ജി.സി.സി റെയിൽവേ പദ്ധതി; പുരോഗതി വിലയിരുത്തി വിദഗ്ദ സംഘം
text_fieldsജി.സി.സി റെയിൽവേ അതോറിറ്റി സംഘടിപ്പിച്ച യോഗത്തിൽ ബഹ്റൈനും പങ്കെടുത്തു
മനാമ: ജി.സി.സി റെയിൽവേ പദ്ധതിയുടെ 2026ലെ ഒന്നാം പാദത്തിലെ പുരോഗതി വിലയിരുത്തുന്നതിനും പദ്ധതി വേഗത്തിലാക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യുന്നതിനുമായി ചേർന്ന ലെയ്‌സൺ ഓഫീസർമാരുടെ യോഗത്തിൽ ബഹ്‌റൈൻ പങ്കെടുത്തു. ജി.സി.സി അംഗരാജ്യങ്ങൾക്കിടയിലുള്ള തന്ത്രപ്രധാനമായ സംയുക്ത അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ മുൻപോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായി ജി.സി.സി റെയിൽവേ അതോറിറ്റിയാണ് ഈ വെർച്വൽ യോഗം സംഘടിപ്പിച്ചത്. ബഹ്‌റൈൻ ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിലെ കരഗതാഗത-തപാൽ വകുപ്പ് അണ്ടർസെക്രട്ടറി ഫാത്തിമ അബ്ദുല്ല അൽ ദഈൻ ആണ് യോഗത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ചത്. ഗൾഫ് രാജ്യങ്ങൾക്കിടയിലുള്ള സാമ്പത്തികവും ചരക്ക് നീക്കവുമായ ആവശ്യങ്ങൾക്ക് ജി.സി.സി റെയിൽവേ പദ്ധതി വലിയ പങ്ക് വഹിക്കുമെന്ന് അവർ പറഞ്ഞു. സുസ്ഥിരമായ ഗതാഗത സംവിധാനങ്ങൾ ഉറപ്പാക്കുന്നതിലൂടെ മേഖലയിലെ യാത്രക്കാരുടെ സഞ്ചാരവും ചരക്ക് നീക്കവും കൂടുതൽ സുഗമമാകുമെന്നും അവർ കൂട്ടിച്ചേർത്തു.
മേഖലയിലെ വെല്ലുവിളികളെ മറികടക്കുന്നതിനും പദ്ധതിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും സംയുക്തമായ പ്രാദേശിക ശ്രമങ്ങൾ ആവശ്യമാണെന്ന് അണ്ടർസെക്രട്ടറി ഊന്നിപ്പറഞ്ഞു. സഹോദര ഗൾഫ് രാജ്യങ്ങളുമായുള്ള ഏകോപനം വർദ്ധിപ്പിക്കുന്നതിനും വൈദഗ്ധ്യം കൈമാറുന്നതിനും ബഹ്‌റൈൻ പ്രതിജ്ഞാബദ്ധമാണെന്നും അവർ വ്യക്തമാക്കി.
പദ്ധതിയുടെ പ്രവർത്തനം വേഗത്തിലാക്കുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു. അംഗരാജ്യങ്ങൾക്കിടയിലുള്ള ഗതാഗത-ലോജിസ്റ്റിക്സ് സംവിധാനങ്ങളുടെ സംയോജനത്തിനും പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്കും ഈ പദ്ധതിയോടുള്ള ബഹ്‌റൈന്റെ പിന്തുണ തുടരുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

