ഫ്രൻഡ്സ് അസോസിയേഷൻ നേതാക്കൾ കാതോലിക്ക ബാവയുമായി കൂടിക്കാഴ്ച നടത്തി
text_fieldsഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ഭാരവാഹികൾ കാതോലിക്ക ബാവയുമായി കൂടിക്കാഴ്ച നടത്തുന്നു
മനാമ: ബഹ്റൈൻ സന്ദർശനത്തിനെത്തിയ പൗരസ്ത്യ കത്തോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുമായി ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി.
സ്വന്തം തനിമയിൽനിന്നുകൊണ്ട് തന്നെ ഇതര മതങ്ങളുമായും സമൂഹങ്ങളുമായും സഹകരണം സാധ്യമാവുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പരസ്പരമുള്ള സാഹോദര്യവും സ്നേഹവും കൂടുതൽ ആവശ്യമുള്ള ഒരു കാലഘട്ടമാണിത്.
മത -ജാതി ചിന്തകൾക്കപ്പുറം മനുഷ്യനന്മക്കുവേണ്ടി പ്രവർത്തിക്കാൻ എല്ലാവർക്കും സാധിക്കണം. നീതിയും സ്നേഹവുമാണ് സമൂഹത്തിൽ നിലനിൽക്കേണ്ടത്. അതിനായി കൂട്ടായ പ്രവർത്തനമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ നടത്തുന്ന പ്രവർത്തനങ്ങളെ നേതാക്കൾ കത്തോലിക്ക ബാവക്ക് പരിചയപ്പെടുത്തി.
ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലുമായും അതിന്റെ പ്രവർത്തകരുമായും ഹൃദ്യമായ ബന്ധമാണ് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പുലർത്തുന്നത്.
അസോസിയേഷൻ നടത്തിക്കൊണ്ടിരിക്കുന്ന വിവിധ സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹിക സേവനങ്ങളും പരിചയപ്പെടുത്തി. എല്ലാ സംഘടനകളും കൂട്ടായ്മകളും സാമൂഹിക പ്രവർത്തകരും മതനേതാക്കളുമായി സ്നേഹപൂർണമായ ബന്ധമാണ് അസോസിയേഷനുള്ളതെന്നും അവർ പറഞ്ഞു.
കൂടിക്കാഴ്ചയിൽ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ്വി, വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ, കേന്ദ്ര സമിതി അംഗം മുഹമ്മദ് മുഹിയുദ്ദീൻ, ദിശ സെന്റർ ഡയറക്ടർ അബ്ദുൽ ഹഖ്, മുതിർന്ന മാധ്യമപ്രവർത്തകൻ സോമൻ ബേബി, ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ. പോൾ മാത്യു എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

