ഗസ്സ വെടിനിർത്തൽ; ഉടമ്പടി പൂർണമായി നടപ്പാക്കണമെന്ന് ഹമദ് രാജാവും ഈജിപ്ത് പ്രസിഡന്റും
text_fieldsമനാമ: ഗസ്സയിലെ വെടിനിർത്തൽ ഉടമ്പടി പൂർണമായി നടപ്പാക്കേണ്ടതിന്റെ അനിവാര്യത രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസിയും ഊന്നിപ്പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന ഫോൺ സംഭാഷണത്തിലാണ് ഇരു നേതാക്കളും ഇക്കാര്യം ആവശ്യപ്പെട്ടത്.
കൂടാതെ, മാനുഷിക സഹായങ്ങൾ തടസ്സങ്ങളില്ലാതെ അടിയന്തരമായി എത്തിക്കേണ്ടതിന്റെ പ്രാധാന്യവും, ഗസ്സ നിവാസികൾക്ക് സാധാരണ ജീവിതം പുനഃസ്ഥാപിക്കുന്നതിനായി പുനർനിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കേണ്ടതിന്റെ ആവശ്യകതയും അവർ എടുത്തുപറഞ്ഞു. ഫലസ്തീൻ ജനതയെ അവരുടെ മണ്ണിൽനിന്ന് കുടിയൊഴിപ്പിക്കാനുള്ള ഏത് ശ്രമങ്ങളെയും ശക്തമായി എതിർക്കുന്നതായി ഇരു നേതാക്കളും പ്രഖ്യാപിച്ചു.
ഫലസ്തീൻ പ്രശ്നം അറബ്, അന്താരാഷ്ട്ര അജണ്ടകളിൽ ഒരു പ്രധാന വിഷയമായി തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമാധാന പദ്ധതി, നീതിയും സമഗ്രവുമായ സമാധാനം കൈവരിക്കുന്നതിനുള്ള ഒരു ചട്ടക്കൂടായി പൂർണമായി നടപ്പാക്കേണ്ടതിന്റെ പ്രാധാന്യവും ഇരു നേതാക്കളും പറഞ്ഞു.
മേഖലയിലെ നിലവിലെ വെല്ലുവിളികൾ കണക്കിലെടുത്ത്, അറബ് ഐക്യം ശക്തിപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുമായി പൊതുവായ താൽപര്യമുള്ള വിഷയങ്ങളിൽ ആശയവിനിമയങ്ങളും ഏകോപനവും തുടരാനും നേതാക്കൾ സമ്മതിച്ചു. വിവിധ മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളെയും ഇരു രാജ്യങ്ങളും തമ്മിലുള്ള മികച്ച ബന്ധങ്ങളെയും അവർ പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

