ജി.സി.സി കൗൺസിൽ മന്ത്രിതലയോഗം: ബഹ്റൈനെ പ്രതിനിധാനം ചെയ്ത് പങ്കെടുത്ത് വിദേശകാര്യ മന്ത്രി
text_fieldsമക്കയിൽ ചേർന്ന ജി.സി.സി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്ത നേതാക്കൾ
മനാമ: സൗദിയിലെ മക്കയിൽ ചേർന്ന ജി.സി.സി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ 163ാമത് യോഗത്തിൽ പങ്കെടുത്ത് ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി. കുവൈത്ത് വിദേശകാര്യ മന്ത്രിയും ജി.സി.സി മന്ത്രിതലസമിതി ചെയർമാനുമായ അബ്ദുല്ല അൽയഹ്യയുടെ നേതൃത്വത്തിലായിരുന്നു യോഗം. ഫലസ്തീനികളെ അവരുടെ രാജ്യത്തുനിന്ന് കുടിയിറക്കാനുള്ള ഏതൊരു ശ്രമത്തെയും ഭീഷണിയെയും തള്ളിക്കളയുന്നുവെന്ന നിലപാട് ആവർത്തിച്ചാണ് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) മന്ത്രിതല യോഗം അവസാനിച്ചത്.
ഗസ്സ മുനമ്പിലെയും അതിന്റെ ചുറ്റുപാടുകളിലെയും സഹോദരങ്ങളായ ഫലസ്തീൻ ജനതക്കൊപ്പം നിലകൊള്ളുമെന്ന് യോഗം വ്യക്തമാക്കി. ഗസ്സ മുനമ്പിൽ ഏർപ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കുക, ഫലസ്തീൻ ജനതയുടെ ദുരിതങ്ങൾ ലഘൂകരിക്കുക, ഗസ്സ നിവാസികൾക്ക് മാനുഷികവും ദുരിതാശ്വാസ സഹായവും അടിസ്ഥാന ആവശ്യങ്ങളും സുരക്ഷിതമായി ലഭ്യമാക്കുക, സിവിലിയന്മാരെ സംരക്ഷിക്കുക, അവരെ ലക്ഷ്യംവെക്കുന്നതിൽനിന്ന് വിട്ടുനിൽക്കുക, ഒരു വിവേചനവും കാട്ടാതെ അന്താരാഷ്ട്ര കരാറുകളും പ്രമേയങ്ങളും പാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിക്കുന്ന അന്തിമ പ്രസ്താവനയും യോഗാനന്തരം പുറത്തുവിട്ടു.
മാർച്ച് നാലിന് കൈറോയിൽ നടന്ന അസാധാരണ അറബ് ഉച്ചകോടിയുടെ (ഫലസ്തീൻ ഉച്ചകോടി) ഫലങ്ങളെ മന്ത്രിതല സമിതി പ്രശംസിച്ചു. ഫലസ്തീൻ ജനതക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ലംഘനങ്ങൾ അവരുടെ വ്യക്തിത്വത്തിനും അവകാശങ്ങൾക്കും വ്യക്തമായ ഭീഷണിയാണെന്ന് അറബ്, ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി പറഞ്ഞു. ഇത് തീർത്തും നിരസിക്കുന്നു. സുരക്ഷയും സ്ഥിരതയും തകർക്കുന്ന ഈ ലംഘനങ്ങൾ അവസാനിപ്പിക്കാനും അതിെൻറ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും അന്താരാഷ്ട്ര സമൂഹത്തോട് അദ്ദേഹം ആഹ്വാനം ചെയ്തു.
സിറിയയുടെ സുരക്ഷക്കും സ്ഥിരതക്കും പ്രാദേശിക അഖണ്ഡതക്കും പിന്തുണ നൽകുന്ന ജി.സി.സി രാജ്യങ്ങളുടെ നിലപാട് ഊന്നിപ്പറയുകയും ചെയ്തു. മന്ത്രിതല, സാങ്കേതിക സമിതികളും ജനറൽ സെക്രട്ടേറിയറ്റും സമർപ്പിച്ച മെമ്മോറാണ്ടങ്ങളും റിപ്പോർട്ടുകളും മേഖലയിൽ നടക്കുന്ന ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും ജി.സി.സി രാജ്യങ്ങളും ആഗോള രാജ്യങ്ങളും തമ്മിലുള്ള സംഭാഷണങ്ങളും ബന്ധപ്പെട്ട വിഷയങ്ങളും യോഗം ചർച്ച ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.