ഗൾഫ് രാജ്യങ്ങൾ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടങ്ങൾ
text_fieldsമനാമ: രാത്രിയിൽ ഒറ്റക്ക് പുറത്തിറങ്ങി നടക്കാൻ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിൽ ഗൾഫ് രാജ്യങ്ങൾ മുൻപന്തിയിലെന്ന് ഗാലപ്പ് പുറത്തിറക്കിയ 2025ലെ ആഗോള സുരക്ഷാ റിപ്പോർട്ട്. ബഹ്റൈൻ ഉൾപ്പെടെ നാല് ഗൾഫ് രാജ്യങ്ങളിലെ 90 ശതമാനത്തിലധികം ആളുകളും രാത്രിയിൽ പുറത്തിറങ്ങുന്നത് സുരക്ഷിതമായി കരുതുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. സൗദി അറേബ്യ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ, യു.എ.ഇ എന്നീ രാജ്യങ്ങൾ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 10 രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടി. ഇതിൽ ഒമാൻ (94 ശതമാനം), സൗദി അറേബ്യ (93 ശതമാനം), ബഹ്റൈൻ, കുവൈത്ത് (91ശതമാനം വീതം), യു.എ.ഇ (90 ശതമാനം) എന്നിങ്ങനെയാണ് രാത്രിയിൽ ഒറ്റക്ക് നടക്കുന്നത് സുരക്ഷിതമാണെന്ന് വിശ്വസിക്കുന്ന ആളുകളുടെ ശതമാനം. ആഗോളതലത്തിൽ 98 ശതമാനവുമായി സിംഗപ്പൂരാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. 'ക്രമസമാധാന' സൂചികയിൽ 100ൽ 91 പോയന്റാണ് ബഹ്റൈൻ നേടിയത്. ലോകത്തിലെ 144 രാജ്യങ്ങളെയും പ്രദേശങ്ങളെയും ഉൾപ്പെടുത്തിയാണ് ഈ റിപ്പോർട്ട് തയാറാക്കിയത്. ക്രമസമാധാന നിലവാരം, പ്രാദേശിക പൊലീസ് സേനയിലുള്ള വിശ്വാസം, മോഷണവും ആക്രമണവും പോലുള്ള വ്യക്തിപരമായ അനുഭവങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഗാലപ്പ് ഈ റിപ്പോർട്ട് തയാറാക്കിയത്. നിയമനിർമാണങ്ങളോടുള്ള ജനങ്ങളുടെ വിശ്വാസം, സുരക്ഷാ സംവിധാനങ്ങൾ, പൊതുജനങ്ങളിൽ ഉയർന്ന സുരക്ഷാബോധം വളർത്തുന്നതിൽ ഭരണകൂടങ്ങൾക്കുള്ള പങ്ക് എന്നിവയാണ് ഗൾഫ് രാജ്യങ്ങളുടെ ഉയർന്ന റാങ്കിങ്ങിന് പിന്നിലെ പ്രധാന ഘടകങ്ങളെന്ന് റിപ്പോർട്ടിൽ പറയുന്നു.
പ്രകടമായ ലിംഗ വ്യത്യാസം
2006ൽ ഗാലപ്പ് ഈ പഠനം തുടങ്ങിയതിനുശേഷം ആദ്യമായി ലോകമെമ്പാടുമുള്ള 73 ശതമാനം ആളുകൾക്ക് തങ്ങൾ താമസിക്കുന്ന സ്ഥലത്ത് രാത്രിയിൽ ഒറ്റക്ക് നടക്കുന്നത് സുരക്ഷിതമായി തോന്നുന്നു. ആഗോളതലത്തിൽ സ്ത്രീകളും പുരുഷന്മാരും തമ്മിൽ സുരക്ഷാബോധത്തിൽ വലിയ വ്യത്യാസം നിലനിൽക്കുന്നു. 67 ശതമാനം സ്ത്രീകൾക്ക് സുരക്ഷിതത്വം അനുഭവപ്പെടുമ്പോൾ 78 ശതമാനം പുരുഷന്മാർ സുരക്ഷിതമായി തോന്നുന്നതായി റിപ്പോർട്ട് പറയുന്നു.
സ്ത്രീകൾക്ക് സുരക്ഷിതത്വം കുറഞ്ഞതായി തോന്നുന്ന 104 രാജ്യങ്ങളിൽ 10 പോയന്റിൽ കൂടുതൽ വ്യത്യാസം രേഖപ്പെടുത്തിയിട്ടുണ്ട്. 33 ശതമാനം ആളുകൾക്ക് മാത്രം സുരക്ഷിതത്വം തോന്നുന്ന ദക്ഷിണാഫ്രിക്കയിലാണ് ലോകത്ത് ഏറ്റവും കുറഞ്ഞ സുരക്ഷാബോധം രേഖപ്പെടുത്തിയത്. ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ പോലും ലിംഗവ്യത്യാസം പ്രകടമാണ്. അമേരിക്കയിൽ 58 ശതമാനം മാത്രമാണ് സ്ത്രീകൾക്ക് സുരക്ഷിതത്വമുള്ളത്. എന്നാൽ 84 ശതമാനം പുരുഷന്മാർ സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

