ബഹ്റൈൻ കായികദിനം ആഘോഷമാക്കി ജനറൽ സ്പോർട്സ് അതോറിറ്റി
text_fields1 )ബഹ്റൈൻ കായിക ദിനാഘോഷത്തിനായി മുഹറഖിലെ സമാ ബേ പാർക്കിലെത്തിയ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ 2) മാരത്തണിന് സ്റ്റാർട്ടിങ് അറിയിപ്പ് നൽകുന്ന ശൈഖ് ഖാലിദ്
മനാമ: ബഹ്റൈൻ കായികദിനം ആഘോഷമാക്കി ജനറൽ സ്പോർട്സ് അതോറിറ്റി (ജി.എസ്.എ). മുഹറഖിലെ സമാ ബേ പാർക്കിൽ ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി ചെയർമാനും യുവജന, കായിക സുപ്രീം കൗൺസിൽ ഒന്നാം വൈസ് ചെയർമാനും ജനറൽ സ്പോർട് അതോറിറ്റി ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ നടന്ന ആഘേഷ പരിപാടികൾ വ്യത്യസ്ത കായികയിന മത്സരങ്ങളോടെ പ്രൗഢമാക്കി.
30ലധികം കായികയിനങ്ങളിലായി വിവിധ മത്സരങ്ങൾ, മാരത്തൺ, ഒബ്സ്റ്റക്കിൾ ചലഞ്ച്, ക്രോസ്ഫിറ്റ് ചാമ്പ്യൻഷിപ്, ഇ-സ്പോർട്സ്, സൈക്ലിങ് ടൂർ എന്നിവയിലുൾപ്പെടെ മത്സരാർഥികൾ മാറ്റുരച്ചു.കൂടാതെ വിനോദ പരിപാടികൾ, സംഗീതവേദികൾ, ഫുഡ് കോർട്ടുകൾ, ഇൻട്രാക്ടീവ് വേദികൾ എന്നിവയും കായികദിന ആഘോഷപരിപാടികൾക്ക് മാറ്റേകി.
സമൂഹത്തിൽ കായിക വിനോദത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നതും ജനങ്ങളുടെ നിത്യജീവിതത്തിൽ കായികത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്താനുമുള്ള ഒരു ദേശീയ പരിപാടിയായി ഇതിനകം ബഹ്റൈൻ കായികദിനം മാറിയിട്ടുണ്ടെന്ന് ശൈഖ് ഖാലിദ് പറഞ്ഞു. വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുന്നതിലൂടെ രാജ്യത്തെ സാമൂഹിക ഐക്യം പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കായികദിനത്തിൽ പകുതിദിന അവധി നൽകി മന്ത്രാലങ്ങളിലെയും മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് കായികദിന ആഘോഷങ്ങളിൽ പങ്കെടുക്കാനുള്ള അവസരമുണ്ടാക്കിയ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയോട് ശൈഖ് ഖാലിദ് നന്ദി പറഞ്ഞു. പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും ജീവനക്കാർ, മറ്റു പൗരന്മാർ, താമസക്കാർ എന്നിവരുടെ പിന്തുണക്ക് അഭിനന്ദനമറിയിച്ച അദ്ദേഹം പരിപാടി ഒരു കായിക സംസ്കാരം രൂപപ്പെടുത്തുന്നതിൽ വിജയിച്ചതായും പറഞ്ഞു.
കായികദിനത്തിലൂടെ എല്ലാ പ്രായക്കാർക്കും കായിക വിനോദങ്ങളിൽ ഏർപ്പെടാൻ കഴിയുന്ന ഒരു സമഗ്രകായികാന്തരീക്ഷം പ്രദാനം ചെയ്യുന്നതിൽ രാജ്യത്തിന്റെ പ്രതിബദ്ധതയെ ശൈഖ് ഖാലിദ് വിവരിച്ചു. കായികമേഖലയെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇത്തരം പരിപാടികൾ നിലനിർത്തേണ്ടതിന്റെയും വികസിപ്പിക്കേണ്ടതിന്റെയും പ്രാധാന്യവും ശൈഖ് ഖാലിദ് ബിൻ ഹമദ് ചൂണ്ടിക്കാട്ടി. പരിപാടിയുടെ സംഘാടകർ, പരിപാടിയിൽ പങ്കെടുത്തവർ, പിന്തുണച്ച സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവർക്കും കായികദിനത്തിൽ അദ്ദേഹം നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

