മോഡൽ യു.എൻ കോൺഫറൻസിൽ നേട്ടം കൊയ്ത് മുൻ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി
text_fieldsനന്ദന ഉണ്ണികൃഷ്ണൻ
മനാമ: ഏഷ്യ-പസഫിക് മേഖലയിലെ ഏറ്റവും മികച്ച മോഡൽ യുനൈറ്റഡ് നാഷൻസ് കോൺഫറൻസുകളിൽ ഒന്നായ നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ വർഷംതോറും നടത്തിവരാറുള്ള മികച്ച കോൺഫറൻസുകളിൽ നേട്ടം കൊയ്ത് ഇന്ത്യൻ സ്കൂൾ ബഹ്റൈനിലെ മുൻ വിദ്യാർഥിനി നന്ദന ഉണ്ണികൃഷ്ണൻ.അക്കാദമിക് കൃത്യതക്ക് പേരുകേട്ട കോൺഫറൻസിൽ നയതന്ത്രം, മനുഷ്യാവകാശങ്ങൾ, സമാധാനം, സുരക്ഷ, നിലവിലെ ആഗോള കാര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള സംവാദത്തിനും സംഭാഷണത്തിനുമായുള്ള അന്താരാഷ്ട്ര വേദിയിലാണ് നന്ദനക്ക് മികച്ച നയരേഖക്കുള്ള അവാർഡ് ലഭിച്ചത്. ഇന്ത്യയിൽനിന്നുള്ള പത്തംഗ വിദ്യാർഥി പ്രതിനിധി സംഘത്തിലാണ് നന്ദന ഉൾപ്പെട്ടിരുന്നത്. ഇന്ത്യൻ സ്കൂളിൽനിന്ന് മികച്ച മാർക്കോടെ 12ാം ക്ലാസ് പൂർത്തിയാക്കിയ നന്ദന ഡൽഹി നേതാജി സുഭാഷ് യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലാണ് ഉപരിപഠനത്തിന് ചേർന്നത്. ഇവിടെ ഡിബേറ്റിങ് സൊസൈറ്റിയിൽ അംഗമായ നൂറുകണക്കിന് അപേക്ഷകരിൽനിന്നാണ് 10 പ്രതിനിധികളിൽ ഒരാളായി നന്ദന തെരഞ്ഞെടുക്കപ്പെട്ടത്.
സിംഗപ്പൂരിൽ നടന്ന നാലുദിവസത്തെ കോൺഫറൻസിൽ ഇന്ത്യൻ ടീം മികച്ച പ്രകടനം കാഴ്ചവെക്കുകയും നന്ദന അടക്കമുള്ള അഞ്ച് പ്രതിനിധികൾക്ക് വ്യത്യസ്ത അവാർഡുകൾ ലഭിക്കുകയും ചെയ്തു. ഐക്യരാഷ്ട്രസഭയുടെ ഓഫിസ് ഫോർ ഡിസ്ആർമമെന്റ് അഫയേഴ്സ് കൗൺസിലിൽ മികച്ച നയരേഖക്കുള്ള അവാർഡാണ് നന്ദനക്ക് ലഭിച്ചത്. ആനന്ദ് സഞ്ജെൻബാം (വെർബൽ മെൻഷൻ ), ധ്രുവ് റസ്തോഗി (മികച്ച പ്രതിനിധി), കൃതി സിംഗ് (വെർബൽ മെൻഷൻ), പ്രഞ്ജൽ സിങ് എന്നിവരാണ് ഇന്ത്യയിൽനിന്നുള്ള മറ്റ് അവാർഡ് ജേതാക്കൾ.പുരസ്കാര ജേതാക്കൾക്ക് പുറമെ പ്രതിനിധികളായ പുഷ്കർ, ജാൻവി, അർവ, നവ്യ, അർണവ് എന്നിവരെ അവരുടെ മികച്ച സംഭാവനകൾക്കും സെഷനുകളിൽ നടത്തിയ ഇടപെടലിനെ എക്സിക്യൂട്ടിവ് ബോർഡ് പ്രശംസിച്ചു. ആലപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെയും ഇന്ത്യൻ സ്കൂൾ അധ്യാപിക രേണുവിന്റെയും മകളാണ് നന്ദന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

