Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫുട്ബാൾ...

ഫുട്ബാൾ മൈതാനത്തിൽനിന്ന് ബഹ്റൈനിന്റെ മണൽപരപ്പിലേക്ക്

text_fields
bookmark_border
ഫുട്ബാൾ മൈതാനത്തിൽനിന്ന് ബഹ്റൈനിന്റെ മണൽപരപ്പിലേക്ക്
cancel

ചെറുപ്പം മുതലേ ഫുട്ബാൾ എന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു. എന്റെ ഫുട്ബാൾ യാത്ര ആരംഭിച്ചത് ഫോർട്ട് കൊച്ചിയിലെ ഈരവേലി പാർക്കിൽ നിന്നാണ്. അന്ന് അവിടെ നടന്നിരുന്ന നിരവധി ചെറിയ ടൂർണമെന്റുകളിലൂടെ വളർന്ന ഞാൻ പിന്നീട് ഈരവേലിയിലെ മൂവ്മെന്റ്സ് സ്പോർട്സ് ക്ലബ്ബിലേക്കും, തുടർന്ന് എറണാകുളം ജില്ലാ അണ്ടർ-16 ടീമിലേക്കും എത്തിച്ചേർന്നു.

സ്കൂളിന്റെ അവസാന ബെൽ മുഴങ്ങുമ്പോൾ പുസ്തകങ്ങളുടെയും പാഠങ്ങളുടെയും ലോകത്ത് നിന്ന് ഞങ്ങൾ പതിയെ ഫുട്ബോളിന്റെ ലോകത്തേക്ക് കടക്കും. യൂണിഫോമിൽ പറ്റിപ്പിടിച്ചിരുന്ന ദിവസത്തിന്റെ ക്ഷീണം പോലും മറന്ന് മനസ്സ് ഓടിയെത്തുന്നത് ഫോർട്ട് കൊച്ചി സാന്റാ ക്രൂസ് സ്കൂൾ ഫുട്ബാൾ ഗ്രൗണ്ടിലേക്കായിരുന്നു.

കളി തുടങ്ങുമ്പോൾ സമയം അപ്രത്യക്ഷമാകും. ഗോൾപോസ്റ്റുകൾ വെറും രണ്ട് കമ്പുകൾ മാത്രമായിരുന്നെങ്കിലും, ഞങ്ങളുടെ സ്വപ്നങ്ങളിൽ അവ ലോകപ്രശസ്ത സ്റ്റേഡിയങ്ങളുടെ കവാടങ്ങളായിരുന്നു. ആ വൈകുന്നേരങ്ങളിൽ ഞങ്ങൾ ഫുട്ബാൾ മാത്രമല്ല കളിച്ചിരുന്നത്; ജീവിതത്തിലെ വലിയ പാഠങ്ങളും പഠിക്കുകയായിരുന്നു.

കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി നേടിക്കൊടുത്ത ടീമിലെ താരമായ ജാഫർക്കയുടെയും, കോർണർ വില്ലിയെ പോലുള്ള മികച്ച പരിശീലകരുടെയും കീഴിൽ പരിശീലിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. കൂടാതെ ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലെ സജീവ സാന്നിധ്യമായ റൂഫസ് അങ്കിളിന്റെ കീഴിലും പരിശീലിക്കാൻ അവസരം ലഭിച്ചു. തൊണ്ണൂറാം വയസ്സിലും കുട്ടികൾക്ക് ഫുട്ബാൾ പരിശീലനം നൽകുന്ന അദ്ദേഹത്തിന്റെ സമർപ്പണം ഇന്നും പ്രചോദനമാണ്.

ആദ്യകാലത്ത് ഫോർവേഡായി കളിച്ചിരുന്ന ഞാൻ, കോച്ച് വില്യംസിന്റെ നിർദ്ദേശപ്രകാരം ഗ്രാസ് ഹോപ്പേഴ്സ് ക്ലബ്ബിൽ ഗോൾകീപ്പറായി മാറി. സെവൻസ് ടൂർണമെന്റുകളിൽ കളിച്ച് ചെറിയ വരുമാനം കണ്ടെത്തിയിരുന്ന ആ കാലഘട്ടത്തിൽ മാനേജർ ഹമീദ് ഇക്കയോടൊപ്പം കേരളത്തിലെ വിവിധ ജില്ലകളിൽ പോയി കളിക്കാനും അവസരം ലഭിച്ചു.

അങ്ങനെയിരിക്കെയാണ് അബുക്കയെ പരിചയപ്പെടുന്നത്. പിന്നീട് അദ്ദേഹത്തിന്റെ ഫ്രണ്ട്സ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിനായി ബൂട്ട് കെട്ടി. ഫോർട്ട് കൊച്ചിയിലെ മികച്ച യുവതാരങ്ങളെ അണിനിരത്തി ക്ലബ്ബ് വിജയങ്ങളുടെ പടവുകൾ കയറിക്കൊണ്ടിരുന്ന സമയത്താണ് എന്റെ ജീവിതത്തിന്റെ ദിശ തന്നെ മാറ്റിമറിച്ച ആ സംഭവം നടന്നത്. ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ ഇന്ത്യൻ നേവിയും ഫ്രണ്ട്സ് സ്പോർട്സ് ക്ലബ്ബും തമ്മിൽ നടന്ന മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ എനിക്ക് സാധിച്ചു.

കളി അവസാനിക്കാൻ പത്ത് മിനിറ്റ് മാത്രം ബാക്കിയിരിക്കെ ഇന്ത്യൻ നേവി താരത്തിന്റെ ശക്തമായ ഷോട്ട് സേവ് ചെയ്യുന്നതിനിടെ എന്റെ വലതുകാലിലെ ലിഗമെന്റ് പൊട്ടിപ്പോയി. ഇന്നത്തെപ്പോലെ ആധുനിക ശസ്ത്രക്രിയാ സംവിധാനങ്ങൾ വ്യാപകമല്ലാതിരുന്ന ഏകദേശം മുപ്പത് വർഷങ്ങൾക്ക് മുൻപാണ് ആ അപകടം സംഭവിച്ചത്. നിരവധി ചികിത്സകളും വൈദ്യന്മാരുടെയും സഹായം തേടിയെങ്കിലും പഴയപോലെ കളിക്കളത്തിലേക്ക് തിരിച്ചുവരാൻ സാധിച്ചില്ല.

ഒടുവിൽ എന്റെ പ്രിയപ്പെട്ട കോച്ച് ജാഫറിക്ക യുടെ നിർദ്ദേശപ്രകാരം ഫുട്ബോളിനോട് വിടപറഞ്ഞ് ജീവിതത്തിന്റെ പുതിയ അധ്യായമായ പ്രവാസ ജീവിതത്തിലേക്ക് ചുവടുവെക്കേണ്ടി വന്നു. ഫുട്ബാൾ എന്നെ ഒരുപാട് ഉയരങ്ങളിലേക്ക് കൊണ്ടുപോയി. അതേ ഫുട്ബാൾ തന്നെയാണ് എന്റെ ജീവിതത്തിന്റെ വഴി മാറ്റി പ്രവാസിയാക്കിയത്. എന്നാൽ ഇന്നും എന്റെ ഹൃദയത്തിൽ ഫുട്ബാൾ ജീവിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballnewsGulf NewsBahrain
News Summary - From the football field to the sands of Bahrain
Next Story