പ്രവാസിയുടെ ഗൃഹാതുര സ്മരണകൾ യഥാർഥ്യമാക്കിയ ‘ഗൾഫ് മാധ്യമം’
text_fieldsഅനുനിമിഷം ഉണ്ടായിക്കൊണ്ടിരിക്കുന്ന വാർത്തകൾ ‘ബ്രേക്ക്’ ചെയ്യാൻ ദൃശ്യമാധ്യമങ്ങൾ മത്സരിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. ഇത്തരം ഓട്ടപ്പാച്ചിലിൽ വാർത്തകൾ പലപ്പോഴും അസത്യങ്ങളോ അർധസത്യങ്ങളോ അബദ്ധങ്ങളോ ആയിപ്പോവാറുണ്ട് എന്നതാണ് സത്യം. ദൃശ്യമാധ്യമങ്ങളുടെ അതിപ്രസരത്തിൽ മറ്റുപലതിനെയുംപോലെ വാർത്തകൾക്കും മൂല്യച്യുതി വന്നുകൊണ്ടിരിക്കുകയാണ് എന്ന കാര്യത്തിലും തർക്കമില്ല. ഇന്റർനെറ്റിന്റെ അനായാസമായ ലഭ്യതയും മൊബൈൽ ഫോണിന്റെ സാർവത്രികമായ ഉപയോഗവും വാർത്തകളെ ഉള്ളംകൈയിൽ എത്തിച്ചുഎന്നത് സാങ്കേതികവിദ്യകളുടെ അഭൂതപൂർവമായ മുന്നേറ്റത്തിന്റെ സൂചകമാണ്. ഇതൊക്കെയാണെങ്കിലും വാർത്തകളിലെ സൂക്ഷ്മതയും ആധികാരികമായ വിശകലനങ്ങളും പഠനാർഹമായ ലേഖനങ്ങളും ആനുകാലിക വിഷയങ്ങളെ ഇഴകീറി പരിശോധിക്കുന്ന മുഖപ്രസംഗങ്ങളും വായിക്കണമെങ്കിൽ അതിന് പത്രങ്ങൾ തന്നെ വേണം.
ഒരു കാലിച്ചായയും പത്രവായനയും കൊണ്ട് തന്റെ ഒരു ദിവസത്തിന് തുടക്കം കുറിച്ചിരുന്ന മലയാളി പ്രവാസത്തിലേക്ക് ചേക്കേറിയതോടെ ആ ദിനചര്യക്ക് മാറ്റം വരുത്തേണ്ടി വന്നു എന്നത് സാഹചര്യത്തിന്റെ നിർബന്ധം കൊണ്ട് മാത്രമായിരുന്നു. മുൻകാലങ്ങളിൽ രണ്ട് ദിവസമോ അതിലധികമോ താമസിച്ചായിരുന്നു ഇവിടങ്ങളിൽ നാട്ടിലെ മലയാളപത്രങ്ങൾ എത്തിയിരുന്നത്. അതുതന്നെ ഒരു കോപ്പി കിട്ടണമെങ്കിൽ ഇവിടെയുള്ള ഏജന്റുമാരെയോ അല്ലെങ്കിൽ പത്രങ്ങൾ വിൽക്കുന്ന കോൾഡ് സ്റ്റോറുകളെയോ മുൻകൂർ ഏൽപ്പിക്കണമായിരുന്നു. യാത്രാസൗകര്യങ്ങൾ കൂടിവന്നതോടെ പത്രം പിറ്റേദിവസം രാവിലെ കിട്ടാനുള്ള സാഹചര്യം ഉണ്ടായി. രണ്ട് ദിവസമല്ല നാല് ദിവസം കഴിഞ്ഞാലും പത്രം കിട്ടിയേ മതിയാവൂ എന്ന് നിർബന്ധമുള്ള മലയാളിക്ക് അപ്രതീക്ഷിതമായി കിട്ടിയ ഒരു സുവർണാവസരമായിരുന്നു ‘ഗൾഫ് മാധ്യമം’ ദിനപത്രത്തിന്റെ കടന്നുവരവ്.
എല്ലാ ദിവസവും രാവിലെ കാലിച്ചായയോടൊപ്പം പത്രം വായിക്കുന്ന ഗൃഹാതുര സ്മരണകൾ യാഥാർഥ്യമാക്കാൻ ഗൾഫ് മാധ്യമത്തിന് കഴിഞ്ഞുഎന്നത് അഭിമാനിക്കാവുന്ന നേട്ടമാണ്. ഒരു മലയാളപത്രം ബഹ്റൈനിൽ പ്രിന്റ് ചെയ്ത് വിതരണം ചെയ്യാൻ ഗൾഫ് മാധ്യമം അധികാരികൾ കാണിച്ച ധൈര്യവും ദീർഘവീക്ഷണവും എത്ര പ്രശംസിച്ചാലും അധികമാവില്ല.
ദേശീയവും അന്തർദേശീയവുമായ വാർത്തകൾക്കൊപ്പം ഗൾഫ് നാടുകളിലെ വാർത്തകൾക്കും ഗൾഫ് മാധ്യമം ഒരുപോലെ പ്രാധാന്യം നൽകുന്നു എന്നതാണ് ഈ പത്രത്തിന്റെ പ്രത്യേകത. നിരവധി അനവധി മലയാളി കൂട്ടായ്മകളുള്ള ബഹ്റൈനിൽ എല്ലാ സംഘടനകളുടെയും സാമൂഹിക സാംസ്കാരിക ജീവകാരുണ്യപരിപാടികൾ അർഹിക്കുന്ന പ്രാധാന്യത്തോടെ ജനങ്ങളിലേക്കെത്തിക്കാൻ ‘ഗൾഫ് മാധ്യമം’ ശ്രദ്ധ പുലർത്താറുണ്ട്.
പ്രസിദ്ധീകരണം ബഹ്റൈനിൽവെച്ചായതുകൊണ്ടുതന്നെ ബഹ്റൈൻ ഗവൺമെന്റുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട കാര്യങ്ങളും തൊഴിലാളികളും തൊഴിലുടമകളും അറിഞ്ഞിരിക്കേണ്ട നിയമങ്ങളും വ്യവസ്ഥകളും യഥാസമയം വായനക്കാരിലെത്തിക്കാൻ ഗൾഫ് മാധ്യമം ബദ്ധശ്രദ്ധരാണ്. ഇനിയും ഒരുപാട് കാലം മലയാളിയുടെ പ്രഭാതഭേരിയായി തുടരാൻ പത്രത്തിനു കഴിയട്ടെ എന്ന് ആത്മാർഥമായി ആശംസിക്കുന്നു, പ്രാർഥിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

