എ.എസ്.യുവിൽ നാല് പുതിയ പിഎച്ച്.ഡി
text_fieldsഎ.എസ്.യുവിലെയും ജോർഡനിലെ ഡബ്ല്യു.ഐ.എസ്.ഇയിലെയും അധികൃതർ കരാറൊപ്പിടൽ ചടങ്ങിൽനിന്ന്
മനാമ: പ്രാദേശികമായും അന്തർദേശീയമായും തങ്ങളുടെ അക്കാദമിക-ഗവേഷണ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അപ്ലൈഡ് സയൻസ് യൂനിവേഴ്സിറ്റി (എ.എസ്.യു) ജോർഡനിലെ വേൾഡ് ഇസ്ലാമിക് സയൻസസ് ആൻഡ് എജുക്കേഷൻ യൂനിവേഴ്സിറ്റിയുമായി (ഡബ്ല്യു.ഐ.എസ്.ഇ) ഒരു സുപ്രധാന സഹകരണ കരാറിൽ ഒപ്പുവെച്ചു. ഈ പങ്കാളിത്തത്തിലൂടെ ബിസിനസ് അഡ്മിനിസ്ട്രേഷൻ, അക്കൗണ്ടിങ്, പബ്ലിക് ലോ, പ്രൈവറ്റ് ലോ എന്നീ വിഷയങ്ങളിൽ നാല് പുതിയ പിഎച്ച്.ഡി പ്രോഗ്രാമുകൾക്ക് തുടക്കമാകും.
ഈ കരാർ ഇരു സ്ഥാപനങ്ങൾക്കുമിടയിൽ അക്കാദമിക സഹകരണം വർധിപ്പിക്കാനും നൂതന ശാസ്ത്ര ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കാനും അക്കാദമിക വൈദഗ്ധ്യം കൈമാറ്റം ചെയ്യാനും ലക്ഷ്യമിടുന്നു. സുസ്ഥിര വികസനത്തിന് സംഭാവന നൽകാനും തൊഴിൽ കമ്പോളത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാനും കഴിവുള്ള ഉന്നത യോഗ്യതയുള്ള ബിരുദധാരികളെ വാർത്തെടുക്കാൻ ഈ സംരംഭത്തിലൂടെ ഇരു സർവകലാശാലകളും ശ്രമിക്കുന്നു.സഹകരണ കരാർ ഒപ്പിടുന്ന ചടങ്ങിൽ ബഹ്റൈനിലെ ഹാഷെമൈറ്റ് കിങ്ഡം ഓഫ് ജോർഡന്റെ അംബാസഡറും ഡിപ്ലോമാറ്റിക് കോർപ്സ് ഡീനുമായ റമി സാലിഹ് വ്രൈകത്ത് അൽ അദ്വാൻ പങ്കെടുത്തു. എ.എസ്.യു ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ പ്രഫസർ വഹീബ് അൽ ഖാജയും സന്നിഹിതനായിരുന്നു. എ.എസ്.യു പ്രസിഡന്റ് പ്രഫസർ ഹാതം മസ്രിയും ഡബ്ല്യു.ഐ.എസ്.ഇ പ്രസിഡന്റ് പ്രഫസർ ജാഫർ അൽ ഫനാത്സെയും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്.ഈ പുതിയ കരാർ ഗവേഷകർക്കും ബിരുദാനന്തര വിദ്യാർഥികൾക്കും മികച്ച അവസരങ്ങൾ തുറന്നു നൽകുകയും അറബ് മേഖലയിലെ പ്രമുഖ പഠന-ഗവേഷണ കേന്ദ്രങ്ങൾ എന്ന നിലയിലുള്ള ഇരു സ്ഥാപനങ്ങളുടെയും പങ്ക് ശക്തിപ്പെടുത്തുകയുംചെയ്യും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

