2025ലെ ഭക്ഷ്യസുരക്ഷ; പരിശോധിച്ചത് 4.92 ലക്ഷം ടൺ ഭക്ഷ്യവസ്തുക്കൾ
text_fieldsകഴിഞ്ഞ വർഷം ഏകദേശം 78,000 ടൺ മാംസം ഇറക്കുമതി ചെയ്തു
മനാമ: രാജ്യത്തെ ഭക്ഷ്യസുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി 2025ൽ ബഹ്റൈൻ പരിശോധന നടത്തിയത് 4,92,000 ടൺ കാർഷിക-മൃഗ ഉൽപന്നങ്ങൾ. പൊതുജനാരോഗ്യം മുൻനിർത്തി ഇറക്കുമതി ചെയ്യുന്ന ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കാൻ മുൻസിപ്പാലിറ്റി, കാർഷിക കാര്യ മന്ത്രാലയം കർശന നടപടികളാണ് സ്വീകരിച്ചുവരുന്നത്.
കഴിഞ്ഞ വർഷം ഏകദേശം 1,74,000 കന്നുകാലികളെയും അധികൃതർ പരിശോധനക്ക് വിധേയമാക്കിയതായി കാർഷിക-മൃഗവിഭവ കാര്യ അണ്ടർസെക്രട്ടറി എൻജിനീയർ ആസിം അബ്ദുൽ ലത്തീഫ് അബ്ദുല്ല വ്യക്തമാക്കി. കൃത്യമായ നിരീക്ഷണം വഴി മാംസം, പച്ചക്കറികൾ, പഴങ്ങൾ എന്നിവയുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കാൻ സാധിച്ചു.
2025ൽ ഏകദേശം 78,000 ടൺ മാംസം ഇറക്കുമതി ചെയ്തു. ഇവയെല്ലാം കർശനമായ വെറ്ററിനറി പരിശോധനകൾക്ക് ശേഷമാണ് വിപണിയിലെത്തിയത്. പകർച്ചവ്യാധികൾ തടയുന്നതിനായി ജീവനുള്ള കന്നുകാലികളെ കർശനമായ ക്വാറന്റൈൻ പരിശോധനകൾക്ക് വിധേയമാക്കി. പച്ചക്കറികളും പഴങ്ങളും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അഗ്രികൾചറൽ ക്വാറന്റൈൻ വിഭാഗം പ്രത്യേക പരിശോധനകൾ നടത്തി. രാജ്യത്തെ വിവിധ പ്രവേശന കവാടങ്ങളിലായി 20,000ത്തിലധികം ക്ലിനിക്കൽ മൂല്യനിർണയങ്ങളും പരിശോധനകളും നടന്നിട്ടുണ്ടായിരുന്നു.
ഭക്ഷ്യലഭ്യത ഉറപ്പാക്കുന്നതിനൊപ്പം ഗുണനിലവാരത്തിൽ ജനങ്ങളുടെ വിശ്വാസം ആർജിക്കാനുമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രതിരോധ നിരീക്ഷണ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും എൻജിനീയർ ആസിം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

