സ്കൂൾ വാഹനത്തിൽ നാലു വയസ്സുകാരൻ മരിച്ച സംഭവം; കുറ്റം സമ്മതിച്ച് വനിത ഡ്രൈവർ
text_fieldsമരിച്ച ഹസൻ അൽ മഹരി
മനാമ: ബഹ്റൈനിൽ കിന്റർഗാർട്ടൻ ബസിനുള്ളിൽ ഉറങ്ങിപ്പോയ നാലു വയസ്സുകാരൻ മരിച്ച സംഭവത്തിൽ അറസ്റ്റിലായ അനധികൃത വനിത ഡ്രൈവർ കുറ്റം സമ്മതിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച ഡെമിസ്താനിലെ കിന്റർഗാർട്ടനിലേക്ക് പോകുന്നതിനിടെ വാഹനത്തിൽ ഉറങ്ങിപ്പോയ ഹസൻ അൽ മഹരി എന്ന കുട്ടിയാണ് മരിച്ചത്. ഡ്രൈവർ കുട്ടിയെ ശ്രദ്ധിക്കാതെ വാഹനം പൂട്ടി പോവുകയായിരുന്നു. കുട്ടിയെ കണ്ടെത്തുമ്പോഴേക്കും കടുത്ത ചൂടുമൂലമുള്ള തളർച്ച കാരണം കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
40 വയസ്സുള്ള ബഹ്റൈൻ പൗരയായ ഡ്രൈവർ, തനിക്ക് കുട്ടികളെ കൊണ്ടുപോകാനുള്ള മതിയായ ലൈസൻസ് ഇല്ലായിരുന്നിട്ടും നഴ്സറികളിലേക്കും സ്കൂളുകളിലേക്കും കുട്ടികളെ കൊണ്ടുപോയിരുന്നുവെന്ന് ചോദ്യംചെയ്യലിൽ സമ്മതിച്ചു. വാഹനത്തിനുള്ളിൽ കുട്ടി ഉണ്ടായിരുന്നത് ശ്രദ്ധിച്ചില്ലെന്നും അവർ സമ്മതിച്ചതായി പ്രോസിക്യൂഷൻ റിപ്പോർട്ട് ചെയ്തു. നോർത്തേൺ ഹമദ് ടൗൺ പൊലീസ് സ്റ്റേഷനിൽനിന്ന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തതെന്ന് ഫാമിലി ആൻഡ് ചൈൽഡ് പ്രോസിക്യൂഷൻ മേധാവി അറിയിച്ചു.
ചോദ്യംചെയ്യലിന് ശേഷം ഹസന്റെ മൃതദേഹം കുടുംബത്തിന് വിട്ടുനൽകാൻ പ്രോസിക്യൂഷൻ ഉത്തരവിട്ടു. കുട്ടിയുടെ ഖബറടക്കം ചൊവ്വാഴ്ച ബാർബാറിൽ നടന്നു. ഈ ദുരന്തത്തിന് പിന്നാലെ, ബഹ്റൈൻ പാർലമെന്റ് ചൊവ്വാഴ്ച ചേർന്ന പ്രതിവാര സെഷനിൽ ഒരു അടിയന്തര നിർദേശത്തിന് അംഗീകാരം നൽകിയിരുന്നു. കിന്റർഗാർട്ടനുകളും പൊതു-സ്വകാര്യ സ്കൂളുകളും ക്ലാസിൽ വരാത്ത കുട്ടികളുടെ വിവരം ഉടൻതന്നെ രക്ഷിതാക്കളെ അറിയിക്കണമെന്നും വിദ്യാർഥികളുടെ ക്ഷേമം ഉറപ്പാക്കാൻ കൂടുതൽ സാമൂഹിക സൂപ്പർവൈസർമാരെ നിയമിക്കണമെന്നും ഒരു കുട്ടിയെയും വാഹനത്തിൽ മറന്നുപോവുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഗതാഗത ദാതാക്കൾക്ക് ഒരു സംവിധാനം ഉണ്ടാക്കണമെന്നും നിർദേശത്തിലുണ്ട്.
രക്ഷിതാക്കളും സ്കൂളുകളും കിന്റർഗാർട്ടനുകളും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്തുക എന്നതാണ് ഈ നിർദേശത്തിന്റെ പ്രധാന ലക്ഷ്യമെന്ന് മെമ്മോറാണ്ടത്തിൽ വിശദീകരിക്കുന്നു. ഈ നിർദേശം മന്ത്രിസഭ അടിയന്തരമായി പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

