ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാകിസ്താൻ സ്വദേശിക്ക് 538 ദീനാർ നഷ്ടമായി
text_fieldsമനാമ: ബഹ്റൈനിലെ ഫുഡ് പാക്കിങ് മേഖലയിൽ ജോലി വാഗ്ദാനം ചെയ്ത് സോഷ്യൽ മീഡിയ വഴി നടന്ന തട്ടിപ്പിൽ പാകിസ്താൻ സ്വദേശിക്ക് ഏകദേശം 538 ബഹ്റൈൻ ദിനാർ നഷ്ടമായി. ആറ് മാസം മുമ്പാണ് സോഷ്യൽ മീഡിയ വഴി ഒരാൾ യുവാവുമായി ബന്ധപ്പെടുന്നത്.
വിസ നടപടികൾ പൂർത്തിയായ ശേഷം മാത്രം പണം നൽകിയാൽ മതിയെന്നായിരുന്നു വാഗ്ദാനം. ബഹ്റൈൻ, പാകിസ്താൻ നമ്പറുകൾ മാറി മാറി ഉപയോഗിച്ചാണ് തട്ടിപ്പുകാരൻ സംസാരിച്ചത്. വിശ്വാസം നേടിയെടുത്ത ശേഷം പല ഘട്ടങ്ങളിലായാണ് യുവാവിൽ നിന്ന് പണം വാങ്ങിയത്. യുവാവിന്റെ ശിപാർശയിൽ സുഹൃത്തിന്റെ സഹോദരനും ജോലിക്ക് അപേക്ഷിച്ചിരുന്നു. എന്നാൽ പണം കൈപ്പറ്റിയ ശേഷം വിസ നൽകുന്നതിൽ ഇയാൾ കാലതാമസം വരുത്താൻ തുടങ്ങി. രേഖകളിലെ പ്രശ്നങ്ങൾ കാരണമാണ് താമസമെന്ന് പറഞ്ഞ് മാസങ്ങളോളം യുവാവിനെ കബളിപ്പിച്ചു. ഒടുവിൽ ആശയവിനിമയങ്ങളെല്ലാം അവസാനിപ്പിച്ച പ്രതി യുവാവിനെ ബ്ലോക്ക് ചെയ്ത് മുങ്ങി.
അതിർത്തിക്ക് പുറത്തുള്ള ഇത്തരം തട്ടിപ്പുകൾ അന്വേഷിക്കുന്നത് സങ്കീർണ്ണമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ജോലി ആവശ്യങ്ങൾക്കായി പണം നൽകുന്നതിന് മുൻപ് ഏജൻസികളെയും വ്യക്തികളെയും കൃത്യമായി പരിശോധിക്കണമെന്ന് മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകി. തട്ടിപ്പുകാർ ആദ്യം നിങ്ങളുടെ വിശ്വാസം നേടിയെടുക്കും.
ജോലി വാഗ്ദാനം ചെയ്തുള്ള അഴിമതികളോ സാമ്പത്തിക ക്രമക്കേടുകളോ ശ്രദ്ധയിൽപ്പെട്ടാൽ ബഹ്റൈനിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ സെക്യൂരിറ്റിയുടെ 992 എന്ന ഹെൽപ് ലൈൻ നമ്പറിൽ ഉടൻ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

