ഒമ്പത് കിലോയിലധികം മയക്കുമരുന്നുമായി വിദേശികൾ പിടിയിൽ
text_fieldsമയക്കുമരുന്ന് വസ്തുക്കളുമായി പിടിയിലായ പ്രതികൾ
മനാമ: 1.4 ലക്ഷം ദിനാർ വിപണിമൂല്യമുള്ള ഒമ്പത് കിലോയിലധികം വരുന്ന മയക്കുമരുന്നുമായി വിവിധ രാജ്യക്കാരായ നിരവധി വ്യക്തികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് എവിഡൻസ് ജനറൽ ഡയറക്ടറേറ്റിന് കീഴിലുള്ള നാർകോട്ടിക്സ് വിരുദ്ധ വിഭാഗമാണ് പ്രതികളെ പിടികൂടിയത്. സംഭവങ്ങളെക്കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ, അടിയന്തര തിരച്ചിലുകളും അന്വേഷണങ്ങളും ആരംഭിച്ചിരുന്നു.
ഇത് പ്രതികളെ വേഗത്തിൽതന്നെ കണ്ടെത്താനും പിടികൂടാനുമായി. പിടിച്ചെടുത്ത എല്ലാ വസ്തുക്കളും ഔദ്യോഗികമായി സുരക്ഷിതമാക്കുകയും നിയമപരമായ നടപടികൾ ആരംഭിക്കുകയും ചെയ്തു. തുടർനടപടികൾക്കായി കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ജനറൽ ഡയറക്ടറേറ്റ് സ്ഥിരീകരിച്ചു.
മയക്കുമരുന്ന് ബോധവത്കരണത്തിലും പ്രതിരോധ ശ്രമങ്ങളിലും കമ്മ്യൂണിറ്റി പങ്കാളിത്തം ഒരു പ്രധാന ഘടകമായി തുടരുമെന്ന് ക്രിമിനൽ മീഡിയ ഡിവിഷൻ എടുത്തുപറഞ്ഞു. മയക്കുമരുന്ന് കടത്തുമായോ വിതരണവുമായോ ബന്ധപ്പെട്ട വിവരങ്ങൾ ഹോട്ട്ലൈൻ 996 വഴിയോ, പ്രധാന ഓപറേഷൻസ് സെന്ററായ 999 വഴിയോ അല്ലെങ്കിൽ 996@interior.gov.bh എന്ന ഇ-മെയിൽ വഴിയോ അധികൃതരെ അറിയിക്കാൻ താമസക്കാരോടും പൗരന്മാരോടും അധികൃതർ ആവശ്യപ്പെട്ടുട്ടുണ്ട്. എല്ലാ വിവരങ്ങളും പൂർണമായ രഹസ്യമായിത്തന്നെ കൈകാര്യം ചെയ്യുമെന്ന് അധികൃതർ ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

