ഗൾഫ് ബാസ്‌ക്കറ്റ്‌ബോൾ: ബഹ്‌റൈന് വെങ്കലം
text_fieldsബഹ്റൈൻ -കുവൈത്ത് മൽസരത്തിൽനിന്ന്
മനാമ: ഏഷ്യ അണ്ടർ 16 ചാമ്പ്യൻഷിപ്പിനുള്ള ഗൾഫ് ബാസ്‌ക്കറ്റ്‌ബോൾ അസോസിയേഷൻ (ജി.ബി.എ) യോഗ്യതാ മത്സരത്തിൽ ബഹ്‌റൈൻ വെങ്കലം നേടി. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ കുവൈത്തിനെ 75-56 എന്ന സ്‌കോറിനാണ് ബഹ്റൈൻ പരാജയപ്പെടുത്തിയത്. സെമിഫൈനലിൽ ആതിഥേയരായ സൗദി അറേബ്യയോടാണ് ബഹ്റൈൻ പരാജയപ്പെട്ടത്.
ബഹ്‌റൈൻ നിരയിലെ അഞ്ച് താരങ്ങൾ രണ്ടക്കം കടന്നു. 16 പോയിന്റുമായി ഡാനിയൽ മൂസ ഒന്നാമതെത്തി. ഹസൻ ജമീല 14, അലി അൽതോക്ക് 13,ഹുസൈൻ അൽസമഹീജി 12, മുജ്തബ റയാൻ 11 എന്നിങ്ങനെ പോയന്റുകൾ നേടി. സൗഫിയാൻ മ്രാബെറ്റാണ് ബഹ്റൈൻ പരിശീലകൻ.
ജി.ബി.എ ഫൈനലിൽ കടന്ന സൗദിയും ഖത്തറും മാത്രമാണ് ഏഷ്യ അണ്ടർ 16 ചാമ്പ്യൻഷിപ്പിന് യോഗ്യത ഉറപ്പാക്കിയിരിക്കുന്നത്. ഏഷ്യ അണ്ടർ 16 ചാമ്പ്യൻഷിപ്പിൽ ബഹ്‌റൈൻ മുമ്പ് നാല് തവണ കളിച്ചിട്ടുണ്ട്. 2009, 2013, 2015, 2022 വർഷങ്ങളിൽ ബഹ്റൈൻ യോഗ്യത നേടിയിരുന്നു. 2013-ൽ ടെഹ്‌റാനിൽ നടന്ന മത്സരത്തിൽ എട്ടാം സ്ഥാനത്തെത്തിയതാണ് ബഹ്‌റൈൻ ടീമിന്റെ മികച്ച നേട്ടം.