You are here
ഗോപിക്ക് ഒൗട്ട്പാസ് ലഭിച്ചു; 38 വർഷത്തിനുശേഷം നാട്ടിേലക്ക് വഴി തെളിയുന്നു
മനാമ: കഴിഞ്ഞ 38 വർഷമായി നാട്ടിൽ പോകാതെ, വിസയോ പാസ്പോർേട്ടാ ഇല്ലാതെ ബഹ്റൈനിൽ കഴിഞ്ഞ തൃശൂർ ഗുരുവായൂർ സ്വദേശി ഗോപിക്ക് (63) നാട്ടിൽ പോകാൻ വഴി തെളിയുന്നു. ഗോപിയുടെ അപേക്ഷയിൽ ബഹ്റൈനിലെ ഇന്ത്യൻ എംബസി ചൊവ്വാഴ്ച ഒൗട്ട് പാസ് അനുവദിച്ചതോടെയാണിത്. ഇനി എമിഗ്രേഷൻ ഡിപ്പാർട്മെൻറിൽ നടപടികൾ പൂർത്തീകരിച്ചാൽ നാട്ടിേലക്ക് പോകാം. ഇതിനായി സാമൂഹിക പ്രവർത്തകൻ അഷ്കർ പൂഴിത്തലയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
രോഗവും ശാരീരിക പ്രശ്നങ്ങളും കാരണം അവശനായിരുന്ന ഗോപി, ഗുരുവായൂർ സ്വദേശി റഫീഖ്, നിലമ്പൂർ സ്വദേശി ഷെഫീഖ് എന്നിവരുടെ കാരുണ്യത്തിലാണ് അവരുടെ ഷെയറിങ് റൂമിൽ കഴിഞ്ഞുവന്നത്. ഇവർ മാധ്യമങ്ങളെ അറിയിച്ചതിനെ തുടർന്നാണ് ഗോപിയുടെ ദുരിതജീവിതം മാധ്യമങ്ങളിലൂടെ പുറംലോകം അറിഞ്ഞത്. 1979 ലായിരുന്നു ഗോപി 23ാം വയസ്സിൽ പെയിൻറിങ് ജോലിക്കാരനായി ബഹ്റൈനിൽ എത്തിയത്. തുടർന്ന് 1981ൽ മൂന്നുമാസത്തെ ലീവിൽ നാട്ടിൽപോയി വന്നു.
തുടർന്ന് കുറച്ചുകാലം കഴിഞ്ഞപ്പോൾ ജോലി ചെയ്തിരുന്ന കമ്പനി അടച്ചു പൂട്ടി. ഇതിനെത്തുടർന്ന് സാമ്പത്തികമില്ലാത്തതിനാൽ യഥാസമയം വിസ പുതുക്കാൻ കഴിയാതെ വന്നപ്പോഴാണ് ജീവിതം ദുരിതമയമായത്. തുടർന്ന് അന്നത്തിനും താമസത്തിനുമായി കിട്ടുന്ന ജോലികൾ ചെയ്തുവന്നു. ഇതിനിടയിൽ മാതാവ് മരിച്ച വാർത്തയെത്തി. ഇൗ സമയത്ത് നാട്ടിൽ പോകണമെന്നുള്ള ആഗ്രഹവുമായി പലരോടും കരുണ യാചിച്ച് നടന്നു. വിസയുടെ കാലാവധി കഴിഞ്ഞതിനാൽ അതും നടന്നില്ല.
നാട്ടിലേക്കുള്ള യാത്ര നടക്കാതെ വന്നതോടെ വിവാഹവും നടന്നില്ല. തുടർന്ന് വിഷാദവുമായി പതിറ്റാണ്ടുകൾ പോയതറിയാതെ ജീവിതം തുടരുകയായിരുന്നു. അഞ്ചു വർഷംമുമ്പ് ജോലിക്കിടെ ഉണ്ടായ അപകടത്തിൽ കാൽ ഒടിയുകയും മുൻവരിയിലെ പല്ലുകൾ നഷ്ടപ്പെടുകയും ചെയ്തതിനെത്തുടർന്ന് മൂന്നു മാസത്തോളം ആശുപത്രിയിൽ കഴിയുകയും ചെയ്തു.
ഒൗട്ട് പാസ് അനുവദിച്ചതിനെ തുടർന്ന് എത്രയുംവേഗം നാട്ടിലേക്ക് പോകണമെന്നാണ് ആഗ്രഹം. നാട്ടിലേക്ക് പോകാനുള്ള വിമാനടിക്കറ്റും ഒരുപെട്ടി നിറയെ സമ്മാനങ്ങളും നൽകുമെന്ന് അദ്ലിയയിലെ ക്ഷേത്ര ഫാഷൻ ഷോപ് ഉടമ ദേവൻ അറിയിച്ചിട്ടുണ്ട്. നാട്ടിലെത്തുന്ന േഗാപിയെ വരവേൽക്കാൻ കൂടപ്പിറപ്പുകളും കാത്തിരിക്കുകയാണ്.