എസ്.എം.എസ് വഴി വ്യാജ ലിങ്കുകൾ അയച്ച് തട്ടിപ്പ് വ്യാപകം; പൊതുജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് അധികൃതർ
text_fieldsപ്രമുഖ ഡെലിവറി കമ്പനിയുടെ പേരിൽ വരുന്ന സന്ദേശം ട്രാഫിക്കിന്റെ പേരിൽ വരുന്ന വ്യാജ സന്ദേശം
മനാമ: വ്യാജ എസ്.എം.എസിലൂടെ പണം തട്ടാനുള്ള ശ്രമം രാജ്യത്ത് വ്യാപകമാകുന്നു. ട്രാഫിക് നിയമലംഘനങ്ങളുടെ പേരിലും ഡെലിവറി എന്ന പേരിലും വ്യാജമായി സന്ദേശം അയച്ചാണ് തട്ടിപ്പുകാർ രംഗത്തെത്തുന്നത്. പണം അടക്കാൻ ആവശ്യപ്പെട്ടുകൊണ്ട് അയക്കുന്ന എസ്.എം.എസ് സന്ദേശങ്ങൾക്കെതിരെ പൊതുജനങ്ങൾക്ക് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂറിറ്റി ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നൽകുന്ന ലിങ്ക് ക്ലിക്ക് ചെയ്താൽ ബാങ്ക് വിവരങ്ങളും മറ്റ് സ്വകാര്യവിവരങ്ങളുമടക്കം ചോർത്തപ്പെടുമെന്നാണ് അധികൃതർ പറയുന്നത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ പേരിലും പ്രമുഖ ഡെലിവറി കമ്പനിയുടെ പേരിലുമാണ് വ്യാജമായി സന്ദേശങ്ങൾ അയക്കുന്നത്.
ഇത്തരം സന്ദേശങ്ങളിൽ വരുന്ന ലിങ്കുകളിൽ ആരും ക്ലിക്ക് ചെയ്യരുതെന്നും ട്രാഫിക് ഫൈനുകൾ അടക്കുന്നതിന് ഔദ്യോഗികവും അംഗീകൃതവുമായ അപേക്ഷകളും വെബ്സൈറ്റുകളും മാത്രം ഉപയോഗിക്കണമെന്നും അധികൃതർ അറിയിച്ചു. വ്യാജ സന്ദേശങ്ങളെക്കുറിച്ച് പൊതുജനങ്ങൾ അതിജാഗ്രത പാലിക്കണമെന്നും തട്ടിപ്പിന് ഇരയാകുന്നവർ ഉടൻ ഡയറക്ടറേറ്റിലെ 992 എന്ന ഹോട്ട്ലൈൻ നമ്പറിൽ വിളിച്ച് വിവരമറിയിക്കണമെന്നും അധികൃതർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

