ഗൾഫ് സുരക്ഷക്ക് ചർച്ചകളിൽ ജി.സി.സി പങ്കാളിത്തം അനിവാര്യം- ബഹ്റൈൻ വിദേശകാര്യ മന്ത്രി
text_fieldsമനാമ: ഗൾഫ് മേഖലയുടെ സുരക്ഷ ഉറപ്പാക്കുന്നത് ജി.സി.സി രാജ്യങ്ങളെ കൂടി പങ്കാളികളാക്കിക്കൊണ്ടായിരിക്കണമെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് ആൽ സയാനി വ്യക്തമാക്കി. ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയവും ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസും (ഐ.ഐ.എസ്.എസ്) സംയുക്തമായി സംഘടിപ്പിച്ച 22-ാമത് മേഖല സുരക്ഷാ ഉച്ചകോടിയായ ‘മനാമ ഡയലോഗ് 2026’ലെ അവസാന ദിവസം ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മേഖലയിലെ നിലവിലെ സുരക്ഷാ വെല്ലുവിളികളെക്കുറിച്ചും നയതന്ത്ര നീക്കങ്ങളെക്കുറിച്ചും അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
പ്രധാന തീരുമാനങ്ങൾ മറ്റു കേന്ദ്രങ്ങളിൽ എടുക്കുകയും പേരിനുമാത്രം ചർച്ചകളിൽ ഇടം നൽകുകയും ചെയ്യുന്നതിൽ അർത്ഥമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മേഖലയിലെ സംഘർഷങ്ങൾ കുറയ്ക്കുന്നതിനും സുസ്ഥിര സമാധാനം ഉറപ്പാക്കുന്നതിനും ബന്ധപ്പെട്ട രാജ്യങ്ങളെ നേരിട്ട് പങ്കാളികളാക്കുകയാണ് ബഹ്റൈന്റെ നയതന്ത്ര സമീപനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജി.സി.സി രാജ്യങ്ങളും ജോർദാനും 7,000-ഓളം മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നേരിട്ടതായി വിദേശകാര്യ മന്ത്രി വ്യക്തമാക്കി. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, വിവര സാങ്കേതിക കേന്ദ്രങ്ങൾ തുടങ്ങിയ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളാണ് ലക്ഷ്യമിട്ടത്. കടൽ, ആകാശം, വിവര സാങ്കേതിക ശൃംഖല എന്നിവ കടുത്ത സമ്മർദ്ദം നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസങ്ങളിലായി നടന്ന ഉച്ചകോടിയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദേശകാര്യ- പ്രതിരോധ മന്ത്രിമാർ, മുതിർന്ന രാഷ്ട്രീയ, സൈനിക, സുരക്ഷാ ഉദ്യോഗസ്ഥർ, നയതന്ത്രജ്ഞർ എന്നിവർ പങ്കെടുത്തു. ‘മിഡിൽ ഈസ്റ്റ് സുരക്ഷ: താല്പര്യങ്ങൾ, സഹകരണം, സംയോജനം’ എന്ന പ്രമേയത്തിലായിരുന്നു ഇത്തവണത്തെ സമ്മേളനം.

