രാജ്യത്തിന്റെ ജി.ഡി.പിയിൽ വളർച്ച
text_fieldsമനാമ: ബഹ്റൈനിൽ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജി.ഡി.പി) മുൻ വർഷത്തേക്കാൾ 2.6 ശതമാനത്തിന്റെ വർധന. ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി പുറത്തിറക്കിയ 2024ലെ പ്രാഥമിക ദേശീയ സാമ്പത്തിക വിവരങ്ങൾ പ്രകാരമാണ് വർധന കണക്കാക്കിയത്. ആഗോള എണ്ണവിലയിലെ അസ്ഥിരതയും ഉൽപാദന വെട്ടിക്കുറവും കാരണം എണ്ണമേഖലയിലെ വരുമാനത്തിൽ കുറവ് വന്നപ്പോൾ എണ്ണയിതര മേഖല 3.8 ശതമാനത്തിന്റെ വളർച്ച കൈവരിച്ചു. സമഗ്രമായ സാമ്പത്തിക വികസനം കൈവരിക്കാൻ ബഹ്റൈൻ സർക്കാർ സുപ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ പ്രതിഫലനമാണിത്.
2024 ൽ ജി.ഡി.പിയുടെ 86 ശതമാനമാണ് എണ്ണയിതര മേഖലകളിൽനിന്ന് മാത്രം സംഭാവന ചെയ്തത്. എണ്ണയിതര ജി.ഡി.പിയിൽ ഏറ്റവും വലിയ സംഭാവന നൽകുന്നത് സാമ്പത്തിക, ഇൻഷുറൻസ് മേഖലകളാണ്. രാജ്യത്തെ മിക്ക സാമ്പത്തിക മേഖലകളും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഡിജിറ്റൽ മുന്നേറ്റങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ മേഖല 12.3 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. പ്രഫഷനൽ ശാസ്ത്ര, സാങ്കേതിക പ്രവർത്തന മേഖല 9.5 ശതമാനത്തിന്റെ വളർച്ച കൈവരിച്ചപ്പോൾ താമസ ഭക്ഷ്യ സേവനങ്ങൾ 5.9 ശതമാനം വളർച്ച നേടി. ഗതാഗത, സംഭരണ മേഖല 4.9 ശതമാനവും നിർമാണ മേഖല 4.5 ശതമാനവുമാണ് വളർന്നത്.
ഓരോ വർഷവും ബഹ്റൈന്റെ ജി.ഡി.പി രണ്ട് ശതമാനവും വീതം വർധിക്കുന്നുണ്ട്. കൂടാതെ, ആഗോള തലത്തിൽ ശ്രദ്ധേയമായ റാങ്കിങ്ങാണ് ബഹ്റൈൻ നേടുന്നത്. മിൽക്കൺ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗ്ലേബൽ ഓപർച്യൂണിറ്റീസ് ഇൻഡക്സ് 2025ലെ ബിസിനസ് പെർസെപ്ഷൻ ഇൻഡിക്കേറ്ററിൽ അറബ് ലോകത്ത് ഒന്നാം സ്ഥാനത്താണ് ബഹ്റൈൻ. ഇസ്ലാമിക് കോർപറേഷൻ ഫോർ ദ പ്രൈവറ്റ് സെക്ടറും ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചും 2024ൽ പ്രസിദ്ധീകരിച്ച ഇസ്ലാമിക് ഫിനാൻസ് ഡെവലപ്മെന്റ് റിപ്പോർട്ടിൽ ആഗോളതലത്തിൽ ഏഴാം സ്ഥാനത്തെത്താനും രാജ്യത്തിനായിട്ടുണ്ട്. കൂടാതെ, ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിന്റെ (ഐ.എം.ഡി) വേൾഡ് കോംപിറ്റിറ്റീവ്നെസ് സെന്റർ പുറത്തിറക്കിയ സ്മാർട്ട് സിറ്റി പട്ടികയിൽ മനാമ ഉൾപ്പെട്ടിരുന്നു. 146 നഗരങ്ങളിൽനിന്ന് 36ാം സ്ഥാനത്തായിരുന്നു മനാമയുടെ സ്ഥാനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.