സ്വർണക്കടത്ത്; ബഹ്റൈനിൽ നിന്നെത്തിയ ഇന്ത്യക്കാർ ഡൽഹി വിമാനത്താവളത്തിൽ പിടിയിൽ
text_fieldsമനാമ: ബഹ്റൈനിൽനിന്ന് ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ രണ്ട് ഇന്ത്യൻ യാത്രക്കാരിൽനിന്ന് കസ്റ്റംസ് സ്വർണം പിടികൂടി.
ട്രോളി ബാഗിന്റെ മെറ്റൽ ലൈനിങ്ങിനുള്ളിൽ ഒളിപ്പിച്ചനിലയിൽ സ്വർണം കടത്താൻ ശ്രമിക്കുകയായിരുന്നു ഇവർ. ഏകദേശം 1.4 കോടി രൂപ വിലമതിക്കുന്ന 1.9 കിലോഗ്രാം സ്വർണമാണ് പിടികൂടിയതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.
38 വയസ്സുള്ള ഒരു പുരുഷനും 34 വയസ്സുള്ള ഒരു സ്ത്രീയുമാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ എത്തിയ ഇവരുടെ ലഗേജുകൾ പരിശോധിച്ചപ്പോൾ 1948 ഗ്രാം ഭാരമുള്ള 24 കാരറ്റ് സ്വർണം നിറച്ച വെള്ളി നിറത്തിലുള്ള 19 കമ്പികൾ കണ്ടെടുത്തതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ട്രോളി ബാഗുകളിൽ ഒളിപ്പിച്ച ലോഹക്കമ്പികളുടെ വിഡിയോയും കസ്റ്റംസ് പുറത്തുവിട്ടു. വെള്ളിനിറത്തിലുള്ള കോട്ടിങ് ഉരച്ച് പരിശോധിച്ചപ്പോൾ സ്വർണമാണെന്ന് കണ്ടെത്തി. രണ്ടു യാത്രക്കാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

