Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫുട്ബാൾ ഡയറി -...

ഫുട്ബാൾ ഡയറി - ഫുട്ബാളിനെ പ്രണയിച്ച കാലം

text_fields
bookmark_border
ഫുട്ബാൾ ഡയറി - ഫുട്ബാളിനെ പ്രണയിച്ച കാലം
cancel

ലോകത്തു ജാതിയുടെയും മതത്തിന്റെയും വർണ്ണത്തിന്റെയും മറ്റൊന്നിന്റെയും പേരിൽ മനുഷ്യനെ വേർതിരിക്കാത്ത ഏറ്റവും ജനകീയമായ വിനോദമാണ് ഫുട്ബാൾ. ഒരു ലോകകപ്പിന് കൂടി കളമൊരുങ്ങി. മറ്റെല്ലാ വ്യത്യാസങ്ങളും മറന്നു കൊണ്ട് ഭൂഗോളം ഒരു കാൽ പന്തിലേക്ക് ചുരുങ്ങുകയാണ്. ലോകം മുഴുവനും ഒന്നാവുകയാണ്. ഒരൊറ്റ ലഹരി, അതാണ് ഫുട്ബാൾ. ഏവരെയും പോലെ ജീവിതത്തിൽ ഫുട്ബോളിനെ പ്രണയിച്ചു നടന്ന ഒരു കാലം എനിക്കുമുണ്ട്.

പട്ടാമ്പി ഓങ്ങല്ലൂർ ആണ് എന്റെ നാട്. ഓങ്ങല്ലൂരിലെ നാട്ടിടവഴികളിലും കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലും എല്ലാം കൂട്ടുകാരോടൊത്തു ഫുട്ബാൾ കളിച്ചു നടന്ന കാലം ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓർമ്മകൾ ആണ് ഇന്നും. ഓങ്ങല്ലൂരിൽ ഞങ്ങളൊക്കെ കളിച്ചു വളർന്നത് സിയാൻ ക്ലബിലൂടെ ആണ്. ജിഷാർക്ക, സുധീർക്ക, പ്രകാശൻ, യൂസഫലിക്ക, കുട്ടിസെലി ഇവരൊക്കെയാണ് ക്ലബ്ബിലെ പ്രധാന കളിക്കാർ.

ഞങ്ങൾ അവരുടെയൊക്കെ കൂടെ ബൂട്ടൊക്കെ കെട്ടി കളിക്കാൻ തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. എന്നാലും അവർക്കൊക്കെ ഞങ്ങൾ കുട്ടികളോട് വലിയ സ്നേഹവും പ്രോത്സാഹനവും ഒക്കെ ആയിരുന്നു. ഞാനും, മുജീറും, ഉനൈസും പിന്നെ സുഹൃത്തും നാട്ടുകാരനും ഇന്ന് ഞങ്ങളുടെ നാടിന്റെ അഭിമാനവുമായ ഇപ്പോഴത്തെ വടകര എം.പി ഷാഫി പറമ്പിലും ഒക്കെയാണ് കുട്ടിക്കളിക്കാർ.

എല്ലാ ദിവസവും ബൂട്ടും എടുത്ത് കളിക്കാൻ പോകും. അന്നൊക്കെ ഉമ്മ പറയും.. വെല്യ ആൾക്കാരൊപ്പമാ അവന്റെ കളി. വല്ല കയ്യോ കാലോ മുറിച്ചിട്ട് ഇങ്ങോട്ട് വായോ. അന്നൊക്കെ സ്വന്തമായി ബൂട്ട് വാങ്ങാൻ ഒന്നും പൈസ ഉണ്ടാകില്ല. ആപ്പോൾ ആരുടെയെങ്കിലും ഒക്കെ ബൂട്ട് ഒക്കെ ഇട്ട് ആയിരിക്കും കളിക്കുക. എനിക്ക് ആദ്യമായി ബൂട്ട് വാങ്ങി കളിക്കാൻ തന്നത് ഇടക്ക് ഞങ്ങളെവിട്ടു പിരിഞ്ഞ ഞങ്ങൾ ഒയ്യ എന്ന് വിളിക്കുന്ന സിദ്ദിക്ക ആണ്. പുള്ളി വല്ലപ്പോഴും കളിക്കാൻ വരും ആപ്പോൾ കൊടുക്കണം എന്ന് മാത്രം. അല്ലാത്ത ദിവസമൊക്കെ എനിക്ക് കളിക്കാം.

ഓങ്ങല്ലൂർ പഞ്ചായത്ത്‌ ഗ്രൗണ്ടിനു പുറമെ പത്താം ക്ലാസ്സ്‌ വരെ പഠിച്ച ഷൊർണ്ണൂർ കെ വി ആർ ഹൈസ്കൂൾ ഗ്രൗണ്ടും കൂടാതെ പ്രീ ഡിഗ്രിക്കും ഡിഗ്രിക്കും പഠിച്ച പട്ടാമ്പി ഗവൺമെന്റ് കോളേജ് ഗ്രൗണ്ടും ഒക്കെ കളിച്ചു നടന്ന മൈതാനങ്ങൾ ആണ്. അന്ന് പട്ടാമ്പി കോളേജ് ടീമിൽ കൂടെയുണ്ടായിരുന്ന മുഹമ്മദ്‌ റസാഖ് ഇപ്പോഴും ബഹ്‌റൈനിൽ കൂടെയുണ്ട്.

വേൾഡ് കപ്പ് ആയാൽ പിന്നെ ഭയങ്കര ആവേശമാണ്.. എന്റെ വീട്ടിൽ പത്രം ഇല്ലാത്തതു കൊണ്ട് കൂട്ടുകാരൻ പൊന്നുട്ടന്റെ വീട്ടിൽ പാല് വാങ്ങാൻ പോകുമ്പോഴും ഓങ്ങല്ലൂരിലെ വായന ശാലയിൽ നിന്നുമൊക്കെയാണ് പത്ര വായന. പത്രം കിട്ടിയാൽ ആദ്യം വായിക്കുക സ്പോർട്സ് പേജ് ആണ്. അത് പോലെ സ്പോർട്സ് മാസികകളുടെ കൂടെ നമ്മുടെ ഇഷ്ട താരങ്ങളുടെ ഫോട്ടോകൾ ഉണ്ടാകും. 98ൽ നടന്ന ലോക കപ്പിൽ ബ്രസീലിന്റെ റൊണാൾഡോ ആയിരുന്നു എല്ലാവരുടെയും ഇഷ്ടതാരം. ഞാനൊക്കെ മുടിയൊക്കെ മൊട്ടയടിച്ചു റൊണാൾഡോ ആണെന്ന് പറഞ്ഞു നടക്കുകയായിരുന്നു.

കഴിഞ്ഞ തവണ ഖത്തറിൽ നടന്ന ലോക കപ്പ് കാണാൻ കുടുംബത്തോടും സുഹൃത്തുക്കളോടും ഒത്തു പോകാൻ കഴിഞ്ഞതും ഇഷ്ട ടീം ആയ ബ്രസീലിന്റെ കളി നേരിട്ട് കാണാൻ കഴിഞ്ഞതും ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങൾ ആണ്. മറ്റെല്ലാ ലഹരികൾക്കും നൽകാൻ കഴിയാത്ത എന്തോ ഒരു കിക്ക് ഫുട്ബോളിന്റെ കിക്കിനുണ്ട്. അത് കൊണ്ടാണ് ഫുട്ബോളിനെ ഇന്നും ലോകം മറ്റെല്ലാ അതിർവരമ്പുകൾക്കപ്പുറവും സ്നേഹിക്കുന്നത്.. നെഞ്ചിൽ ഏറ്റുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Football Diary - The time I fell in love with football
Next Story