ഗസ്സ വെടിനിർത്തൽ; അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് മന്ത്രിസഭ
text_fieldsകിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ നടന്ന കാബിനറ്റ് യോഗം
മനാമ: ഗസ്സയിൽ തുടരുന്ന ഇസ്രായേൽ ആക്രമണം നിർത്താൻ യു.എൻ പാസാക്കിയ പ്രമേയം അംഗീകരിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് മന്ത്രിസഭ യോഗം ആവശ്യപ്പെട്ടു. 120ലധികം രാഷ്ട്രങ്ങളുടെ പിന്തുണയോടെയാണ് വെടിനിർത്തുന്നതിനും ഫലസ്തീനിൽ സമാധാനം സ്ഥാപിക്കുന്നതിനുമുള്ള പ്രമേയം യു.എൻ അംഗീകരിച്ചത്. അക്രമങ്ങൾ എത്രയും വേഗം അവസാനിപ്പിക്കാനും സിവിലിയന്മാർക്ക് സുരക്ഷ നൽകാനും കഴിയേണ്ടതുണ്ട്.
ഗസ്സയിലെ ജനങ്ങൾക്ക് മാനുഷിക സഹായം എത്തിക്കുന്നതിനും യുദ്ധക്കെടുതി അനുഭവിക്കുന്നവർക്കാവശ്യമായ അവശ്യവസ്തുക്കൾ ലഭ്യമാക്കുന്നതിനും നടപടികൾ വേഗത്തിലാക്കണമെന്നും മന്ത്രിസഭ ആവശ്യപ്പെട്ടു. ഖുദ്സ് കേന്ദ്രമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപവത്കരിക്കണമെന്ന ബഹ്റൈൻ നിലപാടും കാബിനറ്റ് ആവർത്തിച്ചു.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ യു.എ.ഇ സന്ദർശനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മന്ത്രിസഭ ചർച്ച ചെയ്തു. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഏവർക്കും ബഹ്റൈൻ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് കാബിനറ്റ് നന്ദി രേഖപ്പെടുത്തി. 2023 ജനുവരി മുതൽ സെപ്റ്റംബർ വരെ അനുവദിച്ച കെട്ടിടാനുമതിയിൽ മുൻ വർഷത്തെ സമാന കാലയളവിലേതിനേക്കാൾ 2.76 ശതമാനം വർധനയുണ്ടായതായി മുനിസിപ്പൽ, കാർഷിക മന്ത്രി അറിയിച്ചു.
ബിൽഡിങ് പെർമിറ്റുകൾ വഴിയുള്ള വിസ്തീർണത്തിൽ 43.2 ശതമാനം വർധനയുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. നാറ്റോ രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ അഞ്ചാമത് സമ്മേളനത്തിൽ പങ്കെടുത്തതിന്റെയും ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഫോറത്തിൽ പങ്കാളികളായതിന്റെയും ജി.സി.സി സംയുക്ത പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കരാറുകൾ നടപ്പാക്കുന്നതിനുമുള്ള മന്ത്രിതല സമിതിയുടെ 24ാമത് യോഗത്തിൽ പങ്കെടുത്തതിന്റെയും ജി.സി.സി ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രിമാരുടെ ഒമ്പതാമത് സമ്മേളനത്തിൽ പങ്കെടുത്തതിന്റെയും വാണിജ്യ, വ്യവസായ മന്ത്രിയുടെ ചൈന സന്ദർശനത്തെക്കുറിച്ചും റിപ്പോർട്ടുകൾ യോഗത്തിൽ അവതരിപ്പിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം.
ഗസ്സയിലേക്കുള്ള രണ്ടാംഘട്ട സഹായം എത്തിച്ചു
മനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശപ്രകാരം റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന് കീഴിലാരംഭിച്ച ‘ഗസ്സയെ സഹായിക്കൂ’ പദ്ധതി പ്രകാരം സംഭരിച്ച വസ്തുക്കൾ രണ്ടാം ഘട്ട സഹായമെന്ന നിലക്ക് ഈജിപ്തിലെത്തിച്ചു. ഈജിപ്ത് റെഡ് ക്രസന്റ് വഴി ഫലസ്തീൻ റെഡ് ക്രസന്റിന് സഹായം കൈമാറുകയും ഗസ്സയിൽ പ്രയാസമനുഭവിക്കുന്നവർക്ക് എത്തിക്കുകയും ചെയ്യും. പദ്ധതിയുമായി സഹകരിച്ച മുഴുവനാളുകൾക്കും ആർ.എച്ച്.എഫ് സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അസ്സയ്യിദ് നന്ദി പറഞ്ഞു.
ആർ.എച്ച്.എഫ് സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അസ്സയ്യിദ് മാധ്യമങ്ങളോട് സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

