നീതി നിഷേധിക്കപ്പെടുന്നവർക്കുള്ള ഐക്യദാർഢ്യ പരിപാടിയായി ഫ്രണ്ട്സ് സൗഹൃദസംഗമം
text_fieldsഫ്രണ്ട്സ് സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച ‘പ്രവാചകൻ; നീതിയുടെ സാക്ഷ്യം’ പരിപാടി ഡോ. അബ്ദുസ്സലാം അഹ്മദ് ഉദ്ഘാടനം ചെയ്യുന്നു
മനാമ: ഫ്രണ്ട്സ് സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച ‘പ്രവാചകൻ; നീതിയുടെ സാക്ഷ്യം’ പ്രമേയത്തിൽ നടന്ന കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സൗഹൃദസംഗമം നീതി നിഷേധിക്കപ്പെടുന്നവരോടുള്ള ഐക്യദാർഢ്യ സംഗമമായി മാറി. ചരിത്രത്തിൽ സമാനതകളില്ലാത്ത ക്രൂരതകളാണ് ഇന്ന് ഫലസ്തീനിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും ഇതിനോട് ക്രിയാത്മകമായി പ്രതികരിക്കാൻ വേണ്ടപ്പെട്ടവർ തയാറാവുന്നില്ല എന്നത് ഏറെ ഖേദകരമാണെന്നും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
റിഫ ദിശ സെന്ററിൽ നടന്ന പരിപാടിയിൽ ബഹ്‌റൈനിലെ സാമൂഹിക, സാംസ്കാരിക, മത രംഗത്തെ നേതാക്കൾ പങ്കെടുത്തു. കേരളത്തിലെ പ്രമുഖ എഴുത്തുകാരനും സോഷ്യൽ ആക്റ്റിവിസ്റ്റുമായ ഡോ. അബ്ദുസ്സലാം അഹ്മദ് സംഗമം ഉദ്ഘാടനം ചെയ്തു. നീതി എന്നത് എല്ലാവർക്കും ലഭിക്കേണ്ട അവകാശങ്ങൾ ഉറപ്പ് വരുത്തലാണ്. ഇതിനാണ് പ്രവാചകൻ മുഹമ്മദ് നബി തന്റെ ജീവിത ദർശനത്തിലൂടെ ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ചിരുന്ന പ്രവാചകന്റെ ജീവിതം മാനുഷിക മൂല്യങ്ങൾക്ക് വില കൽപിക്കുന്ന നിലപാടുകളിലൂടെ ശ്രദ്ധേയമായിരുന്നു. ഭരണകൂട അനീതികള്‍ ഏറിവരുന്ന സമകാലിക കാലത്ത് കക്ഷിതാല്‍പര്യത്തിനപ്പുറം എല്ലാ മനുഷ്യര്‍ക്കും ലോകത്ത് നീതി ലഭിക്കണം. നീതികേടിന്റെ ഏറ്റെവും വലിയ ഉദാഹരണമാണ് ഇന്ന് ഫലസ്തീൻ. സംസ്കാരമില്ലാത്തവരും കാടന്മാരുമെന്നാണ് പാശ്ചാത്യലോകം നബിയുടെ കാലഘത്തിലുള്ളവരെ വിശേഷിപ്പിക്കാറുള്ളത്.
ആ കാലഘട്ടത്തിൽ പോലും ശത്രുവിന്റെ പക്ഷത്ത് നിന്നും സന്ധി സംഭാഷണങ്ങൾക്ക് വരുന്നവരോട് ഏറ്റവും മാന്യമായാണ് പെരുമാറാറുണ്ടായിരുന്നത്. എന്നാൽ ഇന്ന് സമാധാന ചർച്ചകൾക്ക് വിളിക്കുകയും എന്നിട്ട് അവരെ കൊല്ലുവാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്ന ലോകത്താണ് നാമിപ്പോൾ ജീവിച്ചു കൊണ്ടിരിക്കുന്നത്.
ദൈവം പ്രവാചകനെ നിയോഗിച്ചതും വേദപുസ്തകം അവതരിപ്പിച്ചതും ലോകത്ത് നീതിയും സമത്വവും സ്ഥാപിക്കാൻ വേണ്ടിയാണ്. നബിയുടെ സ്വഭാവം വിശുദ്ധ ഖുർആനായിരുന്നു. അതിന്റെ ജീവിക്കുന്ന പ്രായോഗിക മാതൃക അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ ലോകത്തിനു മുന്നിൽ അദ്ദേഹം വരച്ചു വെച്ചു. വിശ്വാസി സമൂഹത്തോടും നീതിയുടെ പൂർത്തീകരണത്തിന് വേണ്ടി നിലകൊള്ളാനാണ് അദ്ദേഹം കൽപിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ സ്കൂൾ എക്സിക്യുട്ടീവ് കമ്മിറ്റി ചെയർമാൻ അഡ്വ. ബിനു മണ്ണിൽ, ബഹ്‌റൈൻ ക്നാനായ ചർച്ച് വികാരി റവ. ഫാ. ജേക്കബ് ഫിലിപ് നടയിൽ, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ, മാധ്യമ പ്രവർത്തകൻ പ്രദീപ് പുറവങ്കര, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ഫ്രൻഡ്‌സ് സ്റ്റഡി സർക്ക്ൾ ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്‌വി എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
സാമൂഹിക പ്രവർത്തകരായ അസീൽ അബ്ദുറഹ്മാൻ, ഒ.ഐ.സി.സി കേന്ദ്ര സമിതി അംഗം റംഷാദ് അയിലക്കാട്, ഹുസൈൻ വയനാട്, പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദ്റുദ്ദീൻ പൂവാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ഫ്രൻഡ്‌സ് സ്റ്റഡി സർക്ക്ൾ പ്രസിഡന്റ് സുബൈർ എം.എം അധ്യക്ഷത വഹിച്ച പരിപാടിയിൽ വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ സ്വാഗതവും കേന്ദ്ര സമിതി അംഗം അബ്ദുൽ ഹഖ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

