ശമ്പളമില്ല; തൊഴിലാളികൾ തെരുവിലിറങ്ങി
text_fieldsമനാമ: ജി.പി.സെഡിലെ തൊഴിലാളികൾ ശമ്പള കുടിശ്ശികയുടെ പേരിൽ വീണ്ടും പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇന്നലെ ഏതാണ്ട് 80ഒാളം പേരാണ് അൽ ഇസ്തിഖ്ലാൽ ഹൈവെയിൽ സംഘടിച്ചിറങ്ങിയത്. കഴിഞ്ഞ അഞ്ചുമാസമായി തങ്ങൾക്ക് ശമ്പളം ലഭിച്ചില്ലെന്ന് തൊഴിലാളികൾ ആരോപിച്ചു.ശമ്പളം ഉടൻ ലഭിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. തൊഴിലാളികൾക്കൊപ്പം പൊലീസ് പട്രോൾ ജീപ്പുമുണ്ടായിരുന്നു. ഗതാഗതം സ്തംഭിക്കുന്ന അവസ്ഥയുണ്ടാകരുതെന്ന് പൊലീസ് നിർദേശം നൽകി.
ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും സാമൂഹിക പ്രവർത്തകരും സ്ഥലത്തെത്തി തൊഴിലാളികളുമായി സംസാരിച്ചു. ശമ്പളകുടിശ്ശികയുടെ പേരിൽ കഴിഞ്ഞ നിരവധി മാസങ്ങളായി ജി.പി.സെഡ് തൊഴിലാളികൾ പ്രക്ഷോഭ പാതയിലാണ്. ഇതിനിടെ കരാറുകൾ പൂർത്തിയാക്കിയ വകയിൽ സർക്കാറിൽ നിന്ന് 500,000 ദിനാർ ലഭിച്ച ശേഷം കമ്പനി പലർക്കും പണം നൽകിയിരുന്നു. ശമ്പളവും ആനുകൂല്യവും ലഭിച്ച പലരും നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. പ്രതിഷേധിച്ച തൊഴിലാളികളിൽ നിന്ന് അഞ്ചുപേർ ചർച്ചക്കായി മന്ത്രാലയത്തിലേക്ക് പോയ ശേഷം ഉച്ചയോടെയാണ് ഇവർ പിരിഞ്ഞത്.
അതിനിടെ, കഴിഞ്ഞ ദിവസം ‘മെർക്കുറി മിഡിൽ ഇൗസ്റ്റ്’ കമ്പനിയിലെ 15 തൊഴിലാളികളും ഇൗസ ടൗണിലെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ഒാഫിസിന് പുറത്ത് പ്രതിഷേധവുമായി സംഘടിച്ചു. തങ്ങൾക്ക് ആറുമാസമായി ശമ്പളം കിട്ടിയിട്ടില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. ഇവിടെ 300ഒാളം തൊഴിലാളികൾക്ക് ശമ്പള കുടിശ്ശിക ലഭിക്കാനുണ്ടെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഏതാനും ദിവസങ്ങൾക്ക് മുമ്പും ഇവർ ശമ്പള പ്രശ്നത്തിൽ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. പല തൊഴിലാളികളും ശമ്പളം മുടങ്ങിയതിനാൽ നിത്യചെലവിനും മറ്റും കഷ്ടപ്പെടുകയാണ്. ചിലർ വായ്പ തിരിച്ചടവ് മുടങ്ങിയതിനാൽ നിയമനടപടിയും നേരിടേണ്ടി വരുന്നുണ്ട്. ബഹ്റൈൻ, ഇൗജിപ്ത്, ഇന്ത്യ, പാകിസ്താൻ, ഫിലിപ്പീൻസ് സ്വദേശികളായ സാധാരണ തൊഴിലാളികൾ മുതൽ എഞ്ചിനിയർമാർ വരെ ശമ്പളം മുടങ്ങിയവരിൽ പെടും. തങ്ങൾ കരാർ േജാലി പൂർത്തിയാക്കിയ രണ്ട് പ്രധാന കമ്പനികളിൽ നിന്ന് പണം ലഭിക്കാത്തതാണ് ശമ്പളം മുടങ്ങാൻ കാരണമെന്നാണ് ‘മെർക്കുറി മിഡിൽ ഇൗസ്റ്റ്’ അധികൃതർ പറയുന്നത്.
ശമ്പളം മുടങ്ങിയതിനാൽ ചില തൊഴിലാളികൾ കടുത്ത ദുരിതത്തിലാണെന്നും വൈദ്യുതി ബിൽ പോലും അടക്കാനുള്ള സാഹചര്യമില്ലാത്തതിനാൽ അവരുടെ താമസസ്ഥലത്തുനിന്ന് വൈദ്യുതി വിഛേദിച്ച അവസ്ഥയാണെന്നും കമ്പനിയിലെ െതാഴിലാളി യൂനിയൻ പ്രസിഡൻറ് യൂസഫ് ബിൻ ഇബ്രാഹിം പ്രാദേശിക പത്രത്തോട് പറഞ്ഞു.പ്രവാസികൾ പലരും സുഹൃത്തുക്കളുടെ താമസ സ്ഥലത്തെത്തിയാണ് ഭക്ഷണം കഴിക്കുന്നത്.
ബഹ്റൈനികളും പ്രതിസന്ധിയിലാണ്. പലരും കടംവാങ്ങിയാണ് ചെലവിനുള്ള തുക കണ്ടെത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്പനിയിലെ പലരും മറ്റുജോലികൾ തെരഞ്ഞ് തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
