ആൻഡ്രൂസ്, രാജ് കലേഷ്, ആബിദ റഷീദ്, ലുലു ഗ്രൂപ് റീജനൽ ഡയറക്ടർ റിൽസ് മുസ്തഫ, ഗൾഫ് മാധ്യമം ബഹ്‌റൈൻ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ, മിഡിലീസ്റ്റ് മെഡിക്കൽ സെന്റർ മാർക്കറ്റിങ് മാനേജർ ജൂലിയസ്, ഗൾഫ് മാധ്യമം മാർക്കറ്റിങ്
മാനേജർ ഷക്കീബ് എന്നിവർ സമീപം.
മനാമ: ബിരിയാണി രുചിയുടെ പെരുമ പറഞ്ഞും ആട്ടവും പാട്ടും ചിരിയുമായി ബഹ്റൈനിലെ പ്രവാസി മലയാളി സമൂഹത്തിന് വേറിട്ടൊരു പെരുന്നാളനുഭവം സമ്മാനിച്ച് ‘ഗൾഫ് മാധ്യമം ലുലു ദംദം ബിരിയാണി’ ഗ്രാൻഡ് ഫിനാലെ. നേരിയ ചൂടുള്ള കാലാവസ്ഥയെ പോലും വകവെക്കാതെ, സിഞ്ച് ലുലു ഹൈപ്പർമാർക്കറ്റിൽ ഒരുക്കിയ മനോഹരമായ വേദിയിലേക്ക് ആയിരത്തിലേറെ പേരാണ് ഒഴുകിയെത്തിയത്.
ദം ദം ബിരിയാണി ഗ്രാൻഡ് ഫിനാലെ സദസ്സ്
വൈകീട്ട് ആറു മണിയോടെ തന്നെ അന്തരീക്ഷത്തിൽ ബിരിയാണിയുടെ സുഗന്ധം പരന്നു തുടങ്ങിയിരുന്നു. തത്സമയ പാചകംനേരിട്ട് കാണാൻ സാധിച്ചത് കാണികൾക്ക് കൗതുകവും വിസ്മയവുമായി. മേഖലയിലുണ്ടായ സവിശേഷ സാഹചര്യങ്ങൾ കാരണം ചെറിയ പെരുന്നാളിനോടനുബന്ധിച്ച് പൊതുപരിപാടികളൊന്നും സംഘടിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ബലിപെരുന്നാൾ വേളയിൽ പ്രവാസികൾക്കായി ഗൾഫ് മാധ്യമം ഈ ദൃശ്യ-രുചി വിരുന്ന് ഒരുക്കിയത്. കുടുംബങ്ങൾക്കായുള്ള വിനോദ പരിപാടികളും സംഗീത സന്ധ്യയുമെല്ലാമായി നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തിയാണ് ഗ്രാൻഡ് ഫിനാലെ അരങ്ങേറിയത്.
മലബാറിന്റെ പ്രിയപ്പെട്ട ഷെഫ് ആബിദ റഷീദും പ്രശസ്ത അവതാരകൻ കല്ലുവും ചേർന്നാണ് പരിപാടിയിലുടനീളം ഉത്സവപ്രതീതി നിലനിർത്തിയത്. പ്രായോജകരുടെ സ്റ്റാളുകളിൽ ഒരുക്കിയ മത്സരങ്ങളും ആകർഷകമായ സമ്മാനങ്ങളും കാണികൾക്ക് ഏറെ ആവേശം പകർന്നു. വലിയ തിരക്കാണ് ഓരോ സ്റ്റാളുകളിലും അനുഭവപ്പെട്ടത്. പരിപാടി അവസാനിക്കുന്നത് വരെ കാണികളെ വേദിയിൽ കെട്ടിയിടാൻ വൈവിധ്യമാർന്ന കലാപരിപാടികൾക്ക് സാധിച്ചു. രാത്രി 11 ഓടെ ഔദ്യോഗിക സമാപന ചടങ്ങുകൾ ആരംഭിച്ചു.
ഗൾഫ് മാധ്യമം ബഹ്‌റൈൻ രക്ഷാധികാരി എം.എം സുബൈർ, എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ, റസിഡന്റ് മാനേജർ ജലീൽ അബ്ദുല്ല, മാർക്കറ്റിംഗ് മാനേജർ ഷക്കീബ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ലുലു ഗ്രൂപ്പ് റീജ്യനൽ ഡയറക്ടർ റിൽസ് മുസ്തഫ., അൽമറാഇ ജനറൽ സെയിൽസ് മാനേജർ ജോമോൻ ആൻഡ്രൂസ്, റിസാൻ ബുള്ള്യൻ കൺട്രി മാനേജർ സിയാദ്, ഉൾപ്പെടെയുള്ള പ്രമുഖ സ്പോൺസർമാർക്കും സപ്പോർട്ടിംഗ് പാർട്ണർമാർക്കുമുള്ള ഉപഹാരങ്ങൾ വേദിയിൽ വെച്ച് വിതരണം ചെയ്തു. ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകരും വിശിഷ്ട വ്യക്തികളും പരിപാടിയിൽ പങ്കെടുത്തു.
ഫൈനലിൽ മാറ്റുരച്ച മറ്റ് ഏഴു പേർ. 1. ലുബിന ഷഫീഖ് 2. ആബിദ റഫീഖ്, 3.ആൻസി ജോഷി, 4. സലീന റാഫി, 5. സുലേഖ
ശൗക്കത്തലി, 6. ജംസീറ നംഷിദ്, 7. സന്തോഷ് കെ.എൻ
രുചിരാജാവായി ‘തലശ്ശേരി’ ബിരിയാണി
ബഹ്റൈൻ ദം സ്റ്റാർ ഫാത്തിമ ഫഹ്മിദ, ഫസ്റ്റ് റണ്ണറപ്പ് ജസീറ നജീബ്, സെക്കൻഡ് റണ്ണറപ്പ് സിജി ബിനു
മനാമ: ഭക്ഷണവിഭവങ്ങളിലെ രാജാവായ ബിരിയാണിയുടെ യഥാർത്ഥ പ്രശസ്തിയും രുചിക്കൂട്ടും ബഹ്‌റൈൻ മണ്ണിൽ അന്വർഥമാക്കി കണ്ണൂർ തലശ്ശേരി സ്വദേശിനി ഫാത്തിമ ഫഹ്മിദ. കുറഞ്ഞ മസാലയിൽ കൂടുതൽ രുചി വിളമ്പുന്ന തനത് 'തലശ്ശേരി കല്യാണ ബിരിയാണി' തയാറാക്കിയാണ് ഫഹ്മിദ ഫൈനലിൽ കിരീടം ചൂടിയത്.
മത്സരത്തിൽ വിധികർത്താക്കളായ രണ്ടുപേരുടെയും മനസ്സ് ആദ്യ ശ്രമത്തിൽ തന്നെ കീഴടക്കാൻ ഫഹ്മിദയുടെ ബിരിയാണിക്ക് സാധിച്ചു. ഇരുവരും ഒരേസ്വരത്തിൽ ഒന്നാം സ്ഥാനം ഫഹ്മിദക്ക് നൽകിയെന്നത് ആ രുചിവൈഭവത്തിന്റെ ഖ്യാതി കൂട്ടുന്നു. മറ്റ് മത്സരാർത്ഥികളേക്കാൾ ഏറെ മുന്നിലായിരുന്നു ഫഹ്മിദയുടെ ബിരിയാണിയുടെ പെരുമ.
പ്രാഥമിക ഘട്ടത്തിൽ പങ്കെടുത്ത ആയിരത്തോളം പേരിൽ നിന്നാണ് സെമിഫൈനലിലേക്കുള്ള 30 പേരെ തിരഞ്ഞെടുത്തത്. തുടർന്ന് നടന്ന കടുത്ത ഫൈനൽ പോരാട്ടത്തിലെ അവസാന 10 പേരിൽ നിന്നുമാണ് ഫാത്തിമ ഫഹ്മിദ ബഹ്‌റൈനിലെ ആദ്യ ‘ദം ദം ബിരിയാണി സ്റ്റാർ’ എന്ന അഭിമാന നേട്ടത്തിലേക്ക് എത്തിയത്. ഫിറോസാണ് ഫഹ്മിദയുടെ ഭർത്താവ്. മകൻ ഫായിസ് ഹംസയും, ഭാര്യ ഷാനയും ഇവരോടൊപ്പം ബഹ്റൈനിലുണ്ട്. മകൾ ഫർസീന ഫിറോസ് യു.എ.ഇയിലാണ്.
രണ്ടാം സ്ഥാനത്തിന് വടകരയുടെ പെരുമ
ഫൈനൽ പോരാട്ടത്തിൽ രണ്ടാം സ്ഥാനം നേടിയ ബിരിയാണി വടകര ആഴഞ്ചേരി സ്വദേശിനി ജസീറ നജീബിന്‍റേതാണ്. പത്ത് ബിരിയാണികളിൽ രണ്ടാം സ്ഥാനത്തെത്താൻ ജസീറയുടെ ബിരിയാണിയുടെ രുചിക്കായി. നജീബാണ് ജസീറയുടെ ഭർത്താവ്. റബുഉർ റഹ്മാൻ, ആദിൽ നജീബ്, നിസാമുദ്ദീൻ നജീബ് എന്നിവർ മക്കളാണ്.
എറണാംകുളത്ത് നിന്നൊരു മൂന്നാം സ്ഥാനം
ദമ്മിടുന്നതിലും ബിരിയാണിയുടെ രുചിയിലും വൈവിധ്യം കാണിച്ചാണ് എറണാംകുളം വൈറ്റില സ്വദേശിനി സിജി ബിനു സെക്കൻഡ് റണ്ണറപ്പ് പട്ടം കരസ്ഥമാക്കിയത്. ബിരിയാണിയുടെ പെരുമ മലബാറുകാർക്ക് മാത്രം പറയാനുള്ളതല്ല എന്ന് അറിയിച്ചാണ് സിജി മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ബഹ്റൈനിൽ സ്റ്റെൻസിൽ മീഡിയയിൽ ക്രിയേറ്റീവ് ഹെഡ് ആയ ബിനു വേലിയിൽ ആണ് ഭർത്താവ്. മക്കൾ ഐഡൻ ബിനു. മകൾ അമാന ബിനു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

