സർക്കാർ ജീവനക്കാരുടെ ശമ്പളം അടിയന്തിരമായി വർധിപ്പിക്കണം; പ്രമേയം അവതരിപ്പിച്ച് എം.പി ജലാൽ കാദം അൽ മഹ്ഫൂദ്
text_fieldsഎം.പി ജലാൽ കാദം അൽ മഹ്ഫൂദ്
മനാമ: സർക്കാർ ജീവനക്കാരുടെ ശമ്പളം അടിയന്തിരമായി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റ് അംഗം. എം.പി ജലാൽ കാദം അൽ മഹ്ഫൂദ് ആണ് ആവശ്യമുന്നയിച്ച് പ്രമേയം അവതരിപ്പിച്ചത്. വർധിച്ചു വരുന്ന ജീവിതച്ചെലവും ശമ്പള വർധനവിലെ സ്തംഭനവും ബഹ്റൈനിലെ കുടുംബങ്ങളുടെ ക്രയവിക്രയ ശേഷി വൻതോതിൽ കുറച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏകദേശം 14 വർഷം മുൻപാണ് സർക്കാർ ജീവനക്കാർക്ക് അവസാനമായി ശമ്പളം വർധിപ്പിച്ചത്. അതിനു ശേഷം വാറ്റ് നടപ്പാക്കുകയും പണപ്പെരുപ്പം വർധിക്കുകയും സാധനങ്ങളുടെ വില കുത്തനെ ഉയരുകയും ചെയ്തിരുന്നു. ഇത് സാധാരണ കുടുംബങ്ങളുടെ സാമ്പത്തിക ഭാരം വർധിപ്പിച്ചതായും എം.പി. അഭിപ്രായപ്പെട്ടു.
തന്റെ നിർദേശം നിലവിലെ സാമ്പത്തിക യാഥാർത്ഥ്യങ്ങൾക്കനുസരിച്ച് ശമ്പള സ്കെയിലുകൾ ക്രമീകരിച്ച് കുടുംബങ്ങളുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ ലക്ഷ്യമിടുന്നുവെന്ന് അൽ മഹ്ഫൂദ് വിശദീകരിച്ചു. ശമ്പള വർധനവ് കുടുംബങ്ങളുടെ സാമ്പത്തിക സമ്മർദ്ദം കുറയ്ക്കുക മാത്രമല്ല, രാജ്യത്തിന്റെ സാമ്പത്തിക പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് പൗരന്മാരുടെ ക്രയവിക്രയ ശേഷി വർദ്ധിപ്പിക്കുകയും പ്രാദേശിക വിപണിയെ ഉത്തേജിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുജനങ്ങളുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളുമായി പാർലമെന്റ് മുന്നോട്ട് പോകുമെന്നും, കാലതാമസം കൂടാതെ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ കാലതാമസം വരുത്തുന്നത് ഉചിതമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവശ്യവസ്തുക്കളുടെയും ഭവനങ്ങളുടെയും സേവനങ്ങളുടെയും വർദ്ധിച്ചുവരുന്ന വിലയെക്കുറിച്ച് പൗരന്മാരിൽ നിന്ന് എംപിമാർക്ക് കൂടുതൽ പരാതികൾ ലഭിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രമേയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

