ആഗസ്റ്റ് ഒന്നു മുതൽ യെല്ലോ ലെവലിലേക്ക്
text_fieldsനാഷനൽ മെഡിക്കൽ ടീം നടത്തിയ വാർത്തസമ്മേളനത്തിൽനിന്ന്
മനാമ: 40 വയസിനും അതിനുമുകളിലും പ്രായമുള്ള 80 ശതമാനം പേർക്കും കോവിഡ് പ്രതിരോധ വാക്സിൻ ബൂസ്റ്റർ ഡോസ് നൽകുന്നതുവരെ യെല്ലോ ജാഗ്രത ലെവൽ നടപ്പാക്കുമെന്ന് കോവിഡ് പ്രതിരോധത്തിനുള്ള നാഷനൽ മെഡിക്കൽ ടീം അറിയിച്ചു. നിലവിൽ ഗ്രീൻ ലെവൽ ജാഗ്രതയാണ് രാജ്യം പിന്തുടരുന്നത്. ആഗസ്റ്റ് ഒന്നുമുതൽ യെല്ലോ ലെവലിലേക്ക് മാറും.
വിവിധ രാജ്യങ്ങളിൽ കോവിഡ് വൈറസിെൻറ ഡെൽറ്റ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തിൽ ബഹ്റൈനിൽ ഇനിമുതൽ ട്രാഫിക് ലൈറ്റ് സംവിധാനമനുസരിച്ച് റെഡ്, ഒാറഞ്ച്, യെല്ലോ ജാഗ്രത ലെവലുകളാണ് ഉണ്ടാവുക. ഗ്രീൻ ലെവൽ തൽക്കാലം ഒഴിവാക്കി.
40 വയസ്സും അതിൽ കൂടുതലും പ്രായമുള്ള, രണ്ട് ഡോസ് സിനോഫാം സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിനുള്ള കാലയളവ് ഒരു മാസമായി കുറച്ചതായി നാഷനൽ മെഡിക്കൽ ടീം അംഗം ഡോ. വലീദ് അൽ മാനിഅ് പറഞ്ഞു. ഇൗ പ്രായ വിഭാഗത്തിലുള്ളവർക്ക് ബി അവെയർ ആപ്ലിക്കേഷനിലെ ലോഗോയുടെ നിറം ആഗസ്റ്റ് 31ന് മഞ്ഞയിലേക്ക് മാറും.
ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ സമയമായെന്ന് സൂചിപ്പിക്കാനാണ് ഇത്. ബൂസ്റ്റർ ഡോസ് എടുത്ത ശേഷം ലോഗോ വീണ്ടും പച്ചയായി മാറും. ബി അവെയർ ആപ് വഴിയും www.healthalert.gov.bh എന്ന ആരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റ് വഴിയും ബൂസ്റ്റർ ഡോസിന് രജിസ്റ്റർ ചെയ്യാം.
40 വയസ്സും അതിൽ കൂടുതലുമുള്ളവരിൽ 80 ശതമാനം പേരും ബൂസ്റ്റർ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയ ശേഷം ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച ലെവലുകളിലേക്കുള്ള മാറ്റം ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനമാക്കി തീരുമാനിക്കും.
വാക്സിനേഷെൻറ ഫലപ്രാപ്തി വർധിപ്പിച്ച് കോവിഡ് ലക്ഷണങ്ങളുടെ കാഠിന്യം കുറക്കാൻ ബൂസ്റ്റർ ഡോസ് സഹായിക്കുമെന്ന് നാഷനൽ മെഡിക്കൽ ടീം അംഗം ലഫ്. കേണൽ ഡോ. മനാഫ് അൽ ഖഹ്താനി പറഞ്ഞു. ജൂലൈ 27 വരെ 1,31,192 പേരാണ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചത്. ബൂസ്റ്റർ ഡോസ് എടുത്ത് 14 ദിവസത്തിനുശേഷം വൈറസ് ബാധിച്ചത് 71 പേർക്ക് മാത്രമാണ്. ഇത് 0.05 ശതമാനം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഇൗ വിഭാഗത്തിലുള്ളവരിൽ ആർക്കും ഹോസ്പിറ്റൽ ചികിത്സവേണ്ടിവന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

