ഗൾഫ് കപ്പ് ക്രിക്കറ്റ് ഇന്നുമുതൽ; ബഹ്റൈൻ ദേശീയ ടീമിൽ മലയാളി വിദ്യാർഥിയും
text_fieldsമുഹമ്മദ് ബാസിൽ
മനാമ: ദുബൈയിൽ ഇന്ന് തുടങ്ങുന്ന ഗൾഫ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കുന്ന ബഹ്റൈൻ ദേശീയ ടീമിൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥിയും. മലയാളിയും 11ാം ക്ലാസ് വിദ്യാർഥിയുമായ മുഹമ്മദ് ബാസിലാണ് ടീമിൽ ഇടംപിടിച്ചത്. ബഹ്റൈൻ ദേശീയ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരവും 16കാരനായ ബാസിലാണ്. പാലക്കാട് സ്വദേശിയായ ഹകീം പാലക്കാട് -ഷഫ്ന ദമ്പതികളുടെ മകനാണ് മുഹമ്മദ് ബാസിൽ. അണ്ടർ 16 ബഹ്റൈൻ ക്രിക്കറ്റ് ടീമിലും പിന്നീട് അണ്ടർ 19 ടീമിലും മുഹമ്മദ് ബാസിൽ അംഗമായിരുന്നു.
ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ 16 വയസ്സിൽ താഴെയുള്ളവർക്കായുള്ള വെസ്റ്റ് സോൺ കപ്പ് ക്രിക്കറ്റ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ടീമിലും ബഹ്റൈൻ അംഗമായിരുന്നു. ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാനായും ബാസിൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്റർനാഷനൽ ലീഗ് ടി20 (ഐ.എൽ.ടി20) സ്പോൺസർ ചെയ്യുന്ന ഗൾഫ് ക്രിക്കറ്റ് ചാമ്പ്യൻഷിപ് മേഖലയിലെ പ്രമുഖ ടൂർണ മെന്റാണ്. ടൂർണമെന്റിൽ ആറ് രാജ്യങ്ങളുടെ ക്രിക്കറ്റ് ടീമുകളാണ് മാറ്റുരക്കുന്നത്. ടൂർണമെന്റ് ഡിസംബർ 13ന് ആരംഭിച്ച് ഡിസംബർ 21ന് ഫൈനലോടെ അവസാനിക്കും. 2023ൽ ആരംഭിച്ച ചാമ്പ്യൻഷിപ്പിന്റെ രണ്ടാം പതിപ്പാണ് ഇത്തവണ.
മത്സരത്തിനായി ബഹ്റൈൻ ടീം പുറപ്പെടുന്നു
ഒമാനാണ് ആദ്യ ജേതാക്കൾ. കുവൈത്ത്, ഒമാൻ, ഖത്തർ, ബഹ്റൈൻ, സൗദി അറേബ്യ, യു.എ.ഇ ടീമുകൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിൽ എല്ലാ ടീമുകളും പരസ്പരം എറ്റുമുട്ടി ആദ്യ രണ്ട് സ്ഥാനക്കാർ ഫൈനലിലേക്ക് മുന്നേറും. ആദ്യ റൗണ്ട് മത്സരങ്ങൾ ദുബൈ ഐ.സി.സി അക്കാദമി ഗ്രൗണ്ടിലും ഫൈനൽ ദുബൈ ഇന്റർനാഷനൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലുമാണ് നടക്കുക. യു.എ.ഇ- ബഹ്റൈൻ മത്സരമാണ് ആദ്യം. ദുബൈ ഐ.സി.സി അക്കാദമി ഗ്രൗണ്ടിൽ രാവിലെ 10.30നാണ് മത്സരം. രണ്ടാം മത്സരത്തിൽ വൈകീട്ട് മൂന്നിന് കുവൈത്ത് സൗദി അറേബ്യയുമായി ഏറ്റുമുട്ടും. 14ന് ബഹ്റൈൻ കുവൈത്തുമായും 16ന് യു.എ.ഇയുമായും മത്സരിക്കും. മത്സരത്തിനായി ബഹ്റൈൻ ടീം ദുബൈയിലെത്തിയിട്ടുണ്ട്.

