ജനവാസ മേഖലകളിൽ ആശങ്ക പരത്തി ഗ്യാസ് സിലിണ്ടർ വിതരണ വാഹനങ്ങൾ
text_fieldsജനവാസമേഖലയിലെ റോഡരികിൽ നിർത്തിയിട്ട ഗ്യാസ് വിതരണ വാഹനങ്ങൾ
മനാമ: ജനവാസ മേഖലകളിൽ ആശങ്ക പരത്തി ഗ്യാസ് സിലിണ്ടർ വിതരണ വാഹനങ്ങളുടെ പാർക്കിങ്. ഗ്യാസ് ട്രക്കുകൾ ഇത്തരം മേഖലകളിൽ നിർത്തിയിടുന്നത് വലിയ അപകടത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി സതേൺ മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
ഈ വാഹനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കൗൺസിൽ അധികാരികളോട് ആവശ്യപ്പെട്ടു. പ്രത്യേകിച്ചും ഇസ ടൗണിലാണ് പ്രശ്നം ഗുരുതരമായിരിക്കുന്നത്. ഇടുങ്ങിയ റോഡുകളിലും, വീടുകൾക്കും സ്കൂളുകൾക്കും സമീപവും ഇത്തരം ട്രക്കുകൾ നിർത്തിയിട്ടിരിക്കുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മതിയായ സുരക്ഷാ പരിശോധനകളോ സംരക്ഷണമോയില്ലാതെയാണ് നിർത്തിയിട്ടിരിക്കുന്നത്. നിറയെ ഗ്യാസ് സിലിണ്ടറുകളുള്ള ഈ വാഹനങ്ങൾക്ക് ചെറിയൊരു അപകടം സംഭവിച്ചാൽ പോലും വലിയ ദുരന്തം വിതക്കാൻ സാധിക്കും. താമസക്കാരിൽനിന്ന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും കുട്ടികളുടെ സുരക്ഷയെക്കുറിച്ച് അവർ ആശങ്കാകുലരാണെന്നും വിഷയത്തിൽ നേരിട്ട് അന്വേഷണം നടത്തിയ കൗൺസിലർ അബ്ദുല്ല ദഅ്റാജ് പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയിൽ അറാദിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടുപേർ മരിക്കാനിടയായ സംഭവം കൗൺസിലർ ഓർമിപ്പിച്ചു. അത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികാരികൾ ഉണർന്നു പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗ്യാസ് വിതരണ കമ്പനികൾ റെസിഡൻഷ്യൽ ഏരിയകളിൽ ട്രക്കുകൾ പാർക്ക് ചെയ്യുന്നത് കർശനമായി നിരോധിക്കണം.
നിയമം ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കേണ്ടത് അധികാരികളുടെ ഉത്തരവാദിത്തമാണ്. ഗ്യാസ് വിതരണ കമ്പനികൾക്ക് അവരുടെ വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യാനും പരിശോധിക്കാനും കഴിയുന്ന ഒരു ഡിപ്പോ സംവിധാനം വ്യവസായിക മേഖലകളിൽ സ്ഥാപിക്കണമെന്നും കൗൺസിൽ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

