50 വയസ്സ് കഴിഞ്ഞ സർക്കാർ ജീവനക്കാർക്ക് ജോലി സമയം കുറയും
text_fieldsമനാമ: ബഹ്റൈനിലെ 50 വയസ്സും അതിന് മുകളിലും പ്രായമുള്ള സിവിൽ സർവിസ് ജീവനക്കാർക്ക് ആശ്വാസകരമായ തീരുമാനവുമായി പാർലമെന്റ്. ജോലി സമയം ദിവസം മൂന്ന് മണിക്കൂർവരെ കുറക്കാനും വാർഷിക അവധി 45 ദിവസം വരെയായി വർധിപ്പിക്കാനുമുള്ള കരടുനിയമത്തിന് പാർലമെന്റ് ഇന്നലെ അംഗീകാരം നൽകി. സർക്കാറിന്റെ ചില എതിർപ്പുകൾക്കിടയിലും പാസാക്കിയ ഈ ബിൽ ഇനി ശൂറ കൗൺസിലിന്റെ പരിഗണനക്ക് അയക്കും.
50 വയസ്സുള്ളവർക്ക് ജോലി സമയത്തിൽ ഒരു മണിക്കൂർ, 55 വയസ്സ് പ്രായമായവർക്ക് രണ്ട് മണിക്കൂർ, 60 വയസ്സ് മുതലുള്ളവർക്ക് മൂന്ന് മണിക്കൂർ എന്നിങ്ങനെ ജോലി സമയം കുറക്കാനാണ് തീരുമാനം.പ്രായമാകുന്തോറും ജോലി സമയവും അവധി ദിവസങ്ങളിലും ഇളവ് നൽകിക്കൊണ്ട് 2010ലെ 48ാം നമ്പർ സിവിൽ സർവിസ് നിയമത്തിലാണ് പാർലമെന്റ് ഭേദഗതി വരുത്തുന്നത്.വാർഷിക അവധി വർധനയിൽ 50 വയസ്സിന് താഴെയുള്ളവർക്ക് നിലവിലുള്ള 30 പ്രവൃത്തി ദിവസങ്ങൾ തുടരും. 50 വയസ്സായവർക്ക് 35 പ്രവൃത്തി ദിവസങ്ങൾ, 55 വയസ്സായ വയോജനങ്ങൾക്ക് 40, 60 വയസ്സ്: 45 പ്രവൃത്തി ദിവസങ്ങൾ എന്നിങ്ങനെ മാറ്റങ്ങൾ വരുത്തും.
ഈ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ സർക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും ഒരേ തസ്തികയിലും ശമ്പളത്തിലും ജോലി ചെയ്യുന്ന ജീവനക്കാർക്കിടയിൽ പ്രായത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യാസം കാണിക്കുന്നത് ശരിയല്ലെന്നും ജോലി സമയം കുറയുന്നത് പൊതുജന സേവനങ്ങളെ ബാധിക്കുമെന്നും പ്രത്യേകിച്ച് ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ഇത് പ്രതിസന്ധിയുണ്ടാക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി.
പൊതുമേഖലയും സ്വകാര്യമേഖലയും തമ്മിലുള്ള പ്രവൃത്തി സമയത്തിലെ വ്യത്യാസം ഇത് വർധിപ്പിക്കുമെന്നും സിവിൽ സർവിസ് ബ്യൂറോയും നിരീക്ഷിച്ചിട്ടുണ്ട്. എന്നാൽ, മുതിർന്ന ജീവനക്കാരുടെ ആരോഗ്യവും സേവനവും പരിഗണിച്ച് അവർക്ക് അർഹമായ വിശ്രമം നൽകണമെന്ന നിലപാടിലാണ് പാർലമെന്റ് ഈ ബില്ലുമായി മുന്നോട്ട് പോകുന്നത്.
കുറഞ്ഞ വരുമാനക്കാർക്ക് ആശ്വാസം; ജീവിതച്ചെലവ് അലവൻസ് വർധിപ്പിക്കും
മനാമ: ബഹ്റൈനിലെ സാധാരണക്കാരായ പൗരന്മാരുടെ ജീവിതനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ, കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്കുള്ള സാമ്പത്തിക സഹായം വർധിപ്പിക്കാൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉത്തരവിട്ടു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിന്റെ രാജകീയ നിർദേശങ്ങൾക്കനുസൃതമായി പുറപ്പെടുവിച്ച ഈ ഉത്തരവ് 2026 ജനുവരി മുതൽ പ്രാബല്യത്തിൽവരും.
സാമൂഹിക ക്ഷേമ പദ്ധതികൾ ശക്തിപ്പെടുത്തുന്നതിനും പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും സർക്കാർ നൽകുന്ന മുൻഗണനയുടെ ഭാഗമായാണ് ഈ നടപടി.
സാമൂഹിക വികസന മന്ത്രാലയം പുറപ്പെടുവിച്ച പുതിയ മാനദണ്ഡങ്ങൾ പ്രകാരം കുടുംബനാഥന്റെ മാസവരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ആനുകൂല്യം വർധിപ്പിച്ചിരിക്കുന്നത്.
300 ബഹ്റൈൻ ദീനാറിൽ താഴെ വരുമാനക്കാർക്ക് 130 ദീനാർ, 301 മുതൽ 700 ദീനാർ വരെ വരുമാനമുള്ളവർക്ക് 97 ദീനാർ, 701 മുതൽ 1,000 ദീനാർ വരെ 75 ദീനാർ എന്നിങ്ങനെയാണ് പുതുക്കിയ അലവൻസ്. ഈ തുക വിതരണം ചെയ്യുന്നതിനായി ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കാൻ സാമൂഹിക വികസന മന്ത്രാലയത്തിന് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

