ഭക്ഷ്യവസ്തുക്കളിൽ കൃത്രിമം കാണിച്ച കേസ്; കമ്പനിയുടെ പ്രവർത്തനം നിർത്തിവെക്കാനുള്ള തീരുമാനം അപ്പീൽ കോടതി റദ്ദാക്കി
text_fieldsമനാമ: ഭക്ഷ്യവസ്തുക്കളിൽ കൃത്രിമം കാണിച്ച കേസിൽ കമ്പനിയുടെ പ്രവർത്തനം നിർത്തിവെക്കാനുള്ള തീരുമാനം അപ്പീൽ കോടതി റദ്ദാക്കി. അതേസമയം, കേസിൽ ഉൾപ്പെട്ട കമ്പനി ഉടമകൾക്കും ജീവനക്കാർക്കും ഏർപ്പെടുത്തിയ മറ്റ് ശിക്ഷകൾ ഹൈ ക്രിമിനൽ അപ്പീൽ കോടതി ശരിവെച്ചു. കാലഹരണപ്പെട്ട ഭക്ഷ്യവസ്തുക്കളുടെ തീയതികളിൽ മാറ്റം വരുത്തിയ കേസിൽ രണ്ട് വ്യവസായികളും ഒരു മാനേജരും 19 ജീവനക്കാരുമുൾപ്പെടെ 22 പേരെയാണ് ജൂലൈയിൽ ലോവർ ക്രിമിനൽ കോടതി ശിക്ഷിച്ചത്. ഈ കുറ്റകൃത്യങ്ങളിൽ പങ്കാളികളായതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇവർക്കെതിരെ നടപടിയെടുത്തത്. കമ്പനിയുടെ ഉടമകളിലൊരാൾക്ക് മൂന്നുവർഷം തടവും ഒരു ലക്ഷം ബഹ്റൈൻ ദീനാർ പിഴയും വിധിച്ചിരുന്നു. അദ്ദേഹത്തിന്റെ സഹോദരനും മറ്റൊരു ഉടമയുമായ വ്യക്തിക്ക് 1,01,000 ബഹ്റൈൻ ദീനാറാണ് പിഴയിട്ടത്. മാനേജർക്ക് മൂന്ന് വർഷം തടവ് ശിക്ഷ ലഭിച്ചപ്പോൾ, സ്ഥാപനത്തിലെ മറ്റ് 19 ഏഷ്യൻ ജീവനക്കാർക്ക് രണ്ടുവർഷം വീതമാണ് തടവുശിക്ഷ വിധിച്ചത്. രണ്ട് കമ്പനികളുടെയും എല്ലാ റീട്ടെയിൽ ഔട്ട്ലറ്റുകളും ആറ് മാസത്തേക്ക് അടച്ചുപൂട്ടാനും ഓരോ ഔട്ട്ലറ്റിനും 10,000 ബഹ്റൈൻ ദിനാർ പിഴയടക്കാനും മുമ്പ് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ഒരു കമ്പനിയെ സംബന്ധിച്ച ഈ പിഴയാണ് ഇപ്പോൾ അപ്പീൽ കോടതി റദ്ദാക്കിയിരിക്കുന്നത്.
ശിക്ഷാകാലാവധി പൂർത്തിയാക്കിയശേഷം എല്ലാ വിദേശപ്രതികളെയും നാടുകടത്താനും കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളും തീയതി മാറ്റാൻ ഉപയോഗിച്ച ഉപകരണങ്ങളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. വ്യവസായ വാണിജ്യ മന്ത്രാലയം ഇതിനകം ആയിരക്കണക്കിന് ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചിട്ടുണ്ട്. ഒരാഴ്ചക്കിടെ 21 ട്രക്ക് നിറയെ കേടായ ശീതീകരിച്ച മാംസം, കോഴിയിറച്ചി, നട്സ്, മധുരപലഹാരങ്ങൾ എന്നിവയാണ് അസ്കർ ലാൻഡ്ഫില്ലിൽ നീക്കം ചെയ്തത്.
തട്ടിപ്പ് പ്രവർത്തനങ്ങൾക്കെതിരെ ഒരു ജീവനക്കാരൻ നൽകിയ പരാതിയിലാണ് പ്രമുഖ സ്ഥാപനങ്ങൾക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചത്. ഭക്ഷ്യവസ്തുക്കളുടെ ആരോഗ്യവും സുരക്ഷയും പരമപ്രധാനമാണെന്നും അതിനാൽ ഭക്ഷ്യമേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എല്ലാ നിയമങ്ങളും പാലിക്കണമെന്നും ഫസ്റ്റ് ചീഫ് പ്രോസിക്യൂട്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

