മത്സ്യത്തൊഴിലാളികൾക്ക് ഇന്ധന ക്ഷാമം
text_fieldsബോട്ടുകൾക്കുള്ള ഇന്ധനം പ്ലാസ്റ്റിക് കണ്ടെയ്നറുകളിലെത്തിക്കുന്നു
മനാമ: രാജ്യത്തെ മത്സ്യത്തൊഴിലാളികൾ ഇന്ധനലഭ്യതയിൽ ബുദ്ധിമുട്ട് നേരിടുന്നതായി പ്രഫഷനൽ ഫിഷർമെൻ സൊസൈറ്റി. ഇത് അവരുടെ തൊഴിലിനെ സാരമായി ബാധിക്കുന്നു. മിക്ക ഇന്ധന സ്റ്റേഷനുകളും മത്സ്യത്തൊഴിലാളികൾക്ക് ചെറിയ കണ്ടെയ്നറുകളിൽ മാത്രമേ ഇന്ധനം നൽകുന്നുള്ളു. ഇത് അവരുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് തികയുന്നില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ ആവശ്യമായ ഇന്ധനലഭ്യതക്ക് ഇത്തരം ചെറിയ കണ്ടെയ്നറുകളെ ആശ്രയിച്ചേ പറ്റൂ. ഇത് അവർക്ക് സമയ, ഊർജ നഷ്ടങ്ങൾക്ക് കാരണമാകുന്നുവെന്നും സൊസൈറ്റി പറഞ്ഞു.
മത്സ്യബന്ധന തുറമുഖങ്ങളിൽ ഇന്ധന സ്റ്റേഷനുകൾ സ്ഥാപിക്കണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. എന്നാൽ നിലവിലുള്ളവയിൽ പലതും പ്രവർത്തനരഹിതമാണ്. സ്റ്റേഷൻ ഉടമയും ഇന്ധന വിതരണ കമ്പനിയും തമ്മിലുള്ള തർക്കം കാരണം സിത്രയിലെ ബന്ദർ അൽ ദാറിലുള്ള ഇന്ധനസ്റ്റേഷൻ മൂന്ന് വർഷമായി അടച്ചിട്ടിരിക്കുകയാണ്. ഈ അനാസ്ഥ മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ തടസ്സപ്പെടുത്തുക മാത്രമല്ല, ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ അധികാരികൾ തങ്ങളെ പിന്തുണക്കുമോ എന്ന ആശങ്ക ഉണർത്തുകയുമാണ്.സുരക്ഷയുടെ ഭാഗമായി നോൺ-സ്റ്റിക്ക് കണ്ടെയ്നറുകൾ, പ്ലാസ്റ്റിക് കണ്ടെയ്നറുകൾ, ഗ്ലാസ് കണ്ടെയ്നറുകൾ എന്നിവയിൽ ഇന്ധനം നിറക്കുന്നത് ഒഴിവാക്കാനും ഈ ആവശ്യത്തിന് അംഗീകൃത ജെറി ക്യാനുകൾ പോലുള്ളവ മാത്രം ഉപയോഗിക്കാനും അധികൃതരുടെ നിർദേശമുണ്ട്.
മത്സ്യത്തൊഴിലാളികൾക്ക് എളുപ്പത്തിൽ ഇന്ധനം ലഭിക്കാൻ അടിയന്തരവും പ്രായോഗികവുമായ പരിഹാരമുണ്ടാകണമെന്നാണ് സൊസൈറ്റിയുടെ ആവശ്യം. പ്രവർത്തനരഹിതമായ ഇന്ധന സ്റ്റേഷനുകൾ ഉടൻ പുനരാരംഭിക്കണം, മത്സ്യത്തൊഴിലാളികളുടെ ജീവിതം ലളിതമാക്കാൻ ലക്ഷ്യമിട്ടുള്ള സംരംഭങ്ങൾ ആരംഭിക്കണം, അനാവശ്യമായ ബ്യൂറോക്രാറ്റിക് തടസ്സങ്ങൾ നീക്കണം, മത്സ്യത്തൊഴിലാളികളോടുള്ള പിന്തുണ വെറും മുദ്രാവാക്യങ്ങളിൽ ഒതുങ്ങരുതെന്നും അന്തസ്സോടെയും സുരക്ഷിതത്വത്തോടെയും ജോലി ചെയ്യാൻ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും നൽകുന്നതിനുള്ള യഥാർഥ പ്രതിബദ്ധതയായി മാറണം തുടങ്ങിയ ആവശ്യങ്ങളും സൊസൈറ്റി ഉന്നയിച്ചു.കൂടാതെ, ചെമ്മീൻ പിടിത്തവുമായി ബന്ധപ്പെട്ട് കൂടുതൽ ശാസ്ത്രീയവും വഴക്കമുള്ളതുമായ സമീപനം വേണം.വാർഷിക നിരോധനം തങ്ങളുടെ ഉപജീവനത്തെ ബാധിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. സൗദി ഉൾപ്പെടെ മറ്റ് ജി.സി.സി രാജ്യങ്ങളിലെ മാതൃകകൾ പഠിക്കാനും നിരോധനം ഏർപ്പെടുത്തുന്നതിനുമുമ്പ് മത്സ്യസമ്പത്തിനെക്കുറിച്ച് പഠനങ്ങളും വിലയിരുത്തലുകളും നടത്താനും അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

