അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക ലക്ഷ്യം; സഹകരണ കരാറിൽ ഒപ്പുവെച്ച് ജനറൽ സ്പോർട്സ് അതോറിറ്റി
text_fieldsമനാമ: സ്പോർട്സ് അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ജനറൽ സ്പോർട്സ് അതോറിറ്റി (ജി.എസ്.എ) മുനിസിപ്പാലിറ്റീസ് ആൻഡ് അഗ്രികൾചർ മന്ത്രാലയവുമായി സഹകരണ കരാറിൽ ഒപ്പുവെച്ചു. എസ്.സി.വൈ.എസ് ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജി.എസ്.എ പ്രസിഡന്റും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയും മുനിസിപ്പാലിറ്റീസ് ആൻഡ് അഗ്രികൾചർ മന്ത്രി വഈൽ ബിൻ നാസർ അൽ മുബാറക്കുമാണ് കരാറിൽ ഒപ്പുവെച്ചത്. ജി.എസ്.എ വൈസ് പ്രസിഡന്റ് ശൈഖ് സൽമാൻ ബിൻ മുഹമ്മദ് ആൽ ഖലീഫ, ജി.എസ്.എ സി.ഇ.ഒ ഡോ. അബ്ദുർറഹ്മാൻ അസ്കർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
കരാർ പ്രകാരം, ടുബ്ലിയിലെ കോംപ്രിഹെൻസിവ് മുനിസിപ്പൽ സെന്ററിലെ ഫുട്ബാൾ മൈതാനം വികസിപ്പിക്കും. കൂടാതെ, സൂഖ് അൽ ഷാബിക്ക് സമീപമുള്ള മുനിസിപ്പൽ ഹാൾ ജി.എസ്.എയുടെ കായിക സൗകര്യങ്ങളുടെ ശൃംഖലയിൽ ഉൾപ്പെടുത്തും. കായികതാരങ്ങൾക്കും പൊതുസമൂഹത്തിനും സുരക്ഷിതവും പ്രചോദനാത്മകവുമായ അന്തരീക്ഷം ഒരുക്കുക, സൗകര്യങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുക, ഉപയോഗം വിപുലീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയുള്ള സംയോജിത സൗകര്യ പദ്ധതിയുടെ ഭാഗമാണിത്.
ഈ പങ്കാളിത്തം ദേശീയ കായിക വികസനം മുന്നോട്ടുകൊണ്ടുപോകാനുള്ള പൊതുവായ പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ശൈഖ് ഖാലിദ് പറഞ്ഞു.സുസ്ഥിരവും സംയോജിതവുമായ കായിക അടിസ്ഥാന സൗകര്യങ്ങൾ പ്രതിഭകളെ വളർത്തുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ബഹ്റൈന്റെ സാമ്പത്തിക വികസന ലക്ഷ്യങ്ങളെ പിന്തുണക്കുന്നതിനും നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

