ഈസ്റ്റ് സിത്രയിൽ രണ്ട് പുതിയ പള്ളികൾക്ക് ശിലയിട്ടു
text_fieldsഈസ്റ്റ് സിത്രയിൽ നിർമിക്കാൻ പോകുന്ന പുതിയ പള്ളികളുടെ ശിലാസ്ഥാപന കർമത്തിൽ നിന്ന്
മനാമ: ഈസ്റ്റ് സിത്ര ഹൗസിങ് പരിസരത്ത് വിശ്വാസികൾക്ക് ആശ്വാസമായി രണ്ട് പുതിയ പള്ളികളുടെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. പുതുതായി സ്ഥാപിതമായ ഈ കമ്മ്യൂണിറ്റിയിൽ നിർമിക്കപ്പെടുന്ന ആദ്യത്തെ ആരാധനാലയങ്ങളാണ് ഇവ. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശപ്രകാരം രാജ്യത്തുടനീളം 60 പള്ളികൾ തുറക്കാനും നവീകരിക്കാനുമുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി.
അൽ ബുറാഖ് എന്ന് പേരിട്ടിരിക്കുന്ന മസ്ജിദ് 2,003 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് നിർമിക്കുന്നത്. രണ്ട് നിലകളിലായി നിർമ്മിക്കുന്ന പള്ളിയിൽ 750 പേർക്ക് ഒരേസമയം പ്രാർഥിക്കാം. താഴത്തെ നില പുരുഷന്മാർക്കും മുകളിലത്തെ നില സ്ത്രീകൾക്കുമായാണ് നിർമിക്കുന്നത്. പള്ളിയുടെ നടത്തിപ്പിനായി നാല് വാണിജ്യ സ്ഥാപനങ്ങളും പാർക്കിങ് സൗകര്യവും ഇതിലുണ്ടാകും. രണ്ടാമത്തെ മസ്ജിദായ കുമൈൽ ബിൻ സിയാദ് മസ്ജിദ് 2,118 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് ഒരുങ്ങുന്നത്. 600 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള രണ്ട് നില കെട്ടിടമായാണ് നിർമിക്കുന്നത്. അഞ്ച് കടകൾ ഉൾപ്പെടുന്ന വാണിജ്യ സമുച്ചയവും വിശാലമായ പാർക്കിങും ഇതിന്റെ ഭാഗമാണ്. ജഫാരി വഖഫ് ഡയറക്ടറേറ്റ് ചെയർമാൻ യൂസഫ് അൽ സാലിഹ്, കാപ്പിറ്റൽ ട്രസ്റ്റീസ് ബോർഡ് ചെയർമാൻ സ്വാലിഹ് തറാദ, എം.പിമാരായ മൊഹ്സിൻ അൽ അസ്ബൂൽ, ജലീല അൽ സയ്യിദ് എന്നിവരടക്കം നിരവധി പ്രമുഖരും പ്രദേശവാസികളും ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

