Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപാടത്തെ കളിയിൽനിന്ന്...

പാടത്തെ കളിയിൽനിന്ന് അന്താരാഷ്ട്ര മത്സരങ്ങളിലേക്ക്; ഒരു ഫുട്ബാൾ പ്രണയിയുടെ യാത്ര

text_fields
bookmark_border
പാടത്തെ കളിയിൽനിന്ന് അന്താരാഷ്ട്ര മത്സരങ്ങളിലേക്ക്; ഒരു ഫുട്ബാൾ പ്രണയിയുടെ യാത്ര
cancel

കേരളത്തിലെ ഒരു സാധാരണ നാട്ടിൻപുറത്ത് ജനിച്ച എനിക്ക് ഫുട്ബാൾ ഒരു കളിയല്ലായിരുന്നു, അത് ജീവിതത്തിന്റെ ഭാഗമായിരുന്നു. ചെറുപ്പത്തിൽ സ്കൂൾ വിട്ട് വീട്ടിലെത്തിയാൽ ബാഗ് വലിച്ചെറിഞ്ഞ് നേരെ ഓടിയിരുന്നത് പാടത്തേക്കായിരുന്നു. ഇന്നത്തെ പോലെ ടർഫ് ഗ്രൗണ്ടുകളോ പരിശീലകരോ മികച്ച സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. മഴയും വെയിലും വകവെക്കാതെ പാടത്തായിരുന്നു ഞങ്ങളുടെ ഫുട്ബാൾ ലോകം.

അന്ന് ബൂട്ട് കെട്ടി കളിക്കുന്നത് ഒരു സ്വപ്നം മാത്രമായിരുന്നു. കാലിൽ ചെരുപ്പുപോലുമില്ലാതെ കളിച്ചിരുന്ന കാലം. പക്ഷേ ആ പാടത്തെ മണ്ണിൽ ഓടിയ കാലുകളാണ് പിന്നീട് ജീവിതത്തിന്റെ പുതിയ വഴികൾ തുറന്നത്. കോളേജ് പഠനം കഴിഞ്ഞ് രാജ്യസേവനത്തിനുള്ള യൂണിഫോം അണിയാൻ അവസരം ലഭിച്ചു. അതോടെയാണ് ജീവിതത്തിൽ ആദ്യമായി ഒരു ഫുട്ബാൾ ബൂട്ട് കെട്ടുന്നത്. യൂണിറ്റ് ടീമിൽ റൈറ്റ് വിങ് ഡിഫെൻഡറായി കളി ആരംഭിച്ചു. പിന്നീട് നിരവധി മത്സരങ്ങളിൽ പങ്കെടുത്തു. ഓരോ കളിയും പുതിയ അനുഭവങ്ങളും ആത്മവിശ്വാസവും നൽകി.

മുബൈയിൽ നിന്നും അവധിയിൽ വന്ന സമയത്തായിരുന്നു ആ അപകടം. പാടത്തെ കളിയിൽ പശുവിന്റെ കുളമ്പ് മൂലം ഉണ്ടായ കുഴിയിൽ കാൽ കുടുങ്ങി കാലിന്റെ എല്ല് പൊട്ടി. ഏറെ ഇഷ്ടപ്പെടുന്ന പന്ത് കളി മൂലം കാൽ ഒടിഞ്ഞ് പ്ലാസ്റ്ററിട്ട കാലും വെച്ച് ജയന്തി ജനത എക്സ്പ്രസിൽ കുറ്റിപ്പുറം മുതൽ മുംബൈ വരെ 36 മണിക്കൂർ യാത്ര ചെയ്ത ആ നിമിഷങ്ങൾ ഇന്നും മനസ്സിൽ നിന്നും മാഞ്ഞ് പോകുന്നില്ല.

ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളിൽ ഒന്നായിരുന്നു ജപ്പാനിലെ യോക്കോഹോമയിൽ നടന്ന മത്സരം. ഓവർസീസ് ഡിപ്ലോയ്മെന്റിന്റെ ഭാഗമായി ജപ്പാനിലെത്തിയപ്പോൾ ജപ്പാൻ സർവീസ് ടീമിനെതിരെ കളിക്കാൻ അവസരം ലഭിച്ചു. അതായിരുന്നു എന്റെ ആദ്യ അന്താരാഷ്ട്ര മത്സരം. ജപ്പാൻ താരങ്ങളുടെ വേഗവും സ്റ്റാമിനയും അത്ഭുതപ്പെടുത്തിയെങ്കിലും, ഇന്ത്യൻ ജേഴ്സി അണിഞ്ഞ് വിദേശ മണ്ണിൽ കളിച്ച ആ നിമിഷം ഇന്നും അഭിമാനത്തോടെ ഓർക്കുന്നു. രണ്ടാമത്തെ അന്താരാഷ്ട്ര മത്സരം ഇന്ത്യയിലെ പ്രശസ്തമായ ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലായിരുന്നു. എതിരാളികൾ സൗത്ത് കൊറിയൻ ടീം. ഒരുകാലത്ത് പാടത്തെ ചെളിയിൽ പന്ത് തട്ടിയിരുന്ന ഒരു നാട്ടിൻപുറക്കാരൻ, ഒരു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ കാണികൾക്കു മുന്നിൽ കളിക്കുന്നത്. അത് സ്വപ്നം യാഥാർഥ്യമായ നിമിഷമായിരുന്നു. പിന്നീട് പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്.

പാടത്ത് കളിച്ചിരുന്ന ആ കുട്ടി രണ്ട് അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ (സർവിസ് തലത്തിൽ)പ്രതിനിധീകരിച്ച് കളിക്കുമെന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കിൽ വിശ്വസിക്കുമായിരുന്നോ? ജീവിതത്തിലെ ചില നേട്ടങ്ങൾ നമ്മുടെ കഠിനാധ്വാനത്തിന്റെ ഫലമാകാം, ചിലത് നിയോഗവുമാകാം. ഫുട്ബോളിനോടുള്ള എന്റെ പ്രണയം കളിക്കളത്തിൽ മാത്രം ഒതുങ്ങിയിരുന്നില്ല. കുട്ടിക്കാലത്ത് ടെലിവിഷൻ പോലും ഇല്ലാതിരുന്ന കാലം. ലോകകപ്പ് മത്സരങ്ങളുടെ ഓരോ വാർത്തയും പത്രങ്ങളിൽ നിന്ന് വായിച്ചറിഞ്ഞ് ഡയറിയിൽ കുറിച്ചുവെക്കുമായിരുന്നു. ലോകകപ്പ് ഫുട്ബാൾ എനിക്ക് ഒരു ഉത്സവമായിരുന്നു. ഇപ്പോൾ ഒരു ആഗ്രഹം മാത്രം ബാക്കിയുണ്ട്.

“ഇന്ത്യ ഫുട്ബാൾ ലോകകപ്പിൽ കളിക്കുന്നത് ഒരിക്കൽ കാണണം. ഇന്ത്യയൊട്ടാകെ ഇന്ത്യൻ ടീമിന്റെ ഫ്ലക്സുകൾ നിറയുന്നത് കാണാൻ ആഗ്രഹം. ഇന്ത്യൻ ടീം ലോകത്തിന്റെ ഏത് കോർണറിൽ കളിക്കുകയാണെങ്കിലും അവിടെ പറന്നെത്തി ഒരു കളി കണ്ട് കയ്യടിക്കണം. ചില്ലറ ആഗ്രഹമല്ല എന്നറിയാം പക്ഷേ ആഗ്രഹിച്ചാലല്ലേ നടക്കൂ. ആ സ്വപ്നം യാഥാർഥ്യമാകുമോ എന്നറിയില്ല. പക്ഷേ പാടത്തെ മണ്ണിൽ നിന്നുയർന്ന ഒരു ഫുട്ബാൾ പ്രണയിയുടെ പ്രതീക്ഷ ഇന്നും അതേ പോലെ ജീവിച്ചിരിപ്പുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballInternationaljourneycompetitions
News Summary - From field games to international competitions; A football lover's journey
Next Story