ഗാർഡൻ ഷോക്ക് തുടക്കമായി; 176 സ്റ്റാളുകളിലായി പച്ചപ്പിന്റെ മായാപ്രപഞ്ചം
text_fieldsഇന്റർനാഷനൽ ഗാർഡൻ ഷോ ശൈഖ് ഈസ ബിൻ സൽമാൻ ആൽ ഖലീഫ ഉദ്ഘാടനംചെയ്യുന്നു, വേൾഡ് എക്സിബിഷൻ സെന്ററിൽ തുടങ്ങിയ ഗാർഡൻ ഷോ
മനാമ: രാജ്യത്തിന്റെ കാർഷിക വ്യാപാരമേഖലക്ക് പുതിയ ഉണർവ് സൃഷ്ടിച്ച് ഇന്റർനാഷനൽ ഗാർഡൻ ഷോക്ക് തുടക്കം. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ നടന്ന ചടങ്ങിൽ അദ്ദേഹത്തിന് പകരമായി ശൈഖ് ഈസ ബിൻ സൽമാൻ ആൽ ഖലീഫ ഉദ്ഘാടനംചെയ്തു. ‘ജലം: ജീവിതത്തെ പുതുക്കുന്നു’ എന്ന പ്രമേയത്തിലാണ് ഇപ്രാവശ്യത്തെ എക്സിബിഷൻ നടക്കുന്നത്. വേൾഡ് എക്സിബിഷൻ സെന്ററിൽ ഒരുക്കിയ ഷോ മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ സ്റ്റാളുകളും ആകർഷകമായ സംവിധാനങ്ങളുമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് രാജ്യത്തെ കർഷകർക്കും കാർഷിക മേഖലക്കും കരുത്ത് പകരുക കൂടിയാണ് ഇതിന്റെ ഉദ്ദേശ്യം. നാഷനൽ ഇനീഷ്യേറ്റിവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്മെന്റുമായി സഹകരിച്ചാണ് എക്സിബിഷൻ. കാർഷികമേഖല പ്രത്യേക പരിഗണന അർഹിക്കുന്ന മേഖലയാക്കുന്നതിനും ഇതുവഴി സാധിക്കും.
ഇതിലുപരിയായി ഗാർഡനിങ്, കൃഷി മേഖലയിലെ അന്താരാഷ്ട്ര കയറ്റുമതിക്കാർക്കൊരു സമ്മേളനവേദി കൂടിയാണ് ഇന്റർനാഷനൽ ഗാർഡൻ ഷോ. രാജ്യത്തെ മാത്രമല്ല, അറബ് പ്രദേശത്താകമാനം വ്യാപാരം വ്യാപിപ്പിക്കാനും പുതിയ ആശയങ്ങൾ പങ്കുവെക്കാനുമുള്ള അവസരമാണ് ഇതിലൂടെ കൈവരുന്നത്. പച്ചക്കറി, പൂ ഉൽപാദനം എന്നീ മേഖലകളിൽ മികവ് തെളിയിച്ചവർക്ക് അവാർഡുകളും നൽകി. ബഹ്റൈൻ ഗാർഡൻ ക്ലബിലെ ജലീല സയ്യിദ് മഹ്ദി ഗാർഡൻ വിഭാഗത്തിൽ കിങ് ഹമദ് ബിൻ ഈസ ആൽ ഖലീഫ അവാർഡിന് അർഹമായി. പൂ, പച്ചക്കറി ഉൽപാദന മേഖലയിൽ ദലാൽ സാമിയും അവാർഡിന് അർഹമായി. കാർഷിക ഫോട്ടോഗ്രഫി വിഭാഗത്തിൽ ഫവാസ് ഹംദാൻ പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫ അവാർഡിന് അർഹനായി. ഹോബി വിഭാഗത്തിൽ ഇസ്മ അഹ്മദും വിദ്യാർഥിനി വിഭാഗത്തിൽ അലക്സ് സോണിയും അർഹരായി.
അപൂർവ സസ്യ ഇന വിഭാഗത്തിൽ ശൈഖ ഹയ ബിൻത് മുഹമ്മദ് ആൽ ഖലീഫ അവാർഡിന് ബെതിന റോബിൻസൺ അർഹയായി. ഇപ്രാവശ്യം 176 സ്റ്റാളുകളാണ് എക്സിബിഷനിൽ അണിനിരക്കുന്നത്. മൊത്തം 18,000 ചതുരശ്ര മീറ്ററിലാണ് ഇതൊരുക്കിയിരിക്കുന്നത്. ബഹ്റൈൻ കാർഷികച്ചന്തക്ക് പ്രത്യേക പവലിയനും ഒരുക്കിയിട്ടുണ്ട്. മാർച്ച് 12 വരെ നീണ്ടുനിൽക്കുന്ന എക്സിബിഷനിൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

