വിദേശ സർട്ടിഫിക്കറ്റുകളുടെ പേരിൽ തട്ടിപ്പ്; അനധികൃത ഇൻസ്റ്റിറ്റ്യൂട്ട് പൂട്ടിച്ചു
text_fieldsമനാമ: വിദേശ സർട്ടിഫിക്കറ്റുകൾ വാഗ്ദാനം ചെയ്ത് വ്യാജരേഖകൾ നിർമിച്ച് നൽകിയിരുന്ന വിദ്യാഭ്യാസ സ്ഥാപനം പബ്ലിക് പ്രോസിക്യൂഷൻ പൂട്ടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനം നടത്തിയിരുന്ന ഏഷ്യക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൻ തട്ടിപ്പ് പുറത്തായത്.വിവിധ വിദേശ സർവകലാശാലകളുടേതെന്ന പേരിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റുകളാണ് ഇവർ നൽകിയിരുന്നത്. പണം വാങ്ങി പരീക്ഷയോ പഠനമോ കൂടാതെയാണ് ഇവ വിതരണം ചെയ്തതെന്നാണ് വിവരം.
വിദേശത്തുനിന്നുള്ള അക്കാദമിക് സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുമെന്ന് സോഷ്യൽ മീഡിയ വഴിയും മറ്റും പരസ്യം നൽകിയാണ് ഇവർ ആളുകളെ കബളിപ്പിച്ചിരുന്നത്.അധ്യാപനം നടത്താനോ സർട്ടിഫിക്കറ്റുകൾ നൽകാനോ ഉള്ള ഒരുവിധ ലൈസൻസും ഈ സ്ഥാപനത്തിന് ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ആന്റി കറപ്ഷൻ വിഭാഗം, ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി വിഭാഗം, വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായാണ് സ്ഥാപനത്തിൽ റെയ്ഡ് നടത്തിയത്. പരിശോധനയിൽ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾ, സാമ്പത്തിക രേഖകൾ, വ്യാജ സർട്ടിഫിക്കറ്റുകൾ എന്നിവ പിടിച്ചെടുത്തു. ക്ലാസ് റൂമുകൾക്ക് സമാനമായ രീതിയിൽ സജ്ജീകരിച്ചിരുന്ന സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടുകൾ പ്രോസിക്യൂഷൻ മരവിപ്പിച്ചു. വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത തകർക്കുന്ന ഇത്തരം സംഭവങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് സൈബർ ക്രൈം പ്രോസിക്യൂഷൻ മേധാവി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

