തൊഴിൽ കരാറിന്റെ ഭാവി
text_fieldsബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
?ഞാൻ ഒരു സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുകയാണ്. എന്റെ തൊഴിൽ കരാർ രണ്ടുവർഷത്തേക്കാണ്. കഴിഞ്ഞ ജനുവരിയിൽ ഞാൻ ഒരുവർഷം പൂർത്തിയാക്കി. എനിക്ക് ജോലി മാറണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ, തൊഴിലുടമ എൻ.ഒ.സി തരുന്നില്ല. തൊഴിലുടമ പണം ആവശ്യപ്പെടുകയാണ്. ഞാൻ എന്തുചെയ്യണം -ബീന
• താങ്കളുടേത് നിശ്ചിത കാലത്തേക്കുള്ള തൊഴിൽ കരാറാണ്. അതായത് രണ്ടു വർഷത്തേക്കുള്ള തൊഴിൽ കരാർ. തൊഴിൽ നിയമപ്രകാരം നിശ്ചിതകാലത്തേക്കുള്ള കരാർ അതിന്റെ കാലാവധി കഴിയുമ്പോൾ റദ്ദാകും. പക്ഷേ, എൽ.എം.ആർ.എ റൂൾസ് പ്രകാരം 12 മാസം കഴിയുമ്പോൾ താങ്കൾക്ക് ജോലി മാറാൻ സാധിക്കും. തൊഴിലുടമയുടെ സമ്മതമില്ലാതെ ജോലി മാറണമെങ്കിൽ തൊഴിൽകരാർ റദ്ദുചെയ്യാനുള്ള നോട്ടീസ് തൊഴിലുടമക്ക് രജിസ്ട്രേഡ് A/D ആയി അയക്കണം. താങ്കളുടെ തൊഴിലുടമയുടെ സി.ആറിലുള്ള വിലാസത്തിലാണ്, നോട്ടീസ് രജിസ്ട്രേഡ് A/D യായി അയയ്ക്കേണ്ടത്. നോട്ടീസിന്റെ കാലാവധി തൊഴിൽ കരാർ പ്രകാരമോ, അല്ലെങ്കിൽ മൂന്നുമാസത്തെ കാലാവധിയിലോ നോട്ടീസ് നൽകണം. ഇങ്ങനെ നോട്ടീസ് നൽകിയാൽ പുതിയ തൊഴിലുടമക്ക് നോട്ടീസിന്റെ കാലാവധിയിൽ പുതിയ വിസക്ക് അപേക്ഷ നൽകുവാൻ സാധിക്കും. പുതിയ വിസയുടെ അപേക്ഷയോടൊപ്പം രജിസ്ട്രേഡ് A/D യുടെ അക്നോളജ്മെന്റ് (പിങ്ക് കാർഡ്) സമർപ്പിക്കണം.
വിസ സംബന്ധമായി ഒരു പൈസ പോലും തൊഴിലുടമ വാങ്ങാൻ പാടില്ല. അതു നിയമവിരുദ്ധമാണ്. താങ്കൾ ഈ രീതിയിൽ ജോലി മാറാൻ ശ്രമിക്കുമ്പോൾ ഒന്നുരണ്ടു കാര്യങ്ങൾ ശ്രദ്ധിക്കണം. ഒന്ന്, താങ്കളുടെ പാസ്പോർട്ട് താങ്കളുടെ കൈയിലുണ്ടായിരിക്കണം. അതുപോലെ പാസ്പോർട്ടിന് കുറഞ്ഞത് ആറുമാസത്തെ കാലാവധി ബാക്കിയുണ്ടായിരിക്കണം. താങ്കളുടെ ലൈസൻസ് മാറുമോ എന്നും തിരക്കണം. പുതിയ തൊഴിലുടമയുടെ പേരിൽ തൊഴിൽ വിസ ശരിയായാൽ മാത്രമേ അവിടെ ജോലിക്ക് പോകാൻ പാടുള്ളൂ. അതുവരെ ഇപ്പോൾ ജോലിചെയ്യുന്ന തൊഴിലുടമയുടെ കൂടെ ജോലി ചെയ്യണം. അതുപോലെ പുതിയ തൊഴിലുടമയുടെ പൂർണസമ്മതവും അറിവും ഉണ്ടായിരിക്കണം. ഇതിന്റെ കൃത്യമായ നടപടിക്രമങ്ങൾ, ഒരു എൽ.എം.ആർ.എ ലൈസൻസുള്ള ഏജന്റിനെ സമീപിച്ച് വ്യക്തമായി അറിഞ്ഞ ശേഷമേ തുടങ്ങാവു.