ബോയിങ് കമ്പനിയുമായി കരാറൊപ്പിട്ട് ഗൾഫ് എയർ
text_fieldsഗൾഫ് എയർ ഗ്രൂപ് ചെയർമാൻ ഖാലിദ് താഖിയും ബോയിങ് സി.ഇ.ഒ സ്റ്റെഫാനി പോപ്പും കരാറൊപ്പിടുന്നു
മനാമ: അമേരിക്കയിലെ ബോയിങ് കമ്പനിയുമായി കരാറൊപ്പിട്ട് ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ.18 ബോയിങ് 787 ഡ്രീംലൈനർ വിമാനങ്ങൾ വാങ്ങുന്നതിനായി 4.6 ബില്യൺ ഡോളറിന്റെ കരാറിലാണ് ഇരുവരും ഒപ്പുവെച്ചത്. ഗൾഫ് എയറിന്റെ വിമാനങ്ങൾ ആധുനീകരിക്കുന്നതിനും റൂട്ട് ശൃംഖല വികസിപ്പിക്കുന്നതിനുമുള്ള എയർലൈനിന്റെ ദീർഘകാല ശ്രമങ്ങളാണ് കരാറിലൂടെ സാധ്യമാക്കിയിരിക്കുന്നത്. ഇത് ഗൾഫ് എയറിന്റെ പ്രവർത്തനക്ഷമതയും സുസ്ഥിരതയും വർധിപ്പിക്കുകയും യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുകയും ചെയ്യും. എയ്റോസ്പേസിൽനിന്ന് 36 വിമാന എൻജിനുകൾക്കായും കരാറൊപ്പിട്ടിട്ടുണ്ട്.
യു.എസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്കിന്റെയും ബഹ്റൈൻ ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രിയും മുംതലകത്ത് ഹോൾഡിങ് കമ്പനി (മുംതലകത്ത്) ബോർഡ് ചെയർമാനുമായ ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയുടെയും സാന്നിധ്യത്തിൽ ഗൾഫ് എയർ ഗ്രൂപ് ചെയർമാൻ ഖാലിദ് താഖിയും ബോയിങ് കമേഴ്സ്യൽ എയർപ്ലെയിന്റ്സ് പ്രസിഡന്റും സി.ഇ.ഒയുമായ സ്റ്റെഫാനി പോപ്പും ചേർന്നാണ് ഈ കരാറിൽ ഒപ്പുവെച്ചത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ യു.എസ് സന്ദർശനവേളയിലാണിത്.
ജനപ്രിയമായ 787 ഡ്രീംലൈനർ വിമാനങ്ങൾ സ്വന്തമാക്കുന്നത് ഗൾഫ് എയറിന്റെ വളർച്ചക്കും വികസനത്തിനുമുള്ള തങ്ങളുടെ നിരന്തരമായ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നെന്ന് ഗൾഫ് എയർ ഗ്രൂപ് ചെയർമാൻ ഖാലിദ് ഹുസൈൻ താഖി പറഞ്ഞു. ഇത് യാഥാർഥ്യമാകുന്നതിലൂടെ യാത്രക്കാരുടെ ശേഷി 20 ശതമാനത്തിലധികം വർധിക്കും.
ഇന്ധനക്ഷമത, പാരിസ്ഥിതിക സുസ്ഥിരത, യാത്രക്കാരുടെ സൗകര്യം എന്നിവയോടുള്ള എയർലൈനിന്റെ പ്രതിബദ്ധതയെ ഈ കരാറിലൂടെ പിന്തുണക്കുകയാണ്. കൂടാതെ ബഹ്റൈൻ-യു.എസ് വ്യോമയാന ബന്ധത്തിന്റെ ശക്തിയും ഇത് പ്രതിഫലിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്റൈനിൽ വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ, ഓവർഹോൾ പ്രവർത്തനങ്ങൾ പ്രാദേശികവത്കരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിന് ഗൾഫ് എയറും ബോയിങ്ങും മറ്റൊരു ധാരണപത്രത്തിലും ഒപ്പുവെച്ചു.
വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു, ബഹ്റൈന്റെ യു.എസിലെ അംബാസഡർ ശൈഖ് അബ്ദുല്ല ബിൻ റാശിദ് ആൽ ഖലീഫ, മുംതലകത്ത് ചീഫ് എക്സിക്യൂട്ടിവ് ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽ ഖലീഫ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

