കെ.ഇ ബഹ്‌റൈൻ ചാപ്റ്റർ ഇന്റർ ചർച്ച് ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു
text_fieldsകെ.ഇ ബഹ്‌റൈൻ ചാപ്റ്റർ ഇന്റർ ചർച്ച് സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ നിന്ന്
മനാമ: ക്രൈസ്തവ എഴുത്തുപുര (കെ.ഇ.) ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇന്റർ ചർച്ച് ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു. ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ അനീഷ് ഉമ്മൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
മൂന്ന് ദിവസങ്ങളിലായി നടന്ന ടൂർണമെന്റിൽ ബഹ്‌റൈനിലെ വിവിധ സഭകളെ പ്രതിനിധീകരിച്ച് എട്ടിലധികം ടീമുകൾ പങ്കെടുത്തു. മികച്ച പോരാട്ടം കാഴ്ചവെച്ച മത്സരങ്ങൾക്കൊടുവിൽ ആർച്ച് ഏഞ്ചൽസ് എഫ്.സി. ചാമ്പ്യന്മാരായി. സൽമാബാദ് സെവൻസ് എഫ്.സി. റണ്ണർ അപ്പും പെനീയേൽ എഫ്.സി. മൂന്നാം സ്ഥാനവും എ.ജി. വാരിയർ എഫ്.സി. നാലാം സ്ഥാനവും കരസ്ഥമാക്കി.
ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച വ്യക്തിഗത താരങ്ങളെ വിവിധ പുരസ്കാരങ്ങളും ട്രോഫികളും നൽകി ആദരിച്ചു. ടീമുകളുടെ മികച്ച പ്രകടനത്തിനും താരങ്ങളുടെ കായിക മികവിനും സംഘാടകർ അഭിനന്ദിച്ചു. ടൂർണമെന്റിന്റെ ഭാഗമായി അൽ ഹിലാൽ ആശുപത്രിയുടെ മെഡിക്കൽ സപ്പോർട്ടും ലഭ്യമായിരുന്നു. മത്സരങ്ങൾക്കിടെ ആവശ്യമായ മെഡിക്കൽ സഹായം ഉറപ്പാക്കുന്നതിന് ആശുപത്രിയുടെ സഹകരണം സംഘാടകർക്ക് സഹായകരമായി.
ക്രൈസ്തവ എഴുത്തുപുര ഡയറക്ടർ ജിൻസ് കെ. മാത്യു ചടങ്ങിൽ സന്നിഹിതനായിരുന്നു. കെ.ഇ. ബഹ്‌റൈൻ ചാപ്റ്റർ ജോയിന്റ് സെക്രട്ടറി ജോബിൻ ജോൺ ടൂർണമെന്റ് കോർഡിനേറ്ററായി പ്രവർത്തിച്ചു.
കെ.ഇ. എക്സിക്യൂട്ടീവ് അംഗങ്ങളായ സിജു ജോഷുവ, സാം സജി, യോഹന്നാൻ പാപ്പച്ചൻ, ജിബിൻ മാത്യു, ജോജു ജോസഫ്, അബിൻ വർഗീസ്, ബെനോയ് ജോസഫ്, ജസ്റ്റിൻ ജെ. മാത്യു, ഏണസ്റ്റ് തോമസ് എന്നിവർ ടൂർണമെന്റിന്റെ വിവിധ ഘട്ടങ്ങളുടെ സംഘാടനത്തിൽ നേതൃത്വം നൽകി. ചാപ്റ്റർ എക്സിക്യൂട്ടീവ് അംഗങ്ങളുടെയും പ്രവർത്തകരുടെയും കൂട്ടായ സഹകരണത്തോടെയാണ് ടൂർണമെന്റ് വിജയകരമായി പൂർത്തിയാക്കിയത്.
വിവിധ സഭകളിൽ നിന്നുള്ള യുവജനങ്ങളെയും വിശ്വാസികളെയും ഒരേ കായികവേദിയിൽ അണിനിരത്തിയ ടൂർണമെന്റ് സഭകൾ തമ്മിലുള്ള സൗഹൃദവും സഹോദര്യവും കൂടുതൽ ദൃഢമാക്കുന്നതിനും യുവജനങ്ങളുടെ കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും ശ്രദ്ധേയമായ വേദിയായി. കായികമത്സരങ്ങളിലൂടെ സഭകൾ തമ്മിലുള്ള കൂട്ടായ്മയും സൗഹൃദവും ശക്തിപ്പെടുത്തുന്നതിനുള്ള കെ.ഇ. ബഹ്‌റൈൻ ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾക്ക് ടൂർണമെന്റ് പുതിയ അധ്യായമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

