ഐ.സി.ആർ.എഫ് തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
text_fieldsഐ.സി.ആർ.എഫ് സൗജന്യ മെഡിക്കൽ ക്യാമ്പ്
മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്), സാന്റി എക്സ്കവേഷൻ ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയിലെ തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അസ്കറിലെ ലേബർ അക്കമഡേഷനിൽ ക്യാമ്പ് നടന്നു. ഏകദേശം 300 തൊഴിലാളികൾ മെഡിക്കൽ ചെക്കപ്പും ഡോക്ടർമാരുടെ കൺസൽട്ടേഷനും പ്രയോജനപ്പെടുത്തി. ക്യാമ്പിൽ പങ്കെടുത്ത എല്ലാ തൊഴിലാളികൾക്കും ഭക്ഷണം വിതരണം ചെയ്തു.
അൽ ഹിലാൽ ഹോസ്പിറ്റൽ, അൽ റബീഹ് മെഡിക്കൽ സെന്റർ, മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്റർ, കിംസ് ഹെൽത്ത് ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും ക്യാമ്പിൽ സഹകരിച്ചു. ഇന്ത്യൻ എംബസി അസിസ്റ്റന്റ് കോൺസുലാർ ഓഫിസർ സുമൻ ഭട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സാന്റി എക്സ്കവേഷൻ കമ്പനി സി.ഒ.ഒ പ്രശാന്ത്, മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച ഐ.സി.ആർ.എഫിന് നന്ദി പറഞ്ഞു.

