Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാർക്കിങ് തർക്കങ്ങൾ രൂക്ഷം:പരിഹരിക്കാൻ നടപടികളുമായി സർക്കാർ

text_fields
bookmark_border
പാർപ്പിട മേഖലകളിൽ പാർക്കിങ് സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന നിർദേശത്തിന് അംഗീകാരം
പാർക്കിങ് തർക്കങ്ങൾ രൂക്ഷം:പരിഹരിക്കാൻ നടപടികളുമായി സർക്കാർ
cancel

മനാമ: രാജ്യത്തെ ജനസാന്ദ്രതയേറിയ പാർപ്പിട മേഖലകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലി അയൽവാസികൾ തമ്മിലുള്ള തർക്കങ്ങൾ വർദ്ധിച്ചുവരുന്നതായി പാർലമെന്റ് അംഗം ബാസിമ മുബാറക് മുന്നറിയിപ്പ് നൽകി. കുടുംബങ്ങളിലെ അംഗങ്ങളുടെ എണ്ണം കൂടുന്നതും വാഹനങ്ങളുടെ വർദ്ധനവുമാണ് പാർക്കിംഗ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. പൊലീസിന് മുന്നിൽ ഇത്തരം പരാതികളെത്തുന്നത് അധികരിച്ചിട്ടുണ്ടെന്നും എ.പി പറഞ്ഞു.

പാർപ്പിട മേഖലകളിൽ കൂടുതൽ പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ സമർപ്പിച്ച നിർദ്ദേശത്തിന് പാർലമെന്റ് അംഗീകാരം നൽകി. ഉപയോഗശൂന്യമായി കിടക്കുന്ന വിജനമായ സ്ഥലങ്ങളിൽ ബഹുനില പാർക്കിംഗ് സമുച്ചയങ്ങൾ നിർമ്മിക്കണമെന്നായിരുന്നു എം.പിയുടെ പ്രധാന നിർദ്ദേശം. എം.പിയുടെ നിർദ്ദേശത്തിന് മറുപടിയായി വിശദമായ റിപ്പോർട്ടാണ് സർക്കാർ പാർലമെന്റിൽ സമർപ്പിച്ചത്.

റോഡ് വികസന പദ്ധതികളുടെ ഭാഗമായി രാജ്യത്തുടനീളം ഇതിനകം രണ്ടായിരത്തഞ്ഞൂറിലധികം പൊതു പാർക്കിംഗ് സ്ഥലങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. കൂടാതെ പാർക്കിംഗിനായി സർക്കാർ ഉടമസ്ഥതയിലുള്ള 88 പുതിയ സ്ഥലങ്ങൾ കണ്ടെത്തി ഭൂമി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. മനാമ, ജനാബിയ, അവാലി, അബു സൈബ, സമാഹീജ് എന്നീ പ്രദേശങ്ങളിലും പാർക്കിംഗിനായി പ്രത്യേക സ്ഥലങ്ങൾ മാറ്റിവെച്ചിട്ടുണ്ട്.

നിർദ്ദിഷ്ട മുഹറഖ് നഗര വികസന പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ പ്രദേശവാസികൾക്കും സന്ദർശകർക്കുമായി കൂടുതൽ പാർക്കിംഗ് സൗകര്യങ്ങൾ ഉൾപ്പെടുത്തി പഠനം നടന്നു വരികയാണെന്നും സർക്കാർ അറിയിച്ചു. അതേസമയം വിജനമായ സ്ഥലങ്ങളിൽ ബഹുനില പാർക്കിംഗ് സമുച്ചയങ്ങൾ നിർമ്മിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളും സർക്കാർ ചൂണ്ടിക്കാട്ടി. പഴയതും ഇടുങ്ങിയതുമായ തെരുവുകളുള്ള പ്രദേശങ്ങളിൽ ഇത്തരം കെട്ടിടങ്ങൾ പണിയുന്നത് പ്രായോഗികമല്ല. വാഹനങ്ങൾക്ക് സുരക്ഷിതമായി കയറാനും ഇറങ്ങാനുമുള്ള റാമ്പുകൾക്കും വീതിയുള്ള റോഡുകൾക്കും ആവശ്യത്തിന് സ്ഥലമില്ലാതെ ബഹുനില പാർക്കിംഗുകൾ പണിതാൽ അത് പ്രദേശത്ത് വലിയ ഗതാഗതക്കുരുക്കിന് വഴിവെക്കും.

പഴയ പാർപ്പിട മേഖലകളിലെ മിക്ക പ്ലോട്ടുകളും ഇത്തരം മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് ബഹുനില പാർക്കിംഗ് സാധ്യമാകാത്തതെന്നും, എങ്കിലും അനുയോജ്യമായ സ്ഥലങ്ങളിൽ കൂടുതൽ സാധാരണ പാർക്കിംഗ് ഇടങ്ങൾ ഒരുക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും സർക്കാർ വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Government Implements Measures to Tackle Worsening Parking Issues
Next Story