കിങ് ഫഹദ് കോസ്വേയിൽ ഇനി സൗജന്യ വൈ-ഫൈ
text_fieldsമനാമ: കിങ് ഫഹദ് കോസ്വേ വഴി യാത്ര ചെയ്യുന്നവർക്ക് ഇനിമുതൽ അതിവേഗ ഇന്റർനെറ്റ് സൗജന്യമായി ആസ്വദിക്കാം. യാത്രക്കാരുടെ അനുഭവം കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായി കോസ്വേയിലെ ഡിപ്പാർച്ചർ പ്രോസസിങ് ഏരിയകളിൽ സൗജന്യ വൈ-ഫൈ സൗകര്യം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
യാത്രക്കാർക്ക് അതിർത്തി കടക്കുന്നതിനായി കാത്തിരിക്കേണ്ടി വരുന്ന സമയത്ത് സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ആശയവിനിമയം നടത്താനും, യാത്രാ സംബന്ധമായ വിവരങ്ങൾ പരിശോധിക്കാനും ജോലി സംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്യാനും ഈ സേവനം ഏറെ സഹായകരമാകും.
വിനിമയ കേന്ദ്രങ്ങളിലെ പുറപ്പെടൽ വിഭാഗത്തിലും നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന ഇടങ്ങളിലും വൈ-ഫൈ ലഭ്യമാണ്. യാത്രക്കാർക്ക് തടസ്സമില്ലാത്ത കണക്ടിവിറ്റി ഉറപ്പാക്കുകയും യാത്ര കൂടുതൽ ആധുനികവും സൗകര്യപ്രദവുമാക്കുക എന്നതുമാണ് ലക്ഷ്യം. വിനോദസഞ്ചാരികൾക്കും നിത്യേന യാത്ര ചെയ്യുന്നവർക്കും ബിസിനസ് യാത്രക്കാർക്കും ഒരുപോലെ പ്രയോജനപ്പെടും.
ലോകത്തിലെതന്നെ തിരക്കേറിയ അതിർത്തികളിൽ ഒന്നായ കിങ് ഫഹദ് കോസ്വേയിലെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നടപടി. കോസ്വേ അതോറിറ്റിയുടെ ഈ നീക്കത്തെ യാത്രക്കാർ വലിയ ആവേശത്തോടെയാണ് സ്വാഗതം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

