ഗോൾഡൻ പാസ് എൽ.എൻ.ജി പ്ലാന്റ്; ഖത്തർ എനർജി കയറ്റുമതി ആരംഭിച്ചു
text_fieldsദോഹ: അമേരിക്കയിലെ ഖത്തർ എനർജിയുടെ നിക്ഷേപ പദ്ധതിയായ ഗോൾഡൻ പാസ് എൽ.എൻ.ജി പ്ലാന്റിൽ നിന്ന് ആദ്യത്തെ എൽ.എൻ.ജി കയറ്റുമതി ആരംഭിച്ചു. 1,74,000 ക്യൂബിക് മീറ്റർ എൽ.എൻ.ജിയുയമായി ഖത്തർ എനർജിയുടെ 'അൽ ഖെയ്യ' കപ്പൽ പുറപ്പെട്ടു. കഴിഞ്ഞ മാർച്ച് അവസാനത്തിൽ ഗോൾഡൻ പാസ് എൽ.എൻ.ജി പ്ലാന്റിലെ മൂന്ന് ഉൽപാദന യൂണിറ്റുകളിൽ ആദ്യത്തേതിൽ നിന്നുള്ള ഉൽപാദനം ആരംഭിക്കുകയും സുസ്ഥിരമായ പ്രവർത്തനം ഉറപ്പാക്കുകയും ചെയ്തിരുന്നു.
ഖത്തർ എനർജിയും എക്സോൺ മൊബീലും സംയുക്തമായി ആരംഭിച്ച പദ്ധതി ടെക്സാസിലെ സബിൻ പാസിലാണ് സ്ഥിതി ചെയ്യുന്നത്. ഖത്തർ എനർജിക്ക് 70 ശതമാനവും എക്സോൺ മൊബീലിന് 30 ശതമാനവുമാണ് പങ്കാളിത്തമുള്ളത്.
പ്ലാന്റിലെ രണ്ടാമത്തെ യൂണിറ്റ് 2026 സെപ്റ്റംബറിലും, മൂന്നാമത്തെ യൂണിറ്റ് 2027 ആദ്യത്തിലും പ്രവർത്തന സജ്ജമാകുമെന്നാണ് കരുതുന്നത്. മൂന്ന് യൂണിറ്റുകളും ചേർന്ന് പ്ലാന്റ് പൂർണമായി സജ്ജമാകുന്നതോടെ പ്രതിവർഷം 18 ദശലക്ഷം ടൺ എൽ.എൻ.ജി ഉൽപാദനമാണ് ഗോൾഡൻ പാസ് പ്ലാന്റിൽ നിന്ന് പ്രതീക്ഷിക്കുന്നത്. ഇതിൽ 70 ശതമാനവും ഖത്തർ എനർജി ട്രേഡിങ് വഴി വിപണനം ചെയ്യും.
ഗോൾഡൻ പാസ് പ്ലാന്റിൽനിന്നുള്ള ആദ്യത്തെ എൽ.എൻ.ജി കയറ്റുമതി പ്രവർത്തനങ്ങളിൽ ഖത്തർ ഊർജ സഹമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ സഅദ് ബിൻ ഷെരിദ അൽ കഅബി സന്തോഷം രേഖപ്പെടുത്തി. ഇതൊരു സുപ്രധാന നാഴികക്കല്ലാണെന്നും, വർധിച്ചുവരുന്ന എൽ.എൻ.ജി ആവശ്യങ്ങളെ നിറവേറ്റാനും അന്താരാഷ്ട്ര വിപണിയിൽ സുസ്ഥിരമായ ഊർജ വിതരണം ഉറപ്പാക്കാനും പദ്ധതി സഹായിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

