‘എജുകഫേ’ക്ക് സൗജന്യ രജിസ്ട്രേഷൻ; ഇബ്നു അൽ ഹൈതം സ്കൂൾ പ്രിൻസിപ്പലിന് ബ്രോഷർ കൈമാറി
text_fieldsഇബ്നു അൽ ഹൈതം സ്കൂൾ പ്രിൻസിപ്പൽ ഡോ. മുഹമ്മദ്
ത്വയിബിന് ബ്രോഷർ കൈമാറുന്നു
മനാമ: ഉപരിപഠനത്തിന് തയാറെടുക്കുന്ന വിദ്യാർഥികൾക്ക് വിജ്ഞാനത്തിന്റെയും കരിയറിന്റെയും അനന്തസാധ്യതകൾ പകർന്ന് ‘ഗൾഫ് മാധ്യമം’ ഡിസംബർ ആറ്, ഏഴ് തീയതികളിൽ ഇന്ത്യൻ ക്ലബിൽ സംഘടിപ്പിക്കുന്ന ‘എജുകഫേ’ക്ക് രജിസ്ട്രേഷൻ തികച്ചും സൗജന്യം. ‘എജുകഫേ’യുടെ ബ്രോഷർ ഇബ്നു അൽ ഹൈതം സ്കൂൾ പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ത്വയിബിന് ഗൾഫ് മാധ്യമം റീജനൽ മാനേജർ ജലീൽ അബ്ദുല്ല കൈമാറി.
വെള്ളി, ശനി ദിവസങ്ങളിലായി നടക്കുന്ന എജുകഫേയിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം. അഭിരുചി മനസ്സിലാക്കി ഇഷ്ടമുള്ള കോഴ്സുകളും കോളജുകളും സർവകലാശാലകളും തെരഞ്ഞെടുക്കാനുള്ള അസുലഭ അവസരമാണ് രണ്ടു ദിവസത്തെ മേള. രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും രജിസ്ട്രേഷനും പ്രവേശനവും സൗജന്യമാണ്.
നാട്ടിൽ മക്കൾ പഠിക്കുന്ന രക്ഷിതാക്കൾക്കും പങ്കെടുക്കാം. നാട്ടിലെയും ബഹ്റൈനടക്കം ജി.സി.സി രാജ്യങ്ങളിലെയും മറ്റു വിദേശരാജ്യങ്ങളിലേയും സർവകലാശാലകളുടെ കോഴ്സുകളെപ്പറ്റിയുള്ള വിവരങ്ങൾ മേളയിൽ ലഭിക്കും.
വിദ്യാഭ്യാസ -കരിയർ സ്ഥാപനങ്ങളുടെ പ്രദർശനങ്ങൾ, പ്രമുഖരുടെ ക്ലാസുകൾ, പരീക്ഷയെ വിജയകരമായി നേരിടാനുള്ള ടിപ്സ്, അഭിരുചി തിരിച്ചറിയാനുള്ള പ്രത്യേക ടെസ്റ്റ്, മോട്ടിവേഷൽ ക്ലാസുകൾ, ഉന്നത വിജയത്തിനാവശ്യമായ കൗൺസലിങ്, ആത്മവിശ്വാസം വർധിപ്പിക്കൽ, കരിയർ ഗൈഡൻസ്, തൊഴിൽ മേള എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച വൈകീട്ട് രണ്ടു മുതൽ രാത്രി എട്ടുവരെയും ശനിയാഴ്ച രാവിലെ 10 മുതൽ വൈകീട്ട് ആറുവരെയുമാണ് ‘എജുകഫേ’. https://www.myeducafe.com എന്ന ലിങ്കിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാം. QR കോഡ് സ്കാൻ ചെയ്തും രജിസ്റ്റർ ചെയ്യാം.

