ഭരണ നിർവഹണ, സാമ്പത്തികഓഡിറ്റ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചു
text_fieldsമനാമ: ഭരണനിർവഹണ, സാമ്പത്തിക ഓഡിറ്റ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. നിയമലംഘനങ്ങളും സാമ്പത്തിക അച്ചടക്ക ലംഘനങ്ങളും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പല സർക്കാർ ആശുപത്രി കെട്ടിടങ്ങളിലും സുരക്ഷ ഉപകരണങ്ങളും തീപിടിത്തം അറിയിക്കുന്നതിനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തുന്നതിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. സുരക്ഷയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ എല്ലാ കെട്ടിടങ്ങളിലും ഏർപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നതായി ഗവൺമെന്റ് ഹോസ്പിറ്റൽസ് വിഭാഗം അറിയിച്ചു.
60 കഴിഞ്ഞവർക്കുള്ള സർക്കാർ ഫീസുകൾക്ക് 50 ശതമാനം ഇളവ് നൽകുന്നതിൽ കഴിഞ്ഞ 10 വർഷമായി സാമൂഹിക ക്ഷേമകാര്യ മന്ത്രാലയം വീഴ്ച വരുത്തിയതായി ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കി.
ഫീസ് കുറച്ചു കൊടുക്കാത്ത സർക്കാർ ഏജൻസികൾക്ക് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയതായി സാമൂഹിക ക്ഷേമകാര്യ മന്ത്രാലയം അറിയിച്ചു.
വികലാംഗരുടെ അലവൻസിനുള്ള അപേക്ഷകൾ കഴിഞ്ഞ മൂന്ന് വർഷമായി സ്വീകരിക്കുന്നില്ലെന്നും കണ്ടെത്തി.
ജൂലൈ മുതൽ ഇക്കാര്യത്തിൽ വികലാംഗർക്കാവശ്യമായ ഉചിത ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനെകുറിച്ച് വിശദപഠനം ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു. ഇലക്ട്രോണിക് രേഖകളുടെ കൃത്യമായ മേൽനോട്ടമില്ലെന്നും വിലാസങ്ങളില്ലാത്ത 1414 ഡിജിറ്റൽ റെക്കോഡുകൾ വാണിജ്യ, വ്യവസായ മന്ത്രാലയത്തിൽ കണ്ടെത്തിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. നിബന്ധനകൾ പൂർത്തീകരിക്കാത്ത രേഖകൾ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
വിലപിടിപ്പുള്ള ആഭരണങ്ങൾ കസ്റ്റംസ് പരിശോധന പരിധികളിൽ വന്നില്ലെന്ന് റിപ്പോർട്ടിലുണ്ട്. ഈ വർഷം മുതൽ പരിശോധന നടത്തുന്ന വസ്തുക്കളുടെ കൂട്ടത്തിൽ ഇവ ഉൾപ്പെടുത്തുമെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം മറുപടി നൽകി.
2020 മുതൽ ഭൂഗർഭ ജല കിണറുകളുടെ സ്ഥല പരിശോധന നിർത്തിവെച്ചതായി കണ്ടെത്തി. പരിശോധനക്കാവശ്യമായ മനുഷ്യവിഭവ ശേഷി കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് മുനിസിപ്പൽ, കാർഷിക മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

