ഇന്ത്യൻ സ്കൂളിന്റെ മുൻ ചെയർമാൻ ലാൽചന്ദ് ഗജ്രിയ അന്തരിച്ചു
text_fieldsലാൽചന്ദ്
ഗജ്രിയ
മനാമ: ഇന്ത്യൻ സ്കൂളിന്റെ ചരിത്രത്തിലെ ആദരണീയ വ്യക്തിത്വങ്ങളിൽ ഒരാളും മുൻ ചെയർമാനുമായിരുന്ന ലാൽചന്ദ് ഗജ്രിയയുടെ നിര്യാണത്തിൽ ഇന്ത്യൻ സ്കൂൾ അധികൃതർ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. സമൂഹ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെയും ഉദാരതയുടെയും പ്രതീകമായിരുന്നു അദ്ദേഹം.
ഇന്ത്യൻ സ്കൂളിന്റെ അടിത്തറ പാകാൻ സഹായിച്ച ദീർഘവീക്ഷണമുള്ള നേതാവിനെയാണ് നഷ്ടമായത്. 1973 നവംബർ മുതൽ 1974 ഒക്ടോബർ വരെയാണ് ലാൽചന്ദ് ഗജ്രിയ ഇന്ത്യൻ സ്കൂളിന്റെ ചെയർമാനായി സേവനമനുഷ്ഠിച്ചത്. ഭരണകാലത്ത്, നിരവധി വെല്ലുവിളികളെ അതിജീവിച്ച് സ്ഥാപനത്തിന്റെ നിലവാരം ഉയർത്താൻ അദ്ദേഹം അക്ഷീണം പ്രവർത്തിച്ചു. പരേതനായ അമീർ ശൈഖ് ഈസ ബിൻ സൽമാൻ ആൽ ഖലീഫ ഔദാര്യപൂർവം സംഭാവന ചെയ്ത ഈസ ടൗണിലെ ഭൂമിയിൽ സ്കൂളിന്റെ വികസനത്തിന് അദ്ദേഹത്തിന്റെ പരിശ്രമം ഗണ്യമായി സഹായകമായി.
സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ഈ വേളയിൽ, ഇന്ത്യൻ സ്കൂളിന്റെ രൂപവത്കരണ വർഷങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ ആരാധനയോടെയും ആദരവോടെയും ഓർമിക്കുന്ന പേരാണ് ലാൽചന്ദ് ഗജ്രിയയുടേത്. ചെയർമാൻ സ്ഥാനമൊഴിഞ്ഞ ശേഷവും ലാൽചന്ദ് ഗജ്രിയയുടെ സംഭാവനകൾ ഇന്ത്യൻ സ്കൂളിന് ലഭിച്ചു.
2025 ജനുവരി 23ന് ഈസ ടൗൺ കാമ്പസിൽ നടന്ന പ്ലാറ്റിനം ജൂബിലിയുടെ ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം പങ്കെടുത്തിരുന്നു. ബാബു കേവൽറാം, നെവിൻ മെഗ്ചിയാനി എന്നിവരുൾപ്പെടെ പ്രമുഖ ബിസിനസ് നേതാക്കളെയും മനുഷ്യസ്നേഹികളെയും അദ്ദേഹം അന്ന് ഒപ്പം ചേർത്തു. 2019ൽ അദ്ദേഹം ഇന്ത്യൻ സ്കൂൾ ജൂനിയർ കാമ്പസിലേക്ക് 20 സ്മാർട്ട് ടി.വി സംഭാവന ചെയ്തു. ഇത് വിദ്യാർഥികളുടെ പഠനാനുഭവം വർധിപ്പിക്കുകയും വിദ്യാഭ്യാസ പുരോഗതിയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്തു. പ്രവാസി ഇന്ത്യൻ സംരംഭകർക്കിടയിൽ ലാൽചന്ദ് ഗജ്രിയ ഒരു മാതൃകാപരമായ വ്യക്തിത്വമായിരുന്നു. തന്റെ വേരുകളുമായി ആഴത്തിൽ ബന്ധപ്പെട്ട് ദീർഘകാല ബിസിനസ് പാരമ്പര്യം കെട്ടിപ്പടുത്ത ഒരു നേതാവായിരുന്നു അദ്ദേഹം. ഇന്ത്യൻ സ്കൂൾ ഉൾപ്പെടെയുള്ള സാമൂഹികക്ഷേമ സ്ഥാപനങ്ങൾക്ക് അദ്ദേഹം നൽകിയ പിന്തുണ, സമൂഹസേവനത്തിനായി സമർപ്പിച്ച അദ്ദേഹത്തിന്റെ ജീവിതത്തെ എടുത്തുകാണിക്കുന്നു. ലാൽചന്ദ് ഗജ്രിയയുടെ വിയോഗത്തിൽ ഇന്ത്യൻ സ്കൂൾ അധികൃതർ അഗാധമായ അനുശോചനം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

