സർക്കാർ സ്കൂളുകളിൽ സ്പെഷലിസ്റ്റ് കായിക പരിശീലകരെ നിയമിക്കണം
text_fieldsചൊവ്വാഴ്ച പാർലമെന്റിൽ ചർച്ചചെയ്യും
മനാമ: രാജ്യത്തെ എല്ലാ സർക്കാർ സ്കൂളുകളിലും സ്പെഷലിസ്റ്റ് കായിക പരിശീലകരെ നിയമിക്കണമെന്ന നിർദേശം വരാനിരിക്കുന്ന ചൊവ്വാഴ്ച പാർലമെന്റ് ചർച്ച ചെയ്യും. പാർലമെന്ററി സർവിസസ് കമ്മിറ്റിയുടെ ഏകകണ്ഠമായ പിന്തുണ ലഭിച്ച ഈ നിർദേശത്തിന്മേൽ അന്നേദിവസം വോട്ടെടുപ്പും നടക്കും.
എം.പിമാരായ ഡോ. മഹ്ദി അൽ ശുവൈഖ്, അബ്ദുന്നബി സൽമാൻ, മംദൂഹ് അൽ സാലിഹ്, ഹസൻ ഇബ്രാഹീം, ഡോ. ഹിശാം അൽ അശിരി എന്നിവരാണ് ഈ നിർദേശം സമർപ്പിച്ചത്. കായിക പ്രതിഭകളെ കണ്ടെത്തുക, പ്രത്യേക പരിശീലനം നൽകി അവരുടെ കഴിവുകൾ മെച്ചപ്പെടുത്തുക എന്നിവയാണ് ഈ നിർദേശംകൊണ്ട് ലക്ഷ്യമിടുന്നത്.
‘‘സ്പെഷലിസ്റ്റ് കോച്ചുമാരുടെ സാന്നിധ്യം കായിക പ്രതിഭകളായ വിദ്യാർഥികളെ വളർത്തിയെടുക്കുന്നതിനും അവരുടെ കഴിവുകളെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും സഹായിക്കും’’ -ഡോ. മഹ്ദി അൽ ശുവൈഖ് എം.പി പറഞ്ഞു.
നിർദേശത്തെ പൊതുവെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, നിലവിലെ സംവിധാനങ്ങൾ മതിയായതാണെന്ന നിലപാടാണ് വിദ്യാഭ്യാസ മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. നിലവിലുള്ള കായിക അധ്യാപകരും സ്കൂൾതല മത്സരങ്ങളും വഴി പ്രതിഭകളെ വാർത്തെടുക്കുന്നുണ്ടെന്നും 2024ലെ ഇന്റർനാഷനൽ സ്കൂൾ ഗെയിംസിൽ ബഹ്റൈൻ നേടിയ 66 മെഡലുകൾ നേടിയെന്നും അറബ് രാജ്യങ്ങളിൽ നാലാം സ്ഥാനത്തും ആഗോളതലത്തിൽ 13ാം സ്ഥാനത്തും ബഹ്റൈൻ എത്തിനിൽക്കുന്നുവെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ പാർലമെന്റ് ആവശ്യപ്പെടുന്ന കൂടുതൽ വിശദീകരണങ്ങൾ നൽകാൻ തയാറാണെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

