ഫലസ്തീനിലെ മനുഷ്യാവകാശ ലംഘനം; രൂക്ഷവിമർശനവുമായി ജി.സി.സി
text_fieldsമനാമ: ജനീവയിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിന്റെ 62-ാമത് സമ്മേളനത്തിൽ, ജി.സി.സി രാജ്യങ്ങൾക്ക് വേണ്ടി ബഹ്‌റൈൻ പ്രതിനിധി അംബാസഡർ അബ്ദുല്ല ലത്തീഫ് അബ്ദുല്ല നിർണ്ണായക പ്രസ്താവന നടത്തി. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ വാർഷിക റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിലാണ് അദ്ദേഹം ജി.സി.സിയുടെ നിലപാടുകൾ വ്യക്തമാക്കിയത്. ഫലസ്തീൻ ജനതയ്‌ക്കെതിരെ തുടരുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളെ യോഗത്തിൽ ശക്തമായി അപലപിച്ചു. അടിയന്തര വെടിനിർത്തൽ നടപ്പിലാക്കണമെന്നും, സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കണമെന്നും, തടസ്സങ്ങളില്ലാതെ മാനുഷിക സഹായങ്ങൾ ലഭ്യമാക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിൽ നടക്കുന്ന ലംഘനങ്ങൾക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൂടാതെ, ബഹ്‌റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളെ ജി.സി.സി കടുത്ത ഭാഷയിൽ അപലപിച്ചു. ഇത് രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും നഗ്നമായ ലംഘനവുമാണെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടി.
പ്രതിസന്ധികൾ പരിഹരിക്കുന്നതിനും അന്താരാഷ്ട്ര തലത്തിൽ സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിനും പരസ്പരമുള്ള സംഭാഷണങ്ങളും, അന്താരാഷ്ട്ര സഹകരണവും, തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കേണ്ടതിന്റെ പ്രാധാന്യവും ബഹ്‌റൈൻ ഊന്നിപ്പറഞ്ഞു. എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തെയും അഖണ്ഡതയെയും മാനിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ആഗോള മനുഷ്യാവകാശ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനും ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും സ്വതന്ത്രവും നിഷ്പക്ഷവുമാക്കുന്നതിനും ആവശ്യമായ എല്ലാ പിന്തുണയും ജി.സി.സി തുടർന്നും നൽകുമെന്ന് അംബാസഡർ അബ്ദുല്ല ലത്തീഫ് അബ്ദുല്ല ഉറപ്പിച്ചു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

