ഗേറ്റ്വേ ഗൾഫ് ഇന്‍വെസ്റ്റ്മെന്റ് ഫോറം
text_fieldsബഹ്റൈൻ ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയും എം.എ. യൂസുഫലിയും കൂടിക്കാഴ്ചക്കിടെ
മനാമ: ബഹ്റൈനിൽ നടക്കുന്ന ഗേറ്റ്വേ ഗൾഫ് ഇന്‍വെസ്റ്റ്മെന്റ് ഫോറത്തിന്റെ മൂന്നാം പതിപ്പിൽ പ്രഭാഷകനായി പങ്കെടുത്ത് ലുലു ഗ്രൂപ് ചെയര്മാന് എം.എ. യൂസുഫലി. ഗള്‍ഫിലുടനീളമുള്ള നിക്ഷേപ അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആഗോള നിക്ഷേപകര്‍, ബിസിനസ് നേതാക്കള്‍, നയരൂപകര്‍ത്താക്കള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സംരംഭകര്‍ എന്നിവരടക്കം 200ഓളം അതിഥികളാണ് ഫോറത്തിൽ പങ്കെടുത്തത്. ബഹ്റൈന്‍ സാമ്പത്തിക വികസന ബോര്‍ഡാണ് ഫോറത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഫോറത്തിന്റെ ഇടവേളയിൽ ബഹ്റൈൻ ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയുമായും എം.എ. യൂസുഫലി കൂടിക്കാഴ്ച നടത്തി.
ആഗോള തലത്തിലുള്ള ലുലു ഗ്രൂപ്പിന്റെ വിജയത്തെക്കുറിച്ച് പ്രാദേശിക മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം, പുതുതലമുറ സംരംഭകർക്ക് വളരാനും വിജയിക്കാനും ഗൾഫ് മേഖലയിൽ വലിയ സാധ്യതകളുണ്ടെന്നും വ്യക്തമാക്കി. 900ത്തിലേറെ ബഹ്റൈനി പൗരന്മാർ ലുലു ഗ്രൂപ്പിന്റെ കീഴിൽ ജോലി ചെയ്യുന്നുണ്ട്. ഞങ്ങളുടെ ഒരു കുടുംബാംഗം എന്ന നിലക്കുതന്നെയാണ് അവരെ ഞങ്ങൾ പരിഗണിക്കുന്നതും അവർക്ക് ട്രെയിനിങ് നൽകുന്നതും. ബഹ്റൈനി വനിതകളുടെ പ്രാതിനിധ്യവും എടുത്തുപറയേണ്ട ഒരു കാര്യമാണ്. വളരെ കൃത്യനിഷ്ഠയോടെ ജോലി ചെയ്യുന്നവരും കഠിനാധ്വാനികളുമാണ് അവർ. ബഹ്റൈനികളുടെ സാന്നിധ്യത്തിൽ ഞങ്ങൾ വളരെ സന്തുഷ്ടരാണെന്നും അഭിമുഖത്തിൽ എം.എ. യൂസുഫലി പറഞ്ഞു.
ഞാൻ ആദ്യമായി ബഹ്റൈനിലെത്തുന്നത് 1986ലാണ്. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും നേതൃത്വത്തിൽ ഈ രാജ്യം നേടിയ വളർച്ച എങ്ങനെയായിരുന്നു എന്ന് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. ആവശ്യമുള്ള എല്ലാവിധ വിഭവങ്ങളും ബഹ്റൈനിൽതന്നെ ലഭിക്കും എന്നതാണ് ഈ രാജ്യത്തിന്റെ മറ്റൊരു പ്രത്യേകതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിസിനസ് വളർത്തുന്നതിന്റെ ഒരു പ്രധാന ഭാഗമാണ് എല്ലാ മേഖലയിലും ഡിജിറ്റലൈസേഷൻ എന്നത്. ആർട്ടിഫിഷൽ ഇന്റലിജൻസും റോബോട്ടിക് സംവിധാനങ്ങളും ഒരു ബിസിനസിലും ഇന്ന് ആരും കൊണ്ടുവരുന്നില്ലെങ്കിൽ, ആ ബിസിനസ് പിന്നോട്ട് പോകും. മുന്നോട്ട് പോകില്ല. കൂടാതെ, ഡിജിറ്റലൈസേഷനും പുതിയ കണ്ടുപിടിത്തങ്ങളും ഹൃദയത്തിൽനിന്നുകൂടി വേണം. കാരണം, നമ്മൾ ജോലി സാധ്യതകളെക്കുറിച്ചും ശ്രദ്ധിക്കണം. ഇത് രണ്ടും ഒരുമിച്ച് പോകണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

